നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും…

നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യസന്ധത പാലിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു കൊണ്ടേയിരുന്നാൽ അവസാനം അല്ലാഹുവിങ്കൽ അവൻ സത്യസന്ധനായി (സിദ്ധീഖ്) രേഖപ്പെടുത്തപ്പെടും.കളവിനെ നിങ്ങൾ സൂക്ഷിക്കുക; തീർച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കുന്നു. അധര്‍മം നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവ് പറയുകയും, കളവു പറയാൻ അവസരം നോക്കിനടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ അല്ലാഹുവിങ്കൽ അവൻ കള്ളനാണ് എന്ന് രേഖപ്പെടുത്തപ്പെടും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സത്യസന്ധത പുലർത്താനും, അത് മുറുകെ പിടിക്കുന്നത് നിരന്തരമായ സൽകർമ്മങ്ങളിലേക്ക് നയിക്കുമെന്നും, അപ്രകാരം സൽകർമ്മങ്ങളിൽ തുടരുന്നത് സ്വർഗത്തിലേക്ക് നയിക്കുമെന്നും നബി -ﷺ- അറിയിക്കുന്നു. ഒരാൾ രഹസ്യത്തിലും പരസ്യത്തിലും സത്യസന്ധത പുലർത്തുന്നതിൽ തുടർന്നു പോയാൽ അവൻ സിദ്ധീഖ് എന്ന പേരിന് അർഹനാകും. സത്യസന്ധതയുടെ പരിപൂർണ്ണത കൈവരിച്ചവൻ എന്നാണ് ആ പേരിൻ്റെ അർത്ഥം. അതോടൊപ്പം അസത്യവും കളവും പറയുന്നതിൽ നിന്നും നബി -ﷺ- താക്കീത് നൽകുകയും ചെയ്യുന്നു. കാരണം നേരായ മാർഗത്തിൽ നിന്ന് വഴിതെറ്റാനാണ് അത് കാരണമാവുക. തിന്മകളും തെറ്റുകളും വൃത്തികേടുകളും പ്രവർത്തിക്കുന്നതിലേക്കുമാണ് അത് നയിക്കുക. പിന്നീട് അവനെ നരകത്തിലേക്കും അത് കൊണ്ടു ചെന്നെത്തിക്കും. ഒരാൾ കളവ് അധികരിപ്പിച്ചു കൊണ്ടേയിരുന്നാൽ അവൻ അല്ലാഹുവിങ്കൽ കള്ളനായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും.

فوائد الحديث

സത്യസന്ധത മാന്യമായ സ്വഭാവമാണ്. പരിശ്രമത്തിലൂടെയും ശ്രദ്ധയിലൂടെയും അത് നേടിയെടുക്കാൻ കഴിയും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അതിൽ ശ്രദ്ധ പുലർത്തുകയും ചെയ്തു കൊണ്ടിരുന്നാൽ അതവൻ്റെ പ്രകൃതവും രീതിയുമായി മാറും. അങ്ങനെ അല്ലാഹുവിങ്കൽ പുണ്യവാന്മാരായ സത്യസന്ധരിൽ -സിദ്ദീഖുകളിൽ- അവൻ രേഖപ്പെടുത്തപ്പെടും.

കളവ് പറയുക എന്നത് വളരെ ആക്ഷേപാർഹമായ സ്വഭാവമാണ്. അതിൽ തുടർന്നു കൊണ്ടേയിരിക്കുന്നതും, വാക്കിലും പ്രവർത്തിയിലും കളവ് സ്ഥിരമാക്കുന്നതും കള്ളത്തരം അവൻ്റെ സ്വഭാവവും ശീലവുമായിത്തീരാൻ വഴിയൊരുക്കും. പിന്നീട് അല്ലാഹുവിങ്കൽ അവൻ കള്ളന്മാരിൽ പെട്ടവനാണ് എന്ന് രേഖപ്പെടുത്തപ്പെടുകയും ചെയ്യും.

സത്യസന്ധത എന്നത് സംസാരത്തിൽ സത്യസന്ധത കാത്തുസൂക്ഷിക്കുന്നതിനും (സത്യം പറയൽ), ഉദ്ദേശ്യശുദ്ധി വെച്ചുപുലർത്തുന്നതിനും (ഇഖ്ലാസ്), നന്മ ചെയ്യാനുള്ള ആത്മാർത്ഥമായ ഉദ്ദേശ്യത്തിനും, പ്രവർത്തനങ്ങളിലെ സത്യസന്ധതക്കും ഒരു പോലെ പറയാവുന്ന വാക്കാണ്. അതിൻ്റെ ഏറ്റവും ചുരുങ്ങിയ അവസ്ഥയെന്നാൽ ഒരാളുടെ രഹസ്യവും പരസ്യവും ഒരു പോലെയാവുക എന്നതും, അല്ലാഹുവുമായുള്ള ബന്ധത്തിൽ -അവനോടുള്ള ഭയത്തിലും പ്രതീക്ഷയിലും മറ്റുമെല്ലാം- സത്യസന്ധത പുലർത്തുക എന്നതുമാണ്. ഈ പറഞ്ഞ വിധത്തിൽ ഒരാൾ ആയിത്തീർന്നാൽ അവൻ സത്യസന്ധനായി -സിദ്ധീഖ്- എന്ന പദവിയിൽ എത്തിച്ചേരുന്നതാണ്. ഇതിൽ ചിലത് മാത്രമുള്ളവൻ -സ്വാദിഖ്- സത്യവാൻ എന്ന പദവിയിലും എത്തിച്ചേരും.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ