നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു

നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു

ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മരണപ്പെടുന്നതിന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു. എൻ്റെ ഉമ്മത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നുവെങ്കിൽ അബൂബക്റിനെ ഞാൻ ഉറ്റമിത്രമായി (ഖലീലായി) സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിങ്കൽ തനിക്കുള്ള സ്ഥാനത്തെ കുറിച്ച് നബി -ﷺ- അറിയിക്കുന്നു. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നേടിയെടുത്തതു പോലെ, അല്ലാഹുവിങ്കൽ അവിടുത്തെ പദവി സ്നേഹത്തിൻ്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തിയിരിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന് പുറമെ ഒരു ഉറ്റകൂട്ടുകാരൻ തനിക്കുണ്ടാകുന്നത് നബി -ﷺ- നിഷേധിക്കുന്നു. കാരണം അവിടുത്തെ ഹൃദയം മറ്റാരെയും ഉൾക്കൊള്ളാൻ കഴിയാത്ത വിധം അല്ലാഹുവിനോടുള്ള സ്നേഹത്താലും ആദരവിനാലും അവനെ കുറിച്ചുള്ള അറിവിനാലും നിറഞ്ഞിരിക്കുന്നു. സൃഷ്ടികളിൽ നിന്ന് ആരെങ്കിലും അവിടുത്തെ ഉറ്റകൂട്ടുകാരനാകുമായിരുന്നെങ്കിൽ അത് അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- ആകുമായിരുന്നു. ശേഷം യഹൂദ നസ്വാറാക്കൾ തങ്ങളുടെ നബിമാരോടുള്ള സ്നേഹത്തിൽ അതിരുകവിഞ്ഞത് പോലെ മുസ്‌ലിംകളിൽ സംഭവിക്കുന്നതിനെക്കുറിച്ച് നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ വേണ്ടിയുള്ള ആരാധനാകേന്ദ്രങ്ങളാക്കി നബിമാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകളെ അവർ മാറ്റി. ഖബ്റുകൾ കെട്ടിപ്പൊക്കുകയും അതിന് മേൽ ആരാധനാകേന്ദങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവരുടേത് പോലുള്ള പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് തൻ്റെ ഉമ്മത്തിനെ നബി -ﷺ- വിലക്കുകയും ചെയ്യുന്നു.

فوائد الحديث

അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത. സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ വഫാത്തിന് ശേഷം അവിടുത്തെ ഖലീഫയാകാൻ ഏറ്റവും അർഹതയുള്ളവരും അദ്ദേഹമായിരുന്നു.

ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ നിർമ്മിക്കുക എന്നത് മുൻകാല സമൂഹങ്ങൾക്ക് സംഭവിച്ച അതീവ ഗുരുതരമായ തിന്മയിൽ പെട്ടതാണ്.

ഖബ്റുകൾ ആരാധനകൾക്ക് വേണ്ടി നിശ്ചയിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ നിന്നുള്ള വിലക്ക്; ഖബ്റുകൾക്ക് അരികിൽ വെച്ച് നമസ്കരിക്കുകയോ, ഖബ്റിൻ്റെ ദിശയിലേക്ക് നമസ്കരിക്കുകയോ, അതിന് മുകളിൽ മസ്ജിദുകളോ ഖുബ്ബകളോ നിർമ്മിക്കുകയോ ചെയ്യരുത്. ഇതെല്ലാം ശിർക്കിലേക്ക് (ബഹുദൈവാരാധനയിലേക്ക്) നയിക്കുന്ന കാരണങ്ങളാണ്.

സച്ചരിതരായ സ്വാലിഹീങ്ങളുടെ കാര്യത്തിൽ അതിരു കവിയുന്നത് ബഹുദൈവാരാധനയിലേക്ക് നയിക്കുന്നതാണ് എന്ന താക്കീത്.

നബി -ﷺ- താക്കീത് നൽകിയ ഈ വിഷയത്തിൻ്റെ ഗൗരവം ശ്രദ്ധിക്കുക; തൻ്റെ മരണത്തിന് അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് അവിടുന്ന് ഇക്കാര്യം ഊന്നിയൂന്നി പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക!

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, ആരാധ്യതയിലുള്ള ഏകത്വം, സ്വഹാബികളുടെ ശ്രേഷ്ഠത, സ്വഹാബികളുടെ ശ്രേഷ്ഠത