എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ

എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ. തിന്മകൾ പരസ്യമാക്കുക എന്നതിൽ പെട്ടതാണ്: ഒരാൾ രാത്രിയിൽ ഒരു കാര്യം പ്രവർത്തിക്കുകയും, പിന്നീട് അല്ലാഹു അവനെ മറച്ചു വെച്ചു കൊണ്ടിരിക്കുകയും, അവനാകട്ടെ നേരം പുലർന്നാൽ, 'ഞാൻ കഴിഞ്ഞ രാത്രിയിൽ ഇന്നയിന്നതെല്ലാം ചെയ്തിരിക്കുന്നു' എന്ന് പറയുകയും ചെയ്യുക എന്നത്. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

തിന്മകൾ പ്രവർത്തിക്കുന്ന ഒരു മുസ്‌ലിമിന് അല്ലാഹുവിൻ്റെ പാപമോചനവും പൊറുക്കലും പ്രതീക്ഷിക്കാൻ വഴിയുണ്ട്; എന്നാൽ തിന്മകൾ അഹങ്കാരത്തോടെയും ലജ്ജയില്ലാതെയും പരസ്യമാക്കുന്നവർക്ക് ഈ പാപമോചനത്തിന് അർഹതയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. രാത്രിയിൽ തിന്മ പ്രവർത്തിക്കുകയും, അല്ലാഹു അവനെ മറച്ചു പിടിക്കുകയും, നേരം പുലർന്നപ്പോൾ താൻ പ്രവർത്തിച്ച തിന്മകളെ കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യുന്നവൻ അതിൽ പെടുന്നതാണ് എന്നും അവിടുന്ന് അറിയിച്ചു. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു!!

فوائد الحديث

അല്ലാഹു മറച്ചു പിടിച്ച തിന്മകൾ പരസ്യമാക്കുക എന്നത് മ്ലേച്ഛമാണ്

വിശ്വാസികൾക്കിടയിൽ തിന്മകൾ പ്രചരിപ്പിക്കുക എന്നതാണ് തിന്മകൾ പരസ്യമാക്കുന്നതിലൂടെ സംഭവിക്കുന്നത്.

ആർക്കെങ്കിലും അല്ലാഹു ഇഹലോകത്ത് മറയിട്ടു നൽകിയാൽ അവന് അല്ലാഹു പരലോകത്തും മറ നൽകുന്നതാണ്. അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയിൽ പെട്ടതാണത്.

ആരെങ്കിലും ഏതെങ്കിലും തിന്മയിൽ അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ, അത് മറച്ചു വെക്കുകയും അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യണം.

തിന്മകൾ പരസ്യമാക്കുക എന്നതിൻ്റെ ഗൗരവം. വൃത്തികേടുകൾ പരസ്യമാകാൻ ആഗ്രഹിക്കുകയും, അതിലൂടെ തനിക്കുള്ള പാപമോചനത്തിൻ്റെ വഴികൾ കൊട്ടിയടക്കുകയുമാണ് അവർ ചെയ്യുന്നത്.

التصنيفات

തിന്മകൾക്കുള്ള ആക്ഷേപം