ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ)…

ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ) വെറുക്കാൻ പാടില്ല. അവളിൽ ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ) വെറുക്കാൻ പാടില്ല. അവളിൽ ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഭാര്യയോട് അതിക്രമം പ്രവർത്തിക്കുകയും അവളെ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന വിധത്തിൽ അവളെ വെറുക്കുന്നതിൽ നിന്നും നബി -ﷺ- ഭർത്താക്കന്മാരെ വിലക്കുന്നു. മനുഷ്യർ കുറവുകളും ന്യൂനതകളും ഉള്ളവരായി കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തൻ്റെ ഭാര്യയിലുള്ള ഒരു മോശം സ്വഭാവം ഒരാൾക്ക് അനിഷ്ടമുണ്ടാക്കുന്നെങ്കിൽ അവന് ഇഷ്ടമുണ്ടാക്കുന്ന മറ്റെന്തെങ്കിലും നല്ല സ്വഭാവവും അവളിൽ കണ്ടെത്താൻ സാധിക്കും. ഭാര്യയോട് ഇണക്കമുണ്ടാക്കുന്ന നന്മയിൽ അവളെ തൃപ്തിപ്പെടുകയും, അവളിൽ നിന്ന് അനിഷ്ടമുണ്ടാക്കുന്ന കാര്യത്തിൽ ക്ഷമിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഈ രീതിയിൽ തുടരുന്നത് അയാൾക്ക് ക്ഷമ നൽകുകയും, അവളെ പിരിയുന്നതിലേക്ക് എത്തിക്കുന്ന രൂപത്തിലുള്ള വെറുപ്പ് ഉണ്ടാകാതെ അയാളെ സഹായിക്കുകയും ചെയ്യും.

فوائد الحديث

ഭാര്യയുമായി ഉടലെടുക്കുന്ന ഭിന്നിപ്പുകളിൽ നീതിയുക്തവും ബുദ്ധിപരവുമായി തീരുമാനമെടുക്കാൻ ഓരോ വിശ്വാസിയെയും നബി -ﷺ- ഉണർത്തുന്നു. വൈകാരികതയിലേക്കും പെട്ടെന്നുള്ള എടുത്തുചാട്ടങ്ങളിലേക്കും വീണുപോകരുതെന്നുമുള്ള ഓർമപ്പെടുത്തലും അതിലുണ്ട്. അവക്കനുസരിച്ചല്ല ഒരാൾ തീരുമാനമെടുക്കേണ്ടത്.

അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന മുഅ്മിൻ തൻ്റെ മുഅ്മിനത്തായ ഭാര്യയോട് പരിപൂർണ്ണമായ വെറുപ്പ് വെച്ചു പുലർത്തി, അതിലൂടെ ബന്ധം പിരിയുന്ന അവസ്ഥയിലേക്ക് എത്തുക എന്നത് സംഭവിച്ചു കൂടാ. മറിച്ച്, തനിക്ക് അവളിൽ ഇഷ്ടമുണ്ടാക്കുന്ന കാര്യങ്ങൾ ഓർത്തു കൊണ്ട് അവളിൽ നിന്നുണ്ടാകുന്ന അനിഷ്ടകരമായ കാര്യങ്ങളെ അവഗണിക്കാൻ അയാൾക്ക് സാധിക്കണം.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല സഹവാസം കാത്തുസൂക്ഷിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.

അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള വിശ്വാസം മാന്യമായ സ്വഭാവങ്ങളിലേക്ക് നയിക്കേണ്ടതാണ്. ഒരു വിശ്വാസിയായ പുരുഷനോ സ്ത്രീയോ യാതൊരു നല്ല സ്വഭാവവും ഇല്ലാത്തവനാകില്ല. കാരണം അവരുടെ വിശ്വാസം നല്ല സ്വഭാവങ്ങൾ അവരിൽ ഉണ്ടാക്കാൻ പര്യാപ്തമാണ്.

التصنيفات

നികാഹ് (വിവാഹം), സ്ത്രീകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ