നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ.…

നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ. നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വുദൂഇൻ്റെ വെള്ളത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുൻപ് അവ കഴുകിക്കൊള്ളട്ടെ; തൻ്റെ കൈ രാപ്പാർത്തത് എവിടെയാണെന്ന് അവനറിയുകയില്ല." മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ കൈകൾ മൂന്ന് തവണ കഴുകാതെ അവ പാത്രത്തിൽ മുക്കരുത്. അവൻ്റെ കൈകൾ രാത്രി എവിടെയായിരുന്നു എന്ന് അവനറിയുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ശുദ്ധീകരണവുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. ഒന്ന്: വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിലേക്ക് ശ്വാസത്തോടൊപ്പം വെള്ളം വലിച്ചു കയറ്റുകയും, ശേഷം ശ്വാസത്തോടൊപ്പം അത് പുറത്തേക്ക് ചീറ്റിക്കളയുകയും വേണം. രണ്ട്: ശരീരത്തിൽ നിന്ന് പുറത്തു വന്ന വിസർജ്യം വെള്ളം കൊണ്ടല്ലാതെ - കല്ലു കൊണ്ടോ മറ്റോ - വൃത്തിയാക്കാൻ ഉദ്ദേശിച്ചാൽ അവൻ ഒറ്റയായ എണ്ണങ്ങളിലായാണ് ശുചീകരിക്കേണ്ടത്. ഇപ്രകാരം ശുദ്ധീകരിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് മൂന്ന് തവണ ശുദ്ധിയാക്കണം. വിസർജ്യം പൂർണ്ണമായി നീങ്ങുകയും, അതിൻ്റെ സ്ഥാനം ശുദ്ധിയാവുകയും ചെയ്യുന്നത് വരെയാണ് ഏറ്റവും കൂടിയ എണ്ണം. മൂന്ന്: രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂന്നു തവണ പാത്രത്തിന് പുറത്തു വെച്ച് കൈകൾ കഴുകിയ ശേഷമേ വുദൂഅ് ചെയ്യാനായി പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കാവൂ. കാരണം തൻ്റെ കൈകൾ രാത്രിയിൽ എവിടെയെല്ലാം സ്പർശിച്ചിട്ടുണ്ട് എന്ന് അവനറിയില്ല. ചിലപ്പോൾ നജസുകൾ (മാലിന്യങ്ങൾ) ഉണ്ടാവാനും സാധ്യതയുണ്ട്. അതുമല്ലെങ്കിൽ, പിശാച് അവൻ്റെ കൈകളെ ചലിപ്പിക്കുകയും ഉപദ്രവകരമായ വല്ല വസ്തുവും അതിലേക്ക് കൊണ്ടിടുകയും ചെയ്തിരിക്കാം. അതുമല്ലെങ്കിൽ വെള്ളം മോശമാക്കുന്ന വല്ലതും കൈകളിൽ പിശാച് ഉണ്ടാക്കിയേക്കാം.

فوائد الحديث

വുദൂഅ് ചെയ്യുമ്പോൾ മൂക്കിലേക്ക് വെള്ളം കയറ്റുക എന്നത് നിർബന്ധമാണ്. ശ്വാസം വലിക്കുന്നതോടൊപ്പം വെള്ളം മൂക്കിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. മൂക്കിൽ നിന്ന് വെള്ളം പുറത്തേക്ക് ശ്വാസത്തോടൊപ്പം ചീറ്റിക്കളയുക എന്നതും ഇതു പോലെ നിർബന്ധമാണ്.

കല്ലു കൊണ്ടോ മറ്റോ ശുചീകരിക്കുമ്പോൾ അത് ഒറ്റയാക്കുക എന്നത് സുന്നത്താണ്.

രാത്രിയുറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ കൈകൾ രണ്ടും മൂന്ന് തവണ കഴുകാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

التصنيفات

മലമൂത്ര വിസർജ്ജന മര്യാദകൾ, വുദ്വൂഅ്, ഉറക്കത്തിൻ്റെയും ഉണർച്ചയുടെയും വേളയിൽ പാലിക്കേണ്ട മര്യാദകൾ