ജനങ്ങൾക്ക് കടം കൊടുക്കുന്ന ഒരാളുണ്ടായിരുന്നു; തൻ്റെ പണിക്കാരനോട് അയാൾ പറയുമായിരുന്നു: പ്രയാസം…

ജനങ്ങൾക്ക് കടം കൊടുക്കുന്ന ഒരാളുണ്ടായിരുന്നു; തൻ്റെ പണിക്കാരനോട് അയാൾ പറയുമായിരുന്നു: പ്രയാസം അനുഭവിക്കുന്നവരുടെ അടുക്കൽ ചെന്നാൽ അവന് വിട്ടുകൊടുത്തേക്കുക! അല്ലാഹു നമുക്കും വിട്ടുതന്നേക്കാം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങൾക്ക് കടം കൊടുക്കുന്ന ഒരാളുണ്ടായിരുന്നു; തൻ്റെ പണിക്കാരനോട് അയാൾ പറയുമായിരുന്നു: പ്രയാസം അനുഭവിക്കുന്നവരുടെ അടുക്കൽ ചെന്നാൽ അവന് വിട്ടുകൊടുത്തേക്കുക! അല്ലാഹു നമുക്കും വിട്ടുതന്നേക്കാം." അവൻ അല്ലാഹുവിനെ കണ്ടുമുട്ടിയപ്പോൾ അല്ലാഹു അവന് വിട്ടുനൽകി.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജനങ്ങൾക്ക് കടം കൊടുക്കുകയും, അവർക്ക് അവധി നൽകി വസ്തുക്കൾ വിൽക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരാളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. ജനങ്ങളിൽ നിന്ന് കടം തിരിച്ചു പിടിക്കാൻ ഏൽപിച്ച തൻ്റെ പണിക്കാരനോട് അയാൾ പറയുമായിരുന്നു: ഏതെങ്കിലും കടബാധ്യതയുള്ളവൻ പ്രയാസം ബാധിച്ചതിനാൽ കടം വീട്ടാൻ യാതൊന്നും കയ്യിലില്ലാതെ ഇരിക്കുന്നത് കണ്ടാൽ അവന് നീ വിട്ടുകൊടുത്തേക്ക്. ഒന്നുകിൽ അവന് അവധി നീട്ടിക്കൊടുക്കുക. കടം തിരിച്ചു ചോദിച്ചു കൊണ്ട് അവനെ പ്രയാസപ്പെടുത്തേണ്ടതില്ല. അതല്ലെങ്കിൽ അവൻ്റെ കയ്യിൽ എന്താണോ ഉള്ളത് -അത് കുറച്ചാണെങ്കിലും- സ്വീകരിച്ചേക്കുക. അല്ലാഹു തനിക്കും പൊറുത്തു നൽകുകയും വിട്ടുനൽകുകയും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു അയാൾ ഇപ്രകാരം ചെയ്തിരുന്നത്. ആ മനുഷ്യൻ മരിച്ചപ്പോൾ അല്ലാഹു അയാൾക്ക് പൊറുത്തു നൽകുകയും, അയാളുടെ തെറ്റുകൾക്ക് മാപ്പു നൽകുകയും ചെയ്തു.

فوائد الحديث

ജനങ്ങളുമായുള്ള ഇടപാടുകൾ നന്നാക്കുകയും, അവർക്ക് വിട്ടുകൊടുക്കുകയും പ്രയാസം ബാധിച്ചവർക്ക് എളുപ്പം നൽകുകയും ചെയ്യുന്നത് ഖിയാമത്ത് നാളിൽ രക്ഷ ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

സൃഷ്ടികളോട് നന്മയിൽ വർത്തിക്കുകയും, അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി ആരാധനകൾ നിർവ്വഹിക്കുകയും, അവൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെക്കുകയും ചെയ്യുക എന്നത് പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളിലൊന്നാണ്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ