നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം…

നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?" സ്വഹാബികൾ പറഞ്ഞു: "അവൻ്റെ മേൽ യാതൊരു മാലിന്യവും അത് ബാക്കി വെക്കില്ല." നബി -ﷺ- പറഞ്ഞു: "അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ ഉപമ ഈ പറഞ്ഞതാകുന്നു. അല്ലാഹു അതിലൂടെ തിന്മകൾ മായ്ച്ചു കളയുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഓരോ പകലിലും രാത്രിയിലുമുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങൾ തിന്മകളെ മായ്ച്ചു കളയുകയും അവ പൊറുക്കപ്പെടാൻ കാരണമാവുകയും ചെയ്യുന്നതിൻ്റെ രൂപം ഒരു ഉപമയിലൂടെ നബി -ﷺ- വിവരിക്കുന്നു. തൻ്റെ വാതിലിന് മുൻപിലുള്ള അരുവിയിൽ നിന്ന് ഒരാൾ എല്ലാ ദിവസവും അഞ്ചു നേരം വീതം കുളിക്കുന്നത് പോലെയാണത്. അയാളുടെ ശരീരത്തിൽ ഒരു മാലിന്യവും വൃത്തികേടും ബാക്കിയുണ്ടാവില്ലല്ലോ?!

فوائد الحديث

ഹദീഥിൽ പാപങ്ങൾ പൊറുക്കും എന്ന് പറഞ്ഞത് ചെറുപാപങ്ങൾ മാത്രമാണ്. വൻപാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ അല്ലാഹുവിനോട് അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് തൗബ ചെയ്യുക തന്നെ വേണം.

അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നതിൻ്റെയും അതിൽ ശ്രദ്ധ പാലിക്കുന്നതിൻ്റെയും, അവയുടെ ശർത്വുകളും (നിബന്ധനകൾ) അർകാനുകളും (അവിഭാജ്യ ഘടകങ്ങൾ) വാജിബുകളും (നിർബന്ധകർമ്മങ്ങൾ) സുന്നത്തുകളും (ഐഛിക കർമ്മങ്ങൾ) പാലിക്കേണ്ടതിൻ്റെയും പ്രാധാന്യവും ശ്രേഷ്ഠതയും.

التصنيفات

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത