കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ…

കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇസ്‌ലാമിന് മുൻപുണ്ടായിരുന്ന അന്ധകാര നിബിഢമായ ജാഹിലിയ്യഃ കാലഘട്ടത്തിലെ വിവരദോഷികൾ ചെയ്തിരുന്ന ചില പ്രവൃത്തികൾ നബി -ﷺ- ഈ ഹദീഥിൽ വിലക്കിയിരിക്കുന്നു. അവ പ്രവർത്തിക്കുന്നവർ 'നമ്മിൽ പെട്ടവരല്ല' എന്നാണ് നബി -ﷺ- അറിയിക്കുന്നത്. പ്രസ്തുത തിന്മകൾ ഇവയാണ്. ഒന്ന്: കവിളത്തടിക്കൽ. പൊതുവെ കവിളത്താണ് ജനങ്ങൾ അടിക്കാറുള്ളത് എന്നതിനാലാണ് 'കവിൾ' എന്നത് പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, മുഖത്ത് അടിക്കുക എന്നത് മുഴുവനായും വിരോധിക്കപ്പെട്ടതാണ്. രണ്ട്: ദുഃഖം കഠിനമാകുമ്പോൾ മനോനില തെറ്റി വസ്ത്ര ത്തിനകത്തേക്ക് തല പ്രവേശിപ്പിക്കാൻ വേണ്ടി വസ്ത്രത്തിൻ്റെ തലഭാഗം വലിച്ചു കീറുക. മൂന്ന്: ജാഹിലിയ്യഃ കാലഘട്ടത്തിലുള്ളവർ നടത്തിയിരുന്ന തരത്തിലുള്ള ആർത്തവിലാപങ്ങൾ; നാശത്തിനായി പ്രാർത്ഥിക്കുകയും, ഒച്ചവെക്കുകയും വിലപിക്കുകയും ചെയ്യുന്നത് ഉദാഹരണം.

فوائد الحديث

ഹദീഥിൽ വിലക്കപ്പെട്ട തിന്മകൾ വൻപാപങ്ങളിൽ പെട്ട (കബാഇർ) തിന്മകളാണ്.

പ്രയാസങ്ങളും വിപത്തുകളും ബാധിച്ചാൽ ക്ഷമിക്കുക എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ വിധിയിൽ പ്രയാസകരമായത് സംഭവിക്കുമ്പോൾ കടുത്ത ദേഷ്യവും കോപവും കാണിക്കുകയും, ആർത്തട്ടഹസിച്ചു കൊണ്ടും മുടി വടിച്ചു കൊണ്ടും വസ്ത്രം കീറിയെറിഞ്ഞു കൊണ്ടും മറ്റും അത് പ്രകടിപ്പിക്കുക എന്നതും നിഷിദ്ധമാണ്.

ജാഹിലിയ്യഃ കാലഘട്ടത്തിലെ ജനങ്ങളുടെ പക്കലുണ്ടായിരുന്ന ചെയ്തികളിൽ ഇസ്‌ലാം അംഗീകരിച്ചിട്ടില്ലാത്ത എല്ലാം തന്നെ നിഷിദ്ധമാണ്.

വിപത്തുകളിൽ ദുഃഖിക്കുന്നതിലോ കരയുന്നതിലോ തെറ്റില്ല. അതൊന്നും അല്ലാഹുവിൻ്റെ വിധിയിലുള്ള ക്ഷമക്ക് എതിരല്ല. മറിച്ച് ബന്ധുമിത്രാധികളുടെ ഹൃദയങ്ങളിൽ അല്ലാഹു നിശ്ചയിച്ച കാരുണ്യം മാത്രമാണത്.

അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിയടയുകയാണ് ഓരോ മുസ്ലിമും ചെയ്യേണ്ടത്. ഇനി തൃപ്തിയടയാൻ കഴിഞ്ഞില്ലെങ്കിൽ പോലും, അതിൽ ക്ഷമിക്കുക എന്നത് നിർബന്ധമാണ്.

التصنيفات

ജാഹിലിയ്യതിലെ വിഷയങ്ങൾ