അതിക്രമിയായ ഭരണാധികാരിയുടെ അരികിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്

അതിക്രമിയായ ഭരണാധികാരിയുടെ അരികിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിക്രമിയായ ഭരണാധികാരിയുടെ അരികിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്".

[മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ ഹസനാകുന്നു]

الشرح

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിൻ്റെ (ധർമ്മ സമരങ്ങൾ) കൂട്ടത്തിൽ ഏറ്റവും ഉപകാരപ്രദവും മഹത്തരവുമായ രൂപങ്ങളിലൊന്നാണ് അതിക്രമിയായ ഒരു ഭരണാധികാരിയുടെ അടുക്കൽ നീതിയുടെയും സത്യത്തിൻ്റെയും വാക്ക് സംസാരിക്കുക എന്നത്. കാരണം നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക എന്ന ഇസ്‌ലാമിലെ മഹത്തരമായ ആരാധനാകർമ്മമാണ് ഈ പ്രവർത്തി നിർവ്വഹിക്കുന്നതിലൂടെ നടക്കുന്നത്. പ്രയോജനകരമായ നേട്ടം ലഭിക്കുവാനും ഉപദ്രവകരമായ കാര്യങ്ങൾ തടുത്തു നിർത്താനും സാധിക്കുന്ന വിധത്തിലുള്ള വാക്കു കൊണ്ടും, എഴുത്തു കൊണ്ടും, പ്രവർത്തിയിലൂടെയും മറ്റുമെല്ലാം ഇത് നിർവ്വഹിക്കാവുന്നതാണ്.

فوائد الحديث

നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും ജിഹാദിൽ പെട്ടതാണ്.

ഭരണാധികാരിയെ ഗുണദോഷിക്കുക എന്നത് ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്. എന്നാൽ വ്യക്തമായ അറിവോടെയും യുക്തിപരമായും കാര്യങ്ങൾ ഉറപ്പു വരുത്തിയതിന് ശേഷവും മാത്രമേ അക്കാര്യം നിർവ്വഹിക്കാവൂ.

ഖത്താബീ (റഹി) പറയുന്നു: "ഭരണാധികാരിയുടെ അടുക്കൽ സത്യവും നീതിയും പറയുന്നത് ഏറ്റവും മഹത്തരമായ ജിഹാദിൻ്റെ ഭാഗമാകാൻ കാരണമുണ്ട്. യുദ്ധത്തിൽ ശത്രുവിനോട് ഏറ്റുമുട്ടുന്നവൻ താൻ വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുണ്ട് എന്ന ഭയത്തിനും പ്രതീക്ഷക്കും ഇടയിലാണുള്ളത്. എന്നാൽ ഭരണാധികാരിയുടെ മുൻപിൽ സംസാരിക്കുന്നവനെ സംബന്ധിച്ചിടത്തോളം അവൻ അയാളുടെ കീഴിൽ അശക്തനാണ്. സത്യം പറയുകയും, നന്മ കൽപ്പിക്കുകയും ചെയ്തത് മൂലം കടുത്ത നഷ്ടങ്ങൾ സംഭവിക്കാനും, കൊല്ലപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ഈ പോരാട്ടത്തിന് മുന്നിട്ടിറങ്ങുമ്പോൾ ഭയമാണ് അവൻ്റെ മനസ്സിൽ പ്രതീക്ഷയേക്കാൾ മുകളിലുള്ളത്. മറ്റൊരു കാരണം കൂടി ചിലർ പറഞ്ഞിട്ടുണ്ട്. ഭരണാധികാരിയുടെ മുൻപിൽ നന്മ കൽപ്പിക്കുന്നതിലൂടെ അയാൾ അത് സ്വീകരിക്കുകയും, അതിലൂടെ അനേകം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുകയും, വ്യാപകമായ നന്മ സംഭവിക്കാൻ അയാൾ കാരണക്കാരനാവുകയും ചെയ്തേക്കാം. ഇതു കൊണ്ടാണ് അത് ഏറ്റവും മഹത്തരമായ ജിഹാദുകളിലൊന്നായത്.

التصنيفات

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത