ജന്മം നൽകുന്നതിലൂടെ നിഷിദ്ധമാകുന്നതെല്ലാം മുലയൂട്ടുന്നതിലൂടെയും നിഷിദ്ധമാകും

ജന്മം നൽകുന്നതിലൂടെ നിഷിദ്ധമാകുന്നതെല്ലാം മുലയൂട്ടുന്നതിലൂടെയും നിഷിദ്ധമാകും

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറഞ്ഞു: "ജന്മം നൽകുന്നതിലൂടെ നിഷിദ്ധമാകുന്നതെല്ലാം മുലയൂട്ടുന്നതിലൂടെയും നിഷിദ്ധമാകും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജന്മബന്ധത്തിലൂടെ വിവാഹം നിഷിദ്ധമാകുന്ന മാതൃസഹോദരൻ, പിതൃസഹോദരൻ, സഹോദരൻ തുടങ്ങിയ ബന്ധങ്ങളെല്ലാം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും എന്ന് നബി (ﷺ) അറിയിക്കുന്നു. അതുപോലെ, ജന്മത്തിലൂടെയുണ്ടാകുന്ന ബന്ധം അനുവദനീയമാക്കുന്ന കാര്യങ്ങളെല്ലാം മുലകുടി ബന്ധം കാരണത്താലും അനുവദനീയമാകും.

فوائد الحديث

ഈ ഹദീസ് മുലകുടി ബന്ധത്തിന്റെ നിയമങ്ങളുടെ വിഷയത്തിലുള്ള അടിസ്ഥാന തത്വം ഉൾക്കൊണ്ടിരിക്കുന്നു.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "മുലയൂട്ടൽ ജന്മം നൽകുന്നത് നിഷിദ്ധമാക്കുന്നതെല്ലാം നിഷിദ്ധമാക്കും" എന്ന നബിവചനം, ജന്മം നൽകുന്നത് അനുവദനീയമാക്കുന്നതെല്ലാം മുലയൂട്ടലും അനുവദനീയമാക്കുമെന്ന് കൂടെ അറിയിക്കുന്നുണ്ട്. മുലകുടി ബന്ധം മൂലം വിവാഹബന്ധവും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും നിഷിദ്ധമാകുമെന്നതിലും, മുലപ്പാൽ നൽകിയ സ്ത്രീയുടെ മക്കളും അവരുടെ മുലപ്പാൽ കുടിച്ച കുട്ടികളും തമ്മിലുള്ള വിവാഹബന്ധം നിഷിദ്ധമാണെന്നതിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. അതു പോലെ, പരസ്പരം കാണുന്നതിലും തനിച്ചാവുന്നതിലും യാത്ര ചെയ്യുന്നതിലും മറ്റുമെല്ലാം ഇവർക്ക് അടുത്ത ബന്ധുക്കളെ പോലെ പെരുമാറാൻ അനുവാദമുണ്ട് എന്നതും എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, അനന്തരാവകാശം, ചെലവ് കൊടുക്കൽ, ഉടമസ്ഥത വഴി അടിമയെ മോചിപ്പിക്കൽ, സാക്ഷ്യം, അബദ്ധത്തിലുള്ള കൊലപാതകത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിൽ പങ്കുചേരൽ, കൊലപാതകത്തിന് ശിക്ഷ നൽകൽ തുടങ്ങിയ മറ്റ് നിയമങ്ങൾ മുലകുടിബന്ധം മൂലം ബാധകമാകുന്നില്ല."

മുലയൂട്ടൽ കാരണം വിവാഹബന്ധം എന്നെന്നേക്കുമായി നിഷിദ്ധമാകും.

മുലകുടി ബന്ധം കാരണം വിവാഹം നിഷിദ്ധമാകണമെങ്കിൽ കുട്ടി അഞ്ച് തവണ -വ്യക്തമായി- മുലപ്പാൽ കുടിച്ചിരിക്കണം. അതോടൊപ്പം, കുട്ടിക്ക് രണ്ട് വയസ്സിൽ താഴെയുള്ളപ്പോഴായിരിക്കണം മുലകുടിച്ചത്. ഈ നിബന്ധനകൾ മറ്റു ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

ജന്മത്തിലൂടെ വിവാഹബന്ധം നിഷിദ്ധമാകുന്ന സ്ത്രീകൾ താഴെ പറയുന്നവരാണ്:

- മാതാക്കൾ: ഇതിൽ മാതാവിൻ്റെയും പിതാവിന്റെയും ഭാഗത്തുള്ള വല്ലിമ്മമാരും ഉൾപ്പെടുന്നു.

- പെൺമക്കൾ: ഇതിൽ പെണ്മക്കളുടെ പെൺമക്കളും, ആണ്മക്കളുടെ പെൺമക്കളും ഉൾപ്പെടുന്നു.

- സഹോദരിമാർ: മാതാവും പിതാവും ഒന്നായതോ, അല്ലെങ്കിൽ അവരിൽ ഒരാളിലൂടെയോ സഹോദരിയാകുന്നവർ ഇതിൽ ഉൾപ്പെടും.

- പിതൃസഹോദരിമാർ: പിതാവിന്റെ എല്ലാ സഹോദരിമാരും, പൂർണ്ണ സഹോദരിമാരും അല്ലാത്തവരും ഇതിൽ പെടുന്നു. അതുപോലെ, പിതാമഹന്റെ സഹോദരിമാരും ഈ പറഞ്ഞതിൽ ഉൾപ്പെടുന്നു.

- മാതൃസഹോദരിമാർ: ഉമ്മയുടെ എല്ലാ സഹോദരിമാരും, പൂർണ്ണ സഹോദരിമാരും അല്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ, വല്ലിമ്മയുടെ എല്ലാ സഹോദരിമാരും, -അവർ പിതാവിന്റെ ഭാഗത്തുനിന്നോ മാതാവിൻ്റെയോ ഭാഗത്തുനിന്നോ ഉള്ളവരാണെങ്കിലും-, ഇതിൽ ഉൾപ്പെടുന്നു.

- സഹോദരന്റെയും സഹോദരിയുടെയും പെൺമക്കൾ: അതോടൊപ്പം അവരുടെ പെൺമക്കളും ഉൾപ്പെടുന്നു.

മുലകുടി ബന്ധം കാരണം വിവാഹബന്ധം നിഷിദ്ധമാകുന്ന സ്ത്രീകൾ:

ജന്മബന്ധത്തിൽ നിഷിദ്ധമാകുന്നതെല്ലാം മുലകുടി ബന്ധം കാരണവും നിഷിദ്ധമാകും. ജന്മബന്ധം കാരണം വിവാഹം നിഷിദ്ധമായ ഏതൊരു സ്ത്രീയും, മുലകുടി ബന്ധം കാരണവും നിഷിദ്ധമാകും. എന്നാൽ, മുലകുടി ബന്ധത്തിലെ സഹോദരന്റെ മാതാവ്, മുലകുടി ബന്ധത്തിലെ മകൻ്റെ സഹോദരി എന്നിവർ ഇതിൽ നിന്ന് ഒഴിവാണ്.

التصنيفات

മുലകൊടുക്കൽ