നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ…

നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്

അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."

[സ്വഹീഹ്]

الشرح

അബ്ദുല്ലാഹി ബ്നു ഖുബൈബ് എന്ന മഹാനായ സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. സ്വഹാബികളിൽ ചിലർ ധാരാളം മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ, തങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടി നബി -ﷺ- യെ അന്വേഷിച്ചു കൊണ്ടിറങ്ങി. അങ്ങനെ അവർ നബി -ﷺ- യെ കണ്ടെത്തുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് 'നീ പറയുക / പാരായണം ചെയ്യുക' എന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം യാതൊന്നും പറയുകയോ പാരായണം ചെയ്യുകയോ ചെയ്തില്ല. അപ്പോൾ നബി -ﷺ- തൻ്റെ കൽപ്പന വീണ്ടും ആവർത്തിച്ചു. അപ്പോൾ അബ്ദുല്ല ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എന്താണ് പാരായണം ചെയ്യേണ്ടത്!" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് സൂറത്തുൽ ഇഖ്ലാസും, സൂറത്തുൽ ഫലഖും, സൂറത്തുന്നാസും പാരായണം ചെയ്യാൻ പറഞ്ഞു. വൈകുന്നേരവും രാവിലെയും മൂന്നു തവണ വീതം ഈ സൂറത്തുകൾ പാരായണം ചെയ്താൽ അത് എല്ലാ ഉപദ്രവങ്ങളിൽ നിന്നും നിന്നെ സംരക്ഷിക്കുകയും പ്രയാസങ്ങളിൽ നിന്നും നിന്നെ തടുക്കുകയും ചെയ്യുന്നതാണ്.

فوائد الحديث

സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ രാവിലെയും വൈകുന്നേരവും പാരായണം ചെയ്യൽ സുന്നത്താണ്. അവ എല്ലാ ഉപദ്രവത്തിൽ നിന്നും സുരക്ഷ നൽകും.

സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖ് & സൂറത്തുന്നാസ്) എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.

التصنيفات

രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ