എൻ്റെ പിതൃവ്യരേ, നിങ്ങള്‍ `ലാഇലാഹ ഇല്ലല്ലാഹു’ എന്ന്‌ പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്‍റെ…

എൻ്റെ പിതൃവ്യരേ, നിങ്ങള്‍ `ലാഇലാഹ ഇല്ലല്ലാഹു’ എന്ന്‌ പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്‌!’

സഈദ് ബ്നുൽ മുസയ്യിബ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂ ത്വാലിബിന് മരണം ആസന്നമായപ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ അരികിൽ വന്നു. അദ്ദേഹത്തിൻ്റെ അടുക്കൽ അബൂ ജഹ്ലും അബ്ദുല്ലാഹിബ്നു അബീ ഉമയ്യഃയും ഉണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ പിതൃവ്യരേ, നിങ്ങള്‍ `ലാഇലാഹ ഇല്ലല്ലാഹു’ എന്ന്‌ പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്‌!’ ആ രണ്ടുപേരും പറഞ്ഞു: `താങ്കള്‍ അബ്‌ദുല്‍ മുത്ത്വലിബിന്‍റെ മാര്‍ഗം വിട്ടുകളയുകയോ?!’ റസൂല്‍ ആ വാക്ക്‌ അദ്ദേഹത്തിന്‌ വെച്ചു കാട്ടിക്കൊണ്ടും, ആ രണ്ടുപേരും അവരുടെ വാക്ക്‌ ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു. അവസാനം അദ്ദേഹം അവരോട്‌ സംസാരിച്ചത്‌ `അബ്‌ദുല്‍ മുത്ത്വലിബിന്‍റെ മാര്‍ഗത്തില്‍’ എന്നായിരുന്നു.. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി -ﷺ- പറഞ്ഞു: "അല്ലാഹു സത്യം! എന്നോട് വിലക്കപ്പെടുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുന്നതാണ്." അപ്പോൾ അല്ലാഹു (ഖുർആനിലെ വചനം) അവതരിപ്പിച്ചു: "ബഹുദൈവാരാധകർക്ക് വേണ്ടി പാപമോചനം തേടുക എന്നത് നബി -ﷺ- ക്കോ വിശ്വാസികൾക്കോ അനുവദനീയമല്ല." (തൗബ: 113) അബൂ ത്വാലിബിൻ്റെ വിഷയത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു കൊണ്ട് നബി -ﷺ- യോട് പറഞ്ഞു: "താങ്കൾക്ക് ഇഷ്ടമുള്ളവരെ താങ്കൾക്ക് സന്മാർഗത്തിലാക്കുക സാധ്യമല്ല. പക്ഷേ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു." (ഖസ്വസ്: 56)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അബൂ ത്വാലിബ് മരണാസന്നനായ നിലയിൽ കിടക്കുമ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ അരികിൽ ചെന്നു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃ സഹോദരാ! താങ്കൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; അല്ലാഹുവിങ്കൽ ഞാൻ താങ്കൾക്ക് ആ വാക്ക് പറഞ്ഞതായി സാക്ഷ്യം വഹിക്കാം. അപ്പോൾ അബൂ ജഹ്ലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യഃയും പറഞ്ഞു: "ഹേ അബൂത്വാലിബ്! താങ്കളുടെ പിതാവായ അബ്ദുൽ മുത്വലിബിൻ്റെ മാർഗം താങ്കൾ ഉപേക്ഷിക്കുകയാണോ?!" അതായത് വിഗ്രഹാരാധന താങ്കൾ വെടിയുകയാണോ എന്നർത്ഥം. അവർ രണ്ടു പേരും അബൂ ത്വാലിബിനോട് ഇക്കാര്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അവസാനം 'താൻ അബ്ദുൽ മുത്വലിബിൻ്റെ മാർഗത്തിലാണെന്ന് -ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും വഴിയിലാണെന്ന്- പറഞ്ഞു കൊണ്ട് അബൂ ത്വാലിബ് അവസാനശ്വാസം വലിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ രക്ഷിതാവ് എന്നോട് വിലക്കുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കുന്നതാണ്." ഈ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ വചനം അവതരിച്ചു: "ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും നബിക്കും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല." അബൂത്വാലിബിൻ്റെ വിഷയത്തിലാണ് മറ്റൊരു വചനം കൂടി അവതരിച്ചത്: "തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." [അൽ ഖസ്വസ്വ്: 56] താങ്കൾ സന്മാർഗം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്മാർഗം നൽകാൻ താങ്കൾക്ക് സാധ്യമല്ല; മറിച്ച് അങ്ങയുടെ ബാധ്യത എത്തിച്ചു കൊടുക്കുക എന്നത് മാത്രമാണ്. അല്ലാഹു അവനുദ്ദേശിച്ചവരെ സന്മാർഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

فوائد الحديث

ബഹുദൈവാരാധകർക്ക് വേണ്ടി പാപമോചനം തേടൽ നിഷിദ്ധമാണ്; അവർ എത്ര അടുത്ത കുടുംബബന്ധമുള്ളവരാണെങ്കിലും, അവരുടെ പ്രവർത്തനങ്ങളും നന്മയും എത്ര നല്ലതാണെങ്കിലും.

പ്രപിതാക്കളെയും കാക്കകാരണവന്മാരെയും അന്ധമായി അനുകരിക്കുന്നത് ജാഹിലിയ്യഃ കാലഘട്ടത്തിലെ രീതികളിൽ പെട്ടതാണ്.

ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിലും അവർക്ക് സന്മാർഗം എത്തിച്ചു നൽകുന്നതിലും നബി -ﷺ- ക്ക് ഉണ്ടായിരുന്ന അനുകമ്പയുടെ പൂർണ്ണത.

അബൂ ത്വാലിബ് മുസ്‌ലിമായാണ് മരിച്ചത് എന്ന് വാദിക്കുന്നവർക്കുള്ള മറുപടി.

അന്ത്യം എപ്രകാരമാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ പരിഗണിക്കപ്പെടുക.

ഉപകാരം ലഭിക്കുന്നതിനോ ഉപദ്രവങ്ങൾ തടുക്കുന്നതിനോ നബി -ﷺ- യെ അവലംബമാക്കുന്നവരുടെ അർത്ഥശൂന്യത.

ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാചകം അതിൻ്റെ ആശയം അറിഞ്ഞു കൊണ്ടും ദൃഢമായി വിശ്വസിച്ചു കൊണ്ടും പറഞ്ഞാൽ അവൻ ഇസ്‌ലാമിൽ പ്രവേശിക്കുന്നതാണ്.

അധർമ്മികളും ചീത്ത കൂട്ടാളികളും മനുഷ്യർക്ക് വരുത്തി വെക്കുന്ന വിനകൾ.

ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം: വിഗ്രഹങ്ങൾക്കും ഔലിയാക്കൾക്കും സ്വാലിഹീങ്ങൾക്കുമുള്ള ആരാധനകളെ നിഷേധിക്കുകയും, സർവ്വ ഇബാദത്തുകളും അല്ലാഹുവിന് മാത്രമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു എന്നാണ്. ഇക്കാര്യം മക്കയിലെ മുശ്രിക്കീങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു.

ബഹുദൈവാരാധകനായ രോഗിയെ സന്ദർശിക്കൽ അനുവദനീയമാണ്; പ്രത്യേകിച്ചും അവർ ഇസ്‌ലാം സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിൽ.

സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകാൻ അല്ലാഹുവിന് മാത്രമേ കഴിയൂ; അതിൽ യാതൊരാൾക്കും പങ്കില്ല. സത്യം അറിയിച്ചു കൊടുക്കുകയും അതിലേക്ക് വഴികാണിക്കുകയും എത്തിക്കുകയും ചെയ്യുക എന്നത് മാത്രമാണ് നബി -ﷺ- ക്ക് മേലുള്ള ബാധ്യത.

التصنيفات

ഖുർആൻ വ്യാഖ്യാനം, അല്ലാഹുവിലേക്കുള്ള ക്ഷണം