തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട്…

തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

പിതാവിൻ്റെയോ പിതാമഹന്മാരുടെയോ പേരുകൾ കൊണ്ട് ശപഥം ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ആരെങ്കിലും ശപഥം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ പേരിൽ മാത്രം ശപഥം ചെയ്യട്ടെ. ഒരിക്കലും അല്ലാഹുവല്ലാത്തവരുടെ പേരിൽ അവൻ ശപഥം ചെയ്യാതിരിക്കട്ടെ. ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- യിൽ നിന്ന് ഈ ഹദീഥ് കേട്ടതിന് ശേഷം, അവിടുന്ന് ഇക്കാര്യം വിലക്കിയത് അറിഞ്ഞതിന് ശേഷം ബോധപൂർവ്വമോ, മറ്റൊരാളുടെ സംസാരത്തിൽ അല്ലാഹുവല്ലാത്തവരെ കൊണ്ടുള്ള ശപഥമുണ്ടെങ്കിൽ അത് വിവരിക്കുന്നതിന് വേണ്ടിയോ പോലും അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്യുന്ന വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല.

فوائد الحديث

അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുന്നത് നിഷിദ്ധമാണ്. പിതാക്കളുടെ പേരിൽ സത്യം ചെയ്യുന്നത് നബി -ﷺ- പ്രത്യേകം വിലക്കിയത് ജാഹിലിയ്യത്തിലെ അറബികളുടെ രീതിയിൽ പെട്ടതായിരുന്നു അത് എന്നതു കൊണ്ടാണ്.

الحَلِف (ശപഥം): എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയുന്നതിന് വേണ്ടി അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമങ്ങളോ ഗുണവിശേഷണങ്ങളോ കൊണ്ടോ സത്യം ചെയ്ത് പറയലാണ്.

ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത നോക്കൂ. നബി -ﷺ- യുടെ കൽപ്പന ഉടനടി നിറവേറ്റുന്നതിലും അതിൻ്റെ ആശയം ഗ്രഹിച്ചെടുക്കുന്നതിലും, ആ വിഷയത്തിൽ പാലിക്കേണ്ട സൂക്ഷ്മതയിലും അദ്ദേഹം സ്വീകരിച്ച മാർഗം അത് ബോധ്യപ്പെടുത്തുന്നുണ്ട്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം