ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും…

ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു. അവൻ്റെ വിചാരണ അല്ലാഹുവിങ്കലാണ്

ത്വാരിഖ് ബ്നു അശ്‌യം അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു. അവൻ്റെ വിചാരണ അല്ലാഹുവിങ്കലാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് നാവ് കൊണ്ട് പറയുകയും സാക്ഷ്യം വഹിക്കുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും, ഇസ്‌ലാമിന് പുറമെയുള്ള എല്ലാ മതങ്ങളിൽ നിന്നും ബന്ധവിഛേദനം നടത്തുകയും ചെയ്താൽ അവൻ്റെ ജീവനും സമ്പാദ്യവും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പവിത്രമായിരിക്കുന്നു. ഈ വാക്ക് പറഞ്ഞവരുടെ പ്രത്യക്ഷമായ പ്രവർത്തനങ്ങളെ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ; അവൻ്റെ സമ്പത്ത് അവനിൽ നിന്ന് എടുക്കപ്പെടുകയോ അവൻ്റെ രക്തം ചിന്തപ്പെടുകയോ ചെയ്യാവതല്ല. എന്നാൽ ഇസ്‌ലാമിക രാജ്യത്തുള്ള ശിക്ഷാനടപടികൾക്ക് വിധേയമാകാൻ കാരണമാകുന്ന എന്തെങ്കിലും പ്രവർത്തിച്ചാൽ അതിൻ്റെ നടപടികൾ സ്വീകരിക്കപ്പെടുന്നതായിരിക്കും. അവൻ്റെ വിചാരണ അല്ലാഹുവിങ്കലായിരിക്കും; അവൻ സത്യസന്ധമായാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞതെങ്കിൽ അല്ലാഹു അതിന് പ്രതിഫലം നൽകുന്നതാണ്. അവൻ കപടവിശ്വാസിയായിരുന്നെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷ അവനെ ബാധിക്കുന്നതാണ്.

فوائد الحديث

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിക്കുകയും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്യുക എന്നത് ഒരാൾ മുസ്‌ലിമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്.

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെയും ഖബ്റുകളെയും മറ്റുമെല്ലാം നിഷേധിക്കുകയും ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കുകയും ചെയ്യുക എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം

ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് തൗഹീദ് പ്രാവർത്തികമാക്കുകയും, ഇസ്‌ലാമിക മതനിയമങ്ങൾ പ്രകടമായി പാലിക്കുകയും ചെയ്യുന്നെങ്കിൽ അതിന് വിരുദ്ധമായത് അവനിൽ നിന്ന് വ്യക്തമാകുന്നത് വരെ അവനെ യാതൊരു ഉപദ്രവവുമേൽപ്പിക്കരുത്.

മുസ്‌ലിമിൻ്റെ ജീവനും സമ്പത്തും അഭിമാനവും പവിത്രമാണ്; അന്യായമായി അവയിൽ കൈകടത്താൻ പാടില്ല.

ഇഹലോകത്ത് മനുഷ്യരെ കുറിച്ച് വിധിപറയാനുള്ള അടിസ്ഥാനം അവരിൽ നിന്ന് ബാഹ്യമായി കാണുന്ന കാര്യങ്ങൾ മാത്രമാണ്. എന്നാൽ പരലോകത്ത് ഉദ്ദേശവും (പ്രവർത്തനങ്ങളുടെ പിന്നിലുള്ള) ലക്ഷ്യങ്ങളുമായിരിക്കും മാനദണ്ഡം

التصنيفات

ആരാധ്യതയിലുള്ള ഏകത്വം