ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു…

ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല

ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യുടെ അടുക്കലായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള ആ രാത്രിയിൽ അവിടുന്ന് ചന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞു: "ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള നിമസ്കാരവും സൂര്യൻ അസ്തമിക്കുന്നതിന് മുൻപുള്ള നിമസ്കാരവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യുക." ശേഷം നബി -ﷺ- പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു രാത്രിയിൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പമായിരുന്നു. അന്ന് പൂർണ്ണചന്ദ്രനുള്ള, പതിനാലാം രാവായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിനെ തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് -യാതൊരു അവ്യക്തതയുമില്ലാത്ത വിധത്തിൽ- കാണുന്നതാണ്. ആ കാഴ്ചയുടെ വേളയിൽ അവർക്ക് തിരക്കു കൂട്ടേണ്ടി വരികയോ പ്രയാസം ബാധിക്കുകയോ കാഠിന്യം ഉണ്ടാവുകയോ ഒന്നുമില്ല. ശേഷം നബി -ﷺ- പറഞ്ഞു: സുബ്ഹി നിസ്കാരത്തിൽ നിന്നും, അസ്വർ നിസ്കാരത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് അകൽച്ച പാലിക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്തു കൊള്ളുക. ഈ രണ്ട് നിസ്കാരങ്ങളും അവയുടെ കൃത്യമായ സമയത്ത് തന്നെ ജമാഅത്തായി നിർവ്വഹിക്കുക. അല്ലാഹുവിൻ്റെ മുഖം ദർശിക്കാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് അത്. ഇത്രയും പറഞ്ഞതിന് ശേഷം നബി -ﷺ- ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."

فوائد الحديث

അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ചവർ സ്വർഗത്തിൽ അല്ലാഹുവിനെ കാണുന്നതാണെന്നുള്ള സന്തോഷവാർത്ത.

പ്രബോധനത്തിൻ്റെ മനോഹരമായ ശൈലികളിൽ പെട്ടതാണ്: ഉപമകൾ പറയലും, കാര്യങ്ങൾ ഊന്നിയൂന്നി പറയലും, പറയുന്ന കാര്യങ്ങളിൽ കേൾവിക്കാർക്ക് താൽപ്പര്യം ജനിപ്പിക്കലും.

التصنيفات

മരണാനന്തര ജീവിതം