അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു;

അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു;

നവ്വാസ് ബ്‌നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു; ആ പാതയുടെ രണ്ട് വശങ്ങളിലും ഓരോ മതിലുകളുണ്ട്. അതിൽ മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുമുണ്ട്. ഈ വാതിലുകൾക്ക് വലിച്ചിടപ്പെട്ട നിലയിൽ വിരികളുമുണ്ട്. ഈ നേർപാതയുടെ വാതിലിൻ്റെ ഭാഗത്തായി ഒരാൾ ക്ഷണിക്കാനായി നിൽക്കുന്നു; 'നിങ്ങളെല്ലാവരും ഈ പാതയിൽ പ്രവേശിക്കൂ; ഇതിൽ നിന്ന് തെറ്റിത്തെറിച്ചു പോകരുത്' എന്ന് അയാൾ വിളിച്ചു പറയുന്നുണ്ട്. നേർപാതയുടെ മുകളിലായി മറ്റൊരാളും ക്ഷണിക്കാനായുണ്ട്; (പാതയിലൂടെ സഞ്ചരിക്കുന്നവൻ വശങ്ങളിലെ) വാതിലുകളിലൊന്ന് തുറക്കാൻ തുനിഞ്ഞാൽ അയാൾ വിളിച്ചു പറയും: "നിനക്ക് നാശം; നീ അത് തുറന്നു നോക്കരുത്. അത് നീ തുറന്നാൽ നീ അതിലേക്ക് പ്രവേശിക്കും." (ഈ ഉപമയിൽ) നേർപാതയെന്നാൽ ഇസ്‌ലാമാണ്. (വശങ്ങളിലെ) രണ്ട് മതിലുകൾ അല്ലാഹുവിൻ്റെ അതിർവരമ്പുകളും, തുറന്നിടപ്പെട്ട വാതിലുകൾ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുമാണ്. നേർപാതയുടെ ആരംഭത്തിൽ നിന്നു കൊണ്ട് ക്ഷണിക്കുന്നത് അല്ലാഹുവിൻ്റെ ഗ്രന്ഥവും, ആ പാതയുടെ മുകളിലിരുന്ന് ക്ഷണിക്കുന്നത് ഓരോ മുസ്‌ലിമിൻ്റെയും ഹൃദയത്തിലുള്ള അല്ലാഹുവിൻ്റെ ഉപദേശകനുമാണ്."

[സ്വഹീഹ്]

الشرح

നബി -ﷺ- യുടെ ഈ ഹദീഥിൽ അല്ലാഹു ഇസ്‌ലാമിന് ഒരു നേരായ വഴിയുടെ ഉപമ നൽകിയതിനെ കുറിച്ചാണ് അവിടുന്ന് വിവരിക്കുന്നത്. ഈ വഴി നേരെയുള്ളതും, യാതൊരു വളവുകളുമില്ലാത്തതുമാണ്. വഴിയുടെ രണ്ട് വശങ്ങളിലും അതിനെ വലയം ചെയ്തിരിക്കുന്ന രണ്ട് മതിലുകളുണ്ട്. അല്ലാഹുവിൻ്റെ മതപരമായ വിധിവിലക്കുകളായ അതിർവരമ്പുകളാണവ. ഈ മതിലുകളിൽ പലയിടത്തും മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുണ്ട്; അല്ലാഹൂ നിഷിദ്ധമാക്കിയ കാര്യങ്ങളാണ് അവ. ഈ വാതിലുകൾക്കെല്ലാം വിരിപ്പുകളുണ്ട്; അതിനാൽ നേർവഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ആ മറക്കപ്പുറമുള്ളത് എന്താണെന്ന് കാണാനാകില്ല. വഴിയുടെ ആരംഭത്തിൽ ഒരാൾ അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും വഴിനയിക്കുകയും ചെയ്തു കൊണ്ട് നിൽക്കുന്നുണ്ട്; വശങ്ങളിലേക്കോ മറ്റോ തെറ്റിപ്പോകാതെ നേരെ ഈ വഴിയിലൂടെ സഞ്ചരിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനാണ് ഈ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരാൾ വഴിയുടെ മുകളിലും പ്രബോധകനായി നിൽക്കുന്നു; വഴിയിലൂടെ സഞ്ചരിക്കുന്നവർ വശങ്ങളിലെ വാതിലുകളിലെ മറ ചെറുതായെങ്കിലും നീക്കാൻ ഉദ്ദേശിച്ചാൽ അദ്ദേഹം അവരെ അതിൽ നിന്ന് ശക്തമായി പിന്തിരിപ്പിക്കും; അദ്ദേഹം പറയും: നീയൊരിക്കലും അത് തുറക്കരുത്; അത് തുറന്നു കഴിഞ്ഞാൽ നീയതിൽ പ്രവേശിക്കുക തന്നെ ചെയ്യും. നിൻ്റെ സ്വന്തത്തെ അതിൽ നിന്ന് പിടിച്ചു വെക്കാൻ നിനക്ക് സാധിക്കുകയില്ല. ഓരോ മുസ്ലിമിൻ്റെയും മനസ്സിലുള്ള, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ഉപദേശകനാണ് ഈ പ്രബോധകൻ.

فوائد الحديث

ഇസ്‌ലാമാണ് യഥാർത്ഥ സത്യമതം. നമ്മെ സ്വർഗത്തിലേക്ക് എത്തിക്കുന്ന നേരായ വഴിയും അത് മാത്രമാണ്.

അല്ലാഹുവിൻ്റെ അതിർവരമ്പുകൾ -അവൻ അനുവദിച്ചതും നിഷിദ്ധമാക്കിയതും- പാലിച്ചു കൊണ്ട് ജീവിക്കുക എന്നത് നിർബന്ധമാണ്. ഇക്കാര്യത്തിലുള്ള അശ്രദ്ധ നാശത്തിലേക്ക് നയിക്കുന്നതാണ്.

വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠത. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രോത്സാഹനം, അതിലാണ് സന്മാർഗവും വിജയവുമുള്ളത്.

അല്ലാഹുവിന് അവൻ്റെ ദാസന്മാരോടുള്ള കാരുണ്യം നോക്കൂ; അവനിൽ വിശ്വസിച്ചവരെ നാശത്തിലേക്ക് ചെന്നെത്തിക്കാത്ത വിധം അവരെ തടയുകയും ഗുണദോഷിക്കുകയും ചെയ്യുന്ന തരത്തിൽ അവരുടെ ഹൃദയത്തെ അവൻ സംവിധാനിച്ചിരിക്കുന്നു.

തിന്മകളിൽ വീണുപോകുന്നതിൽ നിന്ന് തടസ്സമുണ്ടാക്കുന്ന അനേകം കാര്യങ്ങൾ അല്ലാഹു സംവിധാനിച്ചിരിക്കുന്നു; അവൻ്റെ കാരുണ്യത്തിൻ്റെ ഭാഗമാണത്.

വിജ്ഞാനം പകർന്നു നൽകാനുള്ള വഴികളിലൊന്നാണ് കാര്യങ്ങൾ എളുപ്പമാക്കുന്നതിനും വ്യക്തമാകുന്നതിനും വേണ്ടി ഉദാഹരണങ്ങൾ പറയൽ.

التصنيفات

വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠതകൾ, ഹൃദയത്തിലെ പ്രവർത്തനങ്ങൾ, ദേഹേഛക്കും തന്നിഷ്ടത്തിനുമുള്ള ആക്ഷേപങ്ങൾ