അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം…

അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു."

[സ്വഹീഹ്]

الشرح

നബി -ﷺ- ഈ ഹദീഥിൽ ചില പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിയിരിക്കുന്നു: ഒന്ന്: അല്ലാഹുവേ! കടം എന്നെ വരിഞ്ഞു മുറുക്കുകയും, അതിൻ്റെ ആകുലത എന്നെ ബാധിക്കുകയും, ദുരിതം ഞാൻ അനുഭവിക്കുകയും ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുകയും അഭയം ചോദിക്കുകയും ചെയ്യുന്നു. കടം വീട്ടുവാനും കൊടുത്തു തീർക്കാനും നീ എന്നെ സഹായിക്കണമെന്നും ഞാൻ നിന്നോട് തേടുന്നു. രണ്ട്: ശത്രു എന്നെ കീഴടക്കുകയും എനിക്ക് മേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അവനിൽ നിന്നുള്ള ഉപദ്രവങ്ങൾ തടുത്തു നിർത്താനും, അവനെതിരെ എന്നെ സഹായിക്കാനും ഞാൻ നിന്നോട് തേടുന്നു. മൂന്ന്: മുസ്‌ലിംകൾക്ക് പ്രയാസങ്ങൾ ഉണ്ടാവുകയും, അവരെ കുഴപ്പങ്ങളും പ്രശ്നങ്ങളും ബാധിക്കുകയും ചെയ്തതിൻ്റെ പേരിൽ ശത്രുക്കൾക്ക് ആഹ്ളാദവും സന്തോഷവും ലഭിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.

فوائد الحديث

അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് തിരിച്ചു കളയുകയും, ദുഖങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന കടങ്ങൾ പോലുള്ള പ്രയാസങ്ങൾ ഉണ്ടാകുന്നതിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടാനുള്ള ഓർമ്മപ്പെടുത്തൽ.

കടം ഉണ്ടാവുക എന്നത് എപ്പോഴും ഒരു പ്രശ്നമല്ല. എന്നാൽ കടം വീട്ടാൻ കഴിയാത്ത സ്ഥിതി വരുമ്പോഴാണ് അത് പ്രശ്നമാകുന്നത്; ഇതാണ് ഭാരമേറിയ കടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ശത്രുവിന് സന്തോഷം നൽകുകയും, അവന് ആക്ഷേപിക്കാൻ കഴിയുകയും ചെയ്യുന്ന അവസ്ഥകൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അല്ലാഹുവിൽ വിശ്വസിച്ചവരോട് നിഷേധികൾക്ക് ശത്രുതയുണ്ട് എന്ന വസ്തുതയും, മുസ്‌ലിമിന് പ്രയാസം ബാധിക്കുമ്പോൾ അതിൽ അവർക്ക് സന്തോഷമുണ്ടാകുന്നുണ്ട് എന്നതും നബി -ﷺ- അറിയിക്കുന്നു.

ഒരാൾക്ക് ബാധിക്കുന്ന പ്രയാസത്തിൽ ഉണ്ടാകുന്ന വേദനയേക്കാൾ കഠിനമാണ് അതിൻ്റെ പേരിൽ അവൻ്റെ ശത്രുക്കൾ സന്തോഷം പ്രകടിപ്പിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ദുഃഖം.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ