നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക.…

നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

റമദാൻ മാസം ആരംഭിക്കുന്നതിൻ്റെയും അവസാനിക്കുന്നതിൻ്റെയും അടയാളമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. റമദാനിൻ്റെ മാസപ്പിറ കണ്ടാൽ നിങ്ങൾ നോമ്പെടുക്കാൻ ആരംഭിക്കണമെന്നും, മാസപ്പിറവി കാണാൻ കഴിയാത്ത വിധത്തിൽ മേഘങ്ങൾ കാരണത്താലോ മറ്റോ നിങ്ങൾക്ക് മറയിടപ്പെട്ടാൽ (റമദാനിന് മുൻപുള്ള മാസമായ) ശഅ്ബാൻ മുപ്പത് പൂർത്തിയായതായി കണക്കു കൂട്ടണമെന്നും നബി -ﷺ- അറിയിക്കുന്നു. ഇതു പോലെ, (റമദാനിന് ശേഷമുള്ള മാസമായ) ശവ്വാലിൻ്റെ മാസപ്പിറവി കണ്ടാൽ നോമ്പ് അവസാനിപ്പിക്കണമെന്നും, മാസപ്പിറവി കാണാൻ സാധിക്കാത്ത വിധത്തിൽ മേഘങ്ങൾ കൊണ്ടോ മറ്റോ തടസ്സമുണ്ടായാൽ റമദാൻ മുപ്പത് ദിവസമുള്ളതായി കണക്കു കൂട്ടണമെന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

فوائد الحديث

മാസപ്പിറവി കാണുക എന്നതാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നതിൽ അടിസ്ഥാനപ്പെടുത്തേണ്ടത്; കണക്കിനെയോ ഗോളശാസ്ത്ര നിഗമനങ്ങളെയോ അല്ല.

റമദാൻ മാസം പ്രവേശിച്ചതായി പ്രഖ്യാപിക്കാൻ അടിസ്ഥാനപ്പെടുത്തുന്നത് ഗോളശാസ്ത്ര കണക്ക് മാത്രമാണെങ്കിൽ -കാഴ്ച്ച പരിഗണിക്കപ്പെടുകയേ ചെയ്തിട്ടില്ലെങ്കിൽ- പ്രസ്തുത കണക്ക് പ്രകാരം നോമ്പെടുക്കുന്നത് നിർബന്ധമില്ലെന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട് എന്ന് ഇബ്നുൽ മുൻദിർ രേഖപ്പെടുത്തിയിട്ടുണ്ട്.

റമദാൻ മാസപ്പിറവി കാണാൻ കഴിയാത്ത വിധത്തിൽ മേഘങ്ങളോ മറ്റോ കാഴ്ച്ചക്ക് തടസ്സം സൃഷ്ടിച്ചാൽ (റമദാനിന് മുൻപുള്ള മാസമായ) ശഅ്ബാൻ മുപ്പത് ദിവസമുണ്ടെന്ന് കണക്കാക്കുകയാണ് വേണ്ടത്.

ചന്ദ്രമാസങ്ങൾ ഇരുപത്തി ഒൻപതോ മുപ്പതോ ദിവസങ്ങളാണ് ഉണ്ടാവുക; (അതിൽ കുറയുകയോ കൂടുകയോ ഇല്ല).

ശവ്വാലിൻ്റെ മാസപ്പിറവി കാണുന്നതിന് മേഘങ്ങളോ മറ്റോ തടസ്സം സൃഷ്ടിച്ചാൽ റമദാൻ മാസം മുപ്പത് ദിവസമായി പൂർത്തീകരിക്കുക എന്നത് നിർബന്ധമാണ്.

മുസ്‌ലിംകളുടെ നോമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്ന ആരും ഇല്ലാത്തതോ അതല്ലെങ്കിൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതോ ആയ പ്രദേശത്താണ് ഒരാൾ താമസിക്കുന്നത് എങ്കിൽ മാസപ്പിറവിയുടെ കാര്യങ്ങൾ സ്വയം ശ്രദ്ധിക്കുകയോ വിശ്വസ്തനായ മറ്റൊരാളെ അക്കാര്യം ശ്രദ്ധിക്കാൻ ഏൽപ്പിക്കുകയോ വേണ്ടതുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് അയാൾ നോമ്പ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടത്.

التصنيفات

മാസപ്പിറവി കാണൽ