ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്'…

ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞതിൻ്റെ താൽപര്യം അതാണ്. "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരെ അല്ലാഹു സ്ഥൈര്യമുള്ള വചനം കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്; ഇഹലോകജീവിതത്തിലും പാരത്രിക ജീവിതത്തിലും." (ഇബ്രാഹീം: 27)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുഅ്മിനായ ഓരോ വ്യക്തിയും ഖബ്റിൽ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ ദൗത്യം ഏൽപ്പിക്കപ്പെട്ട രണ്ട് മലക്കുകൾ അവനോട് ഖബ്റിൽ ചോദ്യങ്ങൾ ചോദിക്കും. ഈ രണ്ട് മലക്കുകളുടെ പേരുകൾ മുൻകർ, നകീർ എന്നാണെന്ന് മറ്റനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ മുഅ്മിനായ മനുഷ്യൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 'സുസ്ഥിരമായ വാക്ക്' എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത് ഇതിനെ കുറിച്ചാണെന്ന് നബി -ﷺ- ഓർമപ്പെടുത്തുകയും ചെയ്തു. ''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് അല്ലാഹു ഈമാനുള്ളവരെ ഉറപ്പിച്ചു നിറുത്തുന്നതാണ്.'' (ഇബ്റാഹീം: 27)

فوائد الحديث

ഖബ്റിൽ വെച്ചുള്ള ചോദ്യം ചെയ്യൽ യഥാർത്ഥമായി സംഭവിക്കുന്നതാണ്.

അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ച അടിമകളോടുള്ള അല്ലാഹുവിന്റെ ഔദാര്യം നോക്കുക! അവരെ ഇഹലോകത്തും പരലോകത്തും അല്ലാഹു സ്ഥൈര്യമുള്ള വാക്ക് കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്.

തൗഹീദിൻ്റെ സാക്ഷ്യവചനത്തിനുള്ള ശ്രേഷ്ഠതയും ആ മാർഗത്തിൽ മരിക്കുന്നതിൻ്റെ മഹത്വവും.

ഈമാനിൽ സ്ഥിരത നൽകിക്കൊണ്ടും നേരായ മാർഗത്തിൽ -സ്വിറാത്വുൽ മുസ്തഖീമിൽ- നിലയുറപ്പിച്ചു കൊണ്ടും ദുനിയാവിൽ അല്ലാഹു മുഅ്മിനിന് സ്ഥൈര്യം നൽകും. മരണവേളയിൽ തൗഹീദിൽ ഉറച്ചു നിൽക്കാനും, ഖബ്റിൽ മലക്കുകളുടെ ചോദ്യങ്ങൾക്ക് മുന്നിലും അല്ലാഹു അവനെ ഉറപ്പിച്ചു നിർത്തും.

التصنيفات

ബർസഖീ ജീവിതം