നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان…

നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم» "അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ അതീവ മഹത്വമുള്ള തിരുവദനം കൊണ്ടും, അനാദിയായ അവൻ്റെ ആധിപത്യം മുഖേനയും ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു

അബ്ദുല്ലാഹി ബ്‌നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم» "അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ അതീവ മഹത്വമുള്ള തിരുവദനം കൊണ്ടും, അനാദിയായ അവൻ്റെ ആധിപത്യം മുഖേനയും ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു." (അബ്ദുല്ലാഹിബ്നു അംറിൽ നിന്ന് ഈ ഹദീഥ് കേട്ടയാൾ അദ്ദേഹത്തോട് ചോദിച്ചു): ഇത്ര മതിയോ?! അദ്ദേഹം പറഞ്ഞു: "അതെ!" നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ ഇപ്രകാരം പറഞ്ഞാൽ പിശാച് പറയും: "ഇന്നേ ദിവസം മുഴുവൻ അവന് എന്നിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടിരിക്കുന്നു."

[ഹസൻ] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: أَعُوذُ بِاللَّهِ العَظِيمِ: അല്ലാഹുവിനോട് അവൻ്റെ വിശേഷണങ്ങൾ മുൻനിർത്തി ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു. وَبِوَجْهِهِ الكَرِيمِ: ഉദാരവാനും അങ്ങേയറ്റം ദാനം നൽകുന്നവനുമായ അല്ലാഹുവിൻ്റെ തിരുമുഖം മുൻനിർത്തി. وَسُلْطَانِهِ: അല്ലാഹുവിൻ്റെ അധീശത്വവും ശക്തിയും അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് മേലുള്ള അവൻ്റെ അധികാരവും മുൻനിർത്തി കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. القَدِيمِ: തുടക്കമില്ലാത്തതും എന്നും നിലനിൽക്കുന്നതുമായ (അധികാരം കൊണ്ട്). مِنَ الشَّيْطَانِ الرَّجِيمِ: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന്. അതായത്; പിശാചിൻ്റെ ദുർമന്ത്രണങ്ങളിൽ നിന്നും അവൻ എന്നെ വഴിതെറ്റിക്കുന്നതിൽ നിന്നും, അവൻ്റെ കാൽവെപ്പുകളിൽ നിന്നും അവൻ്റെ പക്കൽ നിന്നുള്ള ദുഷിച്ച തോന്നലുകളിൽ നിന്നും വഴിപിഴപ്പിക്കലിൽ നിന്നും തിന്മകളെ അവൻ എനിക്ക് ഭംഗിയാക്കി തോന്നിപ്പിക്കുന്നതിൽ നിന്നുമെല്ലാം നീ എന്നെ രക്ഷിക്കേണമേ! അവനാകുന്നു വഴികേടിലേക്കും വിവരക്കേടിലേക്കും പ്രേരണ നൽകുന്നവനും, പിഴച്ച മാർഗത്തിലേക്ക് എത്തിപ്പെടുന്നതിൻ്റെ കാരണവും. ഈ ഹദീഥ് നിവേദനം ചെയ്ത അബ്ദുല്ലാഹി ബ്നു അംറിനോട് കേട്ടുനിന്നവരിൽ ഒരാൾ ചോദിച്ചു: "നബി -ﷺ- ഇത്ര മാത്രമായിരുന്നോ പറഞ്ഞത്?" അദ്ദേഹം പറഞ്ഞു: "അതെ." ഒരാൾ മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലിയാൽ പിശാച് പറയുന്നതാണ്: ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് മസ്ജിദിലേക്ക് പ്രവേശിച്ച ഈ മനുഷ്യൻ എന്നിൽ നിന്ന് -പകലിലും രാത്രിയിലും- സംരക്ഷണം നേടിയിരിക്കുന്നു.

فوائد الحديث

മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത. അവൻ്റെ ബാക്കിയുള്ള ദിവസം മുഴുവൻ പിശാചിൽ നിന്ന് അവന് അതിലൂടെ രക്ഷ ലഭിക്കുന്നു.

പിശാചിൽ നിന്നുള്ള താക്കീത്; അവൻ എപ്പോഴും മുസ്‌ലിമിനെ വഴിപിഴപ്പിക്കാൻ തക്കം പാർത്തിരിക്കുന്നു.

ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ഒരാൾ എത്രമാത്രം ഹൃദയസാന്നിദ്ധ്യത്തോടെയും ഈ പ്രാർഥനക്കുള്ള ഫലത്തിൽ വിശ്വസിച്ചു കൊണ്ടുമാണോ ചെല്ലുന്നത്; അതിനനുസരിച്ചായിരിക്കും അവന് പിശാചിൻ്റെ വഴിപിഴപ്പിക്കലിൽ നിന്ന് ദുർമന്ത്രണത്തിൽ നിന്നും രക്ഷ നൽകപ്പെടുക.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, മസ്ജിദിൽ പ്രവേശിക്കുമ്പോഴും, അവിടെ നിന്ന് പുറത്തു പോകുമ്പോഴും ചൊല്ലേണ്ട ദിക്റുകൾ