തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു

തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു

ശദ്ദാദ് ബ്‌നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ യിൽ നിന്ന് രണ്ട് കാര്യങ്ങൾ ഞാൻ മനപാഠമാക്കിയിരിക്കുന്നു: "തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (ശിക്ഷാനടപടിയുടെ ഭാഗമായി) വധിക്കുകയാണെങ്കിൽ നല്ലരൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗങ്ങളെ) അറുക്കുകയാണെങ്കിൽ നിങ്ങളുടെ അറവ് നന്നാക്കുകയും ചെയ്യുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, തൻ്റെ അറവുമൃഗത്തിന് അവൻ ആശ്വാസം പകരുകയും ചെയ്യട്ടെ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

എല്ലാ കാര്യങ്ങളിലും ഇഹ്സാൻ പുലർത്തണമെന്ന് അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി ﷺ അറിയിക്കുന്നു. എല്ലാ സ്ഥിതിയിലും അല്ലാഹു തന്നെ കാണുന്നുണ്ട് എന്ന ബോധ്യം കാത്തുസൂക്ഷിക്കലാണ് ഇഹ്സാൻ. ആരാധനകൾ നിർവ്വഹിക്കുമ്പോഴും, നന്മകൾ പ്രവർത്തിക്കുമ്പോഴും, മറ്റുള്ളവരിൽ നിന്ന് ഉപദ്രവങ്ങൾ തടുക്കുമ്പോഴുമെല്ലാം ഈ ബോധ്യം നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുമ്പോഴും മൃഗങ്ങളെ അറുക്കുമ്പോഴും നന്മ പുലർത്തൽ അതിൽ പെട്ടതത്രെ. വധശിക്ഷ നടപ്പിലാക്കുമ്പോൾ; ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വീകരിക്കേണ്ടത്. ഏറ്റവും വേഗത്തിൽ ജീവനെടുക്കുന്നതും, വധിക്കപ്പെടുന്ന വ്യക്തിക്ക് ഏറ്റവും എളുപ്പമുള്ളതുമായ വഴിയാണ് അതിൽ സ്വീകരിക്കേണ്ടത്. അറവ് നടത്തുമ്പോഴും ഇഹ്സാൻ പുലർത്തണം; തൻ്റെ കത്തിയുടെ വായ്ത്തല മൂർച്ച കൂട്ടിക്കൊണ്ടും, അറവ്മൃഗത്തിൻ്റെ മുൻപിൽ വെച്ച് കത്തി മൂർച്ച കൂട്ടാതെയും, അറുക്കാൻ പോകുന്ന മൃഗത്തിൻ്റെ മുൻപിൽ വെച്ച് മറ്റൊരു മൃഗത്തെ അറുക്കാതെയുമെല്ലാമാണ് ഈ ഇഹ്സാൻ പുലർത്തേണ്ടത്.

فوائد الحديث

അല്ലാഹുവിന് അവൻ്റെ സൃഷ്ടികളോടുള്ള കാരുണ്യവും അനുകമ്പയും.

ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടാണ് വധശിക്ഷയും അറവുമെല്ലാം നടത്തേണ്ടത്; അതാണ് അവയിലെ ഇഹ്സാനിൻ്റെ രൂപം.

ഇസ്‌ലാമിക മതവിധികളിലെ പൂർണ്ണതയും, എല്ലാ നന്മകളിലേക്കും അവ വെളിച്ചം വീശുന്ന രൂപവും. മൃഗങ്ങളോടുള്ള കരുണ്യവും അവരോടുള്ള അനുകമ്പയും അതിൽ പെട്ടതാണ്.

ഒരാളെ വധിച്ചതിന് ശേഷം അവൻ്റെ ശരീരത്തിൽ അംഗച്ഛേദം വരുത്തുന്നത് വിലക്കപ്പെട്ട കാര്യമാണ്.

മൃഗങ്ങളെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിഷിദ്ധമാണ്.

التصنيفات

നബി -ﷺ- യുടെ സൗമ്യത