അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ്

അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ്

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയോട് -അവരുടെ പേര് ഇബ്നു അബ്ബാസ് എന്നോട് പറഞ്ഞിരുന്നു; പക്ഷേ ഞാൻ അവരുടെ പേര് മറന്നു പോയി- പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജ് ചെയ്യാതിരിക്കാൻ നിനക്ക് എന്തായിരുന്നു തടസ്സം?" അവർ പറഞ്ഞു: "ഞങ്ങൾക്ക് രണ്ട് ഒട്ടകങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്; -അവരുടെ കുട്ടിയുടെ പിതാവും, അവരുടെ മകനും ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തു-; ഞങ്ങൾക്ക് ഒരു ഒട്ടകത്തെ വെള്ളം കോരാനായി വിട്ടുതരികയും ചെയ്തു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ അവസാനത്തെ ഹജ്ജായ ഹജ്ജതുൽ വദാഇൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവിടുത്തോടൊപ്പം ഹജ്ജിന് പുറപ്പെടാത്ത ഒരു സ്ത്രീയോട് പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജിന് വരാൻ എന്തായിരുന്നു തടസ്സമുണ്ടായിരുന്നത്?" അപ്പോൾ അവർ തൻ്റെ തടസ്സം ബോധിപ്പിച്ചു. അവർക്ക് രണ്ട് ഒട്ടകങ്ങളാണ് ഉണ്ടായിരുന്നത്. അവരുടെ ഭർത്താവും മകനും ഒരു ഒട്ടകപ്പുറത്ത് ഹജ്ജിനായി പുറപ്പെട്ടു. രണ്ടാമത്തെ ഒട്ടകത്തെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിന് വേണ്ടി അവർക്കായി വിട്ടുനൽകുകയും ചെയ്തു. എങ്കിൽ റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പ്രതിഫലം ഹജ്ജിൻ്റെ പ്രതിഫലത്തിന് സമാനമാണെന്ന് നബി -ﷺ- അവരെ അറിയിച്ചു.

فوائد الحديث

റമദാൻ മാസത്തിൽ ഉംറ നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത.

റമദാനിലെ ഉംറ പ്രതിഫലത്തിൻ്റെ കാര്യത്തിൽ ഹജ്ജിനോട് സമാനമാണ്. എന്നാൽ നിർബന്ധമായ ഹജ്ജിൻ്റെ ബാധ്യത വീടുവാൻ അതു കൊണ്ടാവുകയില്ല.

ചില പ്രത്യേക സമയങ്ങളിൽ ഇബാദതുകൾ ചെയ്യുമ്പോൾ പ്രസ്തുത സമയത്തിൻ്റെ ശ്രേഷ്ഠത കാരണത്താൽ ആ പ്രവർത്തനങ്ങളുടെ പ്രതിഫലം വർദ്ധിക്കുന്നതാണ്. റമദാനിലെ സൽപ്രവർത്തനങ്ങൾ ഉദാഹരണം.

التصنيفات

ഹജ്ജിൻ്റെയും ഉംറയുടെയും ശ്രേഷ്ഠത