പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക

പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. ആരുടെയെങ്കിലും പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കുമാണെങ്കിൽ അവൻ്റെ പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും പാലായനം നേടിപ്പിടിച്ചേക്കാവുന്ന എന്തെങ്കിലും ഭൗതികനേട്ടത്തിനോ, വിവാഹം കഴിക്കാൻ സാധിച്ചേക്കാവുന്ന ഒരു പെണ്ണിന് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പാലായനം അതിലേക്കെല്ലാമാണ്." ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

എല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനിയമം ബാധകമാണ്. അതിനാൽ ആരെങ്കിലും തൻ്റെ പ്രവർത്തനത്തിലൂടെ എന്തെങ്കിലും ഭൗതിക പ്രയോജനം മാത്രമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് ആ പ്രയോജനമല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ തൻ്റെ പ്രവർത്തനത്തിലൂടെ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാനും അവൻ്റെ പക്കൽ നിന്നുള്ള പ്രതിഫലം നേടിയെടുക്കാനുമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്; അത് സാധാരണ ജീവിതവ്യവഹാരങ്ങളിൽ പെടുന്ന ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലുമൊക്കെയാണെങ്കിൽ പോലും (അതിന് പ്രതിഫലമുണ്ടായിരിക്കും). ശേഷം പ്രവർത്തനങ്ങളുടെ മേൽ നിയ്യത്തിനുള്ള (ഉദ്ദേശ്യം) സ്വാധീനം എന്താണെന്ന് കൂടി നബി ﷺ വിവരിക്കുന്നു. പുറമേക്ക് ഒരേ പോലെ കാണപ്പെട്ടേക്കാവുന്ന പ്രവർത്തനങ്ങൾ പോലും നിയ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാറിമറിയും. ഉദാഹരണത്തിന് ഒരാൾ തൻ്റെ നാട് ഉപേക്ഷിച്ചു കൊണ്ട് ഇസ്‌ലാമിക ജീവിതം നയിക്കാനായി പാലായനം നടത്തുകയും, അതിലൂടെ അല്ലാഹുവിൻ്റെ തൃപ്തി ആഗ്രഹിക്കുകയുമാണെങ്കിൽ അവൻ്റെ പാലായനം ഇസ്‌ലാമികമാണ്; അത് അല്ലാഹുവിങ്കൽ സ്വീകാര്യവും, അവൻ്റെ സത്യസന്ധമായ ഉദ്ദേശ്യത്തിനാൽ നാളെ പ്രതിഫലം നൽകപ്പെടുന്ന പ്രവർത്തിയുമായിരിക്കും. എന്നാൽ ഒരാൾ തൻ്റെ പാലായനത്തിലൂടെ എന്തെങ്കിലും ഭൗതിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ -ഉദാഹരണത്തിന് സമ്പത്തോ സ്ഥാനമോ കച്ചവടമോ വിവാഹമോ മറ്റോ ആണെങ്കിൽ- അവൻ ലക്ഷ്യം വെച്ച ആ ഉദ്ദേശ്യമല്ലാതെ അവന് ലഭിക്കുന്നതല്ല. പരലോകത്ത് അവന് പ്രതിഫലമോ പുണ്യമോ ഉണ്ടായിരിക്കുന്നതല്ല.

فوائد الحديث

പ്രവർത്തനങ്ങളിൽ ഇഖ്ലാസ് (അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുക) കാത്തുസൂക്ഷിക്കാനുള്ള പ്രോത്സാഹനം. അല്ലാഹുവിൻ്റെ തിരുവദനം ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തനമല്ലാതെ അവൻ സ്വീകരിക്കുന്നതല്ല.

അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് ചെയ്യേണ്ട ഒരു പ്രവർത്തി കേവല ജീവിത ശൈലിയുടെയോ മറ്റോ ഭാഗമായി ഒരാൾ ചെയ്തു പോയാൽ അതിന് അല്ലാഹുവിങ്കൽ പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. അവൻ അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചാൽ മാത്രമേ അത് ലഭിക്കുകയുള്ളൂ.

التصنيفات

ഹൃദയത്തിലെ പ്രവർത്തനങ്ങൾ