നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ…

നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ ഭക്ഷിക്കുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ (കാഫിറുകൾ) ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ നിവേദനം: അവർ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെടുകയും, ഒരു മജൂസി അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. എന്നാൽ മജൂസി അദ്ദേഹത്തിൻ്റെ കയ്യിൽ പാത്രം വെച്ചു നൽകിയപ്പോൾ അദ്ദേഹം അത് എറിഞ്ഞു കളഞ്ഞു. അദ്ദേഹം പറഞ്ഞു: "ഒന്നും രണ്ടും തവണയിലധികം ഇക്കാര്യം ഞാൻ അവനോട് വിലക്കിയിട്ടില്ലായിരുന്നെങ്കിൽ..." (ഞാൻ ഇപ്രകാരം ചെയ്യില്ലായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്). ശേഷം അദ്ദേഹം പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ ഭക്ഷിക്കുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ (കാഫിറുകൾ) ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

പുരുഷന്മാർ എല്ലാ തരത്തിലുള്ള പട്ടുകളും ധരിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. അതോടൊപ്പം സ്വർണ്ണത്തിൻ്റെയോ വെള്ളിയുടെയോ പാത്രങ്ങളിൽ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും നബി -ﷺ- വിലക്കിയിരിക്കുന്നു. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങൾ പരലോകത്ത് മുഅ്മിനീങ്ങൾക്ക് മാത്രമായിരിക്കും എന്നും, അതിന് കാരണം അവർ അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് ഇഹലോകത്ത് അവ ഉപേക്ഷിച്ചതാണെന്നും നബി -ﷺ- അതോടൊപ്പം അറിയിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഇക്കാര്യം പരലോകത്ത് ലഭിക്കുന്നതല്ല. കാരണം ഇഹലോകത്ത് തന്നെ അവർ എല്ലാ സുഖാനുഗ്രഹങ്ങളും നേരത്തെ ആസ്വദിച്ചു തീർക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്തിരിക്കുന്നു.

فوائد الحديث

പട്ടും ദീബാജും ധരിക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധമാണ്. അവ ധരിക്കുന്നവർക്ക് കഠിനമായ ശിക്ഷയെ പറ്റിയുള്ള താക്കീതുണ്ട്.

പട്ടും ദീബാജും സ്ത്രീകൾക്ക് ധരിക്കാൻ അനുവാദമുണ്ട്.

സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങളിലും കോപ്പകളിലും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ നിഷിദ്ധമാണ്.

മജൂസിയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തിരുത്തുന്നതിൽ കടുത്ത ശൈലിയാണ് ഹുദൈഫ -رَضِيَ اللَّهُ عَنْهُ- സ്വീകരിച്ചത്. ഇതിന് മുൻപ് ഒന്നിലധികം തവണ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രം ഉപയോഗിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയിട്ടും അയാൾ അത് അവസാനിപ്പിച്ചില്ല എന്നതാണ് തൻ്റെ കടുത്ത ശൈലിക്ക് കാരണം എന്ന് അദ്ദേഹം വിവരിക്കുകയും ചെയ്തു.

التصنيفات

വസ്ത്രത്തിലെ മര്യാദകൾ