നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്

നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്

ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മക്കാവിജയത്തിൻ്റെ വർഷത്തിൽ, മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടു: "നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്.." അപ്പോൾ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! ശവത്തിൽ നിന്നുള്ള കൊഴുപ്പ് ഉപയോഗിക്കുന്നതോ? അത് കൊണ്ട് കപ്പലുകൾക്ക് പുറത്ത് പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്." നബി -ﷺ- പറഞ്ഞു: "ഇല്ല! അത് ഹറാം (നിഷിദ്ധം) തന്നെ." ശേഷം നബി -ﷺ- തുടർന്നു: "അല്ലാഹു യഹൂദരെ ശപിക്കട്ടെ! അല്ലാഹു അതിൻ്റെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ അവർ അത് ഉരുക്കുകയും, ശേഷം വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മക്കാ വിജയത്തിൻ്റെ വർഷത്തിൽ, നബി -ﷺ- മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നത് ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- കേൾക്കുകയുണ്ടായി: "അല്ലാഹുവും അവൻ്റെ ദൂതരും മദ്യവും ശവവും പന്നിയും വിഗ്രഹവും വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു." അപ്പോൾ ചിലർ ചോദിച്ചു: "ശവത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ് വിൽക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ? കാരണം അത് കൊണ്ട് കപ്പലുകൾക്ക് പുറമെ പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, ജനങ്ങൾ തങ്ങളുടെ വിളക്കുകൾ കത്തിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇല്ല. അത് വിൽക്കുന്നത് നിഷിദ്ധം തന്നെ!." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു യഹൂദരെ നശിപ്പിക്കുകയും അവരെ ശപിക്കുകയും ചെയ്യട്ടെ! അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നത് അവരുടെ മേൽ നിഷിദ്ധമാക്കിയപ്പോൾ അവർ കൊഴുപ്പ് ഉരുക്കുകയും, ശേഷം അതിൻ്റെ എണ്ണ വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."

فوائد الحديث

ഇമാം നവവി (റഹി) പറഞ്ഞു: "ശവവും മദ്യവും പന്നിയും വിൽക്കുന്നത് മുസ്‌ലിമായ ഏതൊരാൾക്കും നിഷിദ്ധമാണെന്നതിൽ എല്ലാ മുസ്‌ലിംകളും ഏകാഭിപ്രായക്കാരാണ്."

ഖാദി ഇയാദ്വ് (റഹി) പറയുന്നു: "ഭക്ഷിക്കാനും ഉപയോഗിക്കാനും അനുവാദമില്ലാത്ത വസ്തുക്കൾ വിൽക്കുന്നതും അതിൽ നിന്ന് ലഭിക്കുന്ന പണം ഭക്ഷിക്കുന്നതും അനുവദനീയമല്ല എന്നതിന് ഈ ഹദീഥ് തെളിവാണ്. ഹദീഥിൽ കൊഴുപ്പിൻ്റെ കാര്യം പറഞ്ഞത് ഇതിന് ഉദാഹരണമാണ്."

ഇബ്നു ഹജർ (റഹി) പറയുന്നു: "ഹദീഥിൽ പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ നിന്ന് മനസ്സിലാകുന്നത് 'അത് നിഷിദ്ധമാണ്' എന്ന നബി -ﷺ- യുടെ വാക്ക് കൊണ്ട് ഉദ്ദേശ്യം വിൽപ്പന നിഷിദ്ധമാണെന്നാണ്. അല്ലാതെ അത് ഉപയോഗപ്പെടുത്തുന്നത് നിഷിദ്ധമാണെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. ഇപ്രകാരമാണ് അധികപേരും ഹദീഥിനെ വിശദീകരിച്ചിട്ടുള്ളത്."

നിഷിദ്ധമായ ഏതൊരു കാര്യവും അനുവദനീയമാക്കുന്നതിന് വേണ്ടി പ്രയോഗിക്കുന്ന എല്ലാ കുതന്ത്രവും അസാധുവാണ്.

നവവി (റഹി) പറയുന്നു: "പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു: ശവം വിൽക്കുന്നത് മൊത്തത്തിൽ നിഷിദ്ധമാണ് എന്നതിൽ നിന്ന് മുസ്‌ലിംകളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു കാഫിറിൻ്റെ മൃതശരീരം വിലക്ക് വാങ്ങാമെന്നോ പകരം എന്തെങ്കിലും നൽകാമെന്നോ ശത്രുക്കൾ അറിയിച്ചാൽ അത് അവർക്ക് വിൽക്കുന്നത് നിഷിദ്ധമാണെന്ന് മനസ്സിലാക്കാം. ഖൻദഖ് യുദ്ധത്തിൽ നൗഫൽ ബ്നു അബ്ദില്ലാഹ് അൽ മഖ്സൂമീ എന്ന വ്യക്തിയുടെ മൃതശരീരം വിട്ടുകിട്ടുന്നതിന് വേണ്ടി പതിനായിരം ദിർഹം നൽകാമെന്ന് മുശ്രിക്കുകൾ വാഗ്ദാനം നൽകിയെങ്കിലും നബി -ﷺ- അവരിൽ നിന്ന് ആ പണം സ്വീകരിച്ചില്ലെന്നും, മൃതദേഹം അവർക്ക് വിട്ടുനൽകിയെന്നും ഹദീഥിൽ വന്നിട്ടുണ്ട്."

التصنيفات

മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ നിന്ന് അനുവദനീയമായവയും നിഷിദ്ധമായവയും