അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം…

അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഫാത്വിമഃ ബിൻത് അബീ ഹുബൈശ് -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് ചോദിച്ചു: എനിക്ക് രക്തസ്രാവം നിലക്കുന്നില്ല എന്നതിനാൽ ഞാൻ ശുദ്ധിയാകുന്നില്ല. അതിനാൽ ഞാൻ നമസ്കാരം ഉപേക്ഷിച്ചു കൊള്ളട്ടെയോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: "പാടില്ല. അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഫാത്വിമഃ ബിൻത് ഹുബൈശ് -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് ചോദിച്ചു: "എനിക്ക് രക്തസ്രാവം ഉണ്ടാകുന്നത് നിലക്കുന്നില്ല. ആർത്തവമുറയുടെ സമയം കഴിഞ്ഞാലും രക്തം വന്നു കൊണ്ടേയിരിക്കുന്നു. അതിനാൽ ഈ രക്തം വരുന്ന സമയം ആർത്തവത്തിൻ്റെ വിധി തന്നെ നൽകി, ഞാൻ നിസ്കാരം ഉപേക്ഷിക്കുകയാണോ വേണ്ടത്?!" അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "അത് കേവല രക്തസ്രാവമാണ് (ഇസ്തിഹാദഃ). ഗർഭപാത്രത്തിലെ ഏതെങ്കിലുമൊരു നാഡി പൊട്ടുന്നത് കൊണ്ട് രക്തം വന്നു കൊണ്ടിരിക്കുന്നതാണ് അതിൻ്റെ കാരണം. അതൊരിക്കലും ആർത്തവത്തിൽ ഉൾപ്പെടുകയില്ല. അതിനാൽ -രക്തസ്രാവം രോഗമായി ആരംഭിക്കുന്നതിന് മുൻപ്- സാധാരണയായി മാസമുറ പ്രകാരം ആർത്തവം വരാറുള്ള ദിവസങ്ങൾ വന്നെത്തിയാൽ നീ നിസ്കാരവും നോമ്പും ആർത്തവം മൂലം ഒഴിവാക്കാറുള്ള മറ്റു കാര്യങ്ങളും ഉപേക്ഷിക്കുക. ഈ സമയപരിധി അവസാനിച്ചാൽ അതോടെ നീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായി കഴിഞ്ഞു. അതിനാൽ പിന്നീട് രക്തം വരുന്ന ഭാഗം കഴുകുകയും, ശേഷം ശരീരം മുഴുവൻ നനയുന്ന വിധത്തിൽ -അശുദ്ധി നീക്കാൻ വേണ്ടി കുളിക്കുകയും- അതിന് ശേഷം നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക.

فوائد الحديث

ആർത്തവത്തിൻ്റെ സമയം കഴിഞ്ഞാൽ കുളിക്കുക എന്നത് സ്ത്രീകൾക്ക് മേൽ നിർബന്ധമാണ്.

രക്തസ്രാവം ബാധിച്ച സ്ത്രീകൾ നിർബന്ധമായും നിസ്കാരം നിർവ്വഹിക്കണം.

ആർത്തവം എന്നാൽ പ്രായപൂർത്തിയായ സ്ത്രീയുടെ ഗുഹ്യസ്ഥാനത്തിലൂടെ പുറത്ത് വരുന്ന, ഗർഭപാത്രത്തിൽ നിന്ന് പുറപ്പെടുന്ന രക്തമാണ്. നിശ്ചിതദിവസങ്ങളിലാണ് ഈ രക്തം പൊതുവെ കാണപ്പെടുക.

ഇസ്തിഹാദഃ (രക്തസ്രാവം) എന്നാൽ മാസമുറയുടേതല്ലാത്ത സമയങ്ങളിൽ രക്തം പുറപ്പെടലാണ്. ഗർഭപാത്രത്തിൻ്റെ ഉള്ളറകളിൽ നിന്നല്ലാതെ, അതിൻ്റെ താഴ്ഭാഗത്ത് നിന്നായാണ് ഈ രക്തം പുറപ്പെടുക.

ആർത്തവ രക്തവും ഇസ്തിഹാദ്വത്തും തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്: ആർത്തവ രക്തം കറുത്ത നിറത്തിലുള്ളതും, കട്ടിയുള്ളതും, ദുർഗന്ധമുള്ളതുമായിരിക്കും. എന്നാൽ ഇസ്തിഹാദ്വത്തിൻ്റെ രക്തം: ചുവപ്പു നിറത്തിലും, നേർത്തതും, ദുർഗന്ധമില്ലാത്തതുമായിരിക്കും.

التصنيفات

ആർത്തവം, പ്രസവകാലം, രക്തസ്രാവം