നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ…

നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത്

അബൂ സഅ്ലബ അൽ-ഖുശനി (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത്."

[قال النووي: حديث حسن] [رواه الدارقطني في سننه وغيره]

الشرح

നബി (ﷺ) അറിയിക്കുന്നു: അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്; അവയെല്ലാം നിങ്ങൾ മുറുകെ പിടിക്കുക; അവ ഉപേക്ഷിക്കുകയോ അതിൽ അശ്രദ്ധ കാണിക്കുകയോ ചെയ്യരുത്. അല്ലാഹു തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് നിങ്ങളെ തടയുകയും വിലക്കുകയും ചെയ്യുന്ന ചില അതിരുകളും നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു; അതിനാൽ, ഇസ്‌ലാമിൽ കൽപ്പിച്ചതിനേക്കാൾ കൂടുതൽ നിങ്ങൾ അതിൽ വർദ്ധിപ്പിക്കരുത്. അവൻ ചില കാര്യങ്ങൾ ഹറാമാക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ നിങ്ങൾ അവ പ്രവർത്തിക്കുകയോ അവയോട് അടുക്കുകയോ ചെയ്യരുത്. ഈ പറഞ്ഞതിൽ പെടാത്ത കാര്യങ്ങളെ കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; അത് അവന്റെ അടിമകളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ അടിസ്ഥാനപരമായി കാര്യങ്ങളെല്ലാം അനുവദനീയമാണ് എന്ന നിയമത്തിൻ്റെ പരിധിയിൽ അവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; അതിനാൽ അവയെ കുറിച്ച് നിങ്ങൾ അന്വേഷിക്കരുത്.

فوائد الحديث

അല്ലാഹുവാണ് നിയമങ്ങളും വിധിവിലക്കുകളും നിശ്ചയിക്കുന്നവൻ. കാര്യങ്ങളെല്ലാം അവൻ്റെ നിയന്ത്രണത്തിലാണ് എന്നതിന് ഈ ഹദീഥ് തെളിവാണ്.

ഇസ്‌ലാമിലെ വിധിവിലക്കുകൾ (നിർബന്ധം (വാജിബ്), ഐഛികം (സുന്നത്ത്), നിഷിദ്ധം (ഹറാം), വെറുക്കപ്പെട്ടത് (മക്റൂഹ്)) എന്നിവയുടെയും അനുവദിക്കപ്പെട്ട കാര്യങ്ങളുടെയും (മുബാഹ്) അടിസ്ഥാനങ്ങൾ ഈ ഹദീഥ് ഉൾക്കൊണ്ടിരിക്കുന്നു. കാരണം, ഒരു വിഷയത്തിൻ്റെ വിധി എന്താണെന്നതിനെ കുറിച്ച് ഒന്നുകിൽ ദീൻ മൗനം പാലിക്കുകയോ അല്ലെങ്കിൽ വ്യക്തമായി വിവരിക്കുകയോ ചെയ്തിട്ടുണ്ടായിരിക്കും. വിധി വിവരിക്കപ്പെട്ടത് ഒന്നുകിൽ കൽപ്പിക്കപ്പെട്ടതോ അല്ലെങ്കിൽ വിലക്കപ്പെട്ടതോ ആയിരിക്കും. കൽപ്പിക്കപ്പെട്ടത് ഒന്നുകിൽ നിർബന്ധമായോ ഐഛികമോ ആയിരിക്കാം. വിലക്കപ്പെട്ടത് നിഷിദ്ധമോ (ഹറാം) വെറുക്കപ്പെട്ടതോ (മക്റൂഹ്) ആയിരിക്കാം. ഈ പറഞ്ഞതിൽ ഉൾപ്പെടാത്തത് അനുവദനീയമായതിലും ഉൾപ്പെടും.

അല്ലാഹു മൗനം പാലിച്ചതും നിർബന്ധമാക്കാത്തതും അതിരുകൾ നിശ്ചയിക്കാത്തതും വിലക്കാത്തതുമായ കാര്യങ്ങൾ ഹലാലാണ് (അനുവദനീയം).

നബി(ﷺ)യുടെ വിവരണങ്ങളിലെ മനോഹാരിത ശ്രദ്ധിക്കുക; വിഷയങ്ങൾ വ്യക്തമായി വിഭജിച്ചു കൊണ്ടും വേർതിരിച്ചു കൊണ്ടുമാണ് അവിടുന്ന് പഠിപ്പിച്ചത്.

അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പാഴാക്കാതെ സംരക്ഷിക്കുക എന്നത് നിർബന്ധമാണ്.

അല്ലാഹുവിന്റെ അതിരുകൾ ലംഘിക്കുന്നത് ഹറാമാണ്.

التصنيفات

ശിക്ഷാവിധികൾ