നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ…

നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിം തൻ്റെ മാതാവിനോടും പിതാവിനോടും മകനോടും മകളോടും മറ്റ് സർവ്വ ജനങ്ങളോടും ഉള്ള സ്‌നേഹത്തെക്കാൾ നബി -ﷺ- യോടുള്ള സ്‌നേഹത്തിന് മുൻഗണന നൽകുന്നതുവരെ വിശ്വാസത്തിൽ പൂർണനാവുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- യോടുള്ള ഈ സ്നേഹം അവിടുത്തെ അനുസരിക്കുന്നതിനും അവിടുത്തെ സഹായിക്കുന്നതിനും അവിടുത്തെ ധിക്കരിക്കാതിരിക്കുന്നതിനും പ്രേരിപ്പിക്കുന്ന യഥാർത്ഥ സ്നേഹമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

فوائد الحديث

നബി -ﷺ- യെ സ്നേഹിക്കുക എന്നതും, എല്ലാ സൃഷ്ടികളേക്കാളും അവിടുത്തെ സ്നേഹിക്കുക എന്നതും നിർബന്ധമായ കാര്യമാണ്.

നബി -ﷺ- യോടുള്ള സ്നേഹം സമ്പൂർണ്ണമാണ് എന്നതിൻ്റെ അടയാളമാണ് നബി -ﷺ- യുടെ ചര്യയെ സഹായിക്കുകയും, ആ മാർഗത്തിൽ സമ്പത്തും ആരോഗ്യവും ചെലവഴിക്കുക എന്നതും.

നബി -ﷺ- യോടുള്ള സ്നേഹം അവിടുന്ന് കൽപ്പിച്ച കാര്യങ്ങളിൽ അവിടുത്തെ അനുസരിക്കാനും, അവിടുന്ന് അറിയിച്ച കാര്യങ്ങൾ സത്യപ്പെടുത്താനും, അവിടുന്ന് വിലക്കുകയും താക്കീത് നൽകുകയും ചെയ്ത കാര്യങ്ങൾ ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നു. അവിടുത്തെ പിൻപറ്റുകയും ദീനിൽ പുതിയ കാര്യങ്ങൾ നിർമ്മിക്കാതിരിക്കുകയും ചെയ്യുക നബിയോടുള്ള സ്നേഹത്തിന്റെ അനിവാര്യ താല്പര്യമാണ്.

എല്ലാ ജനങ്ങൾക്കുമുള്ള അവകാശത്തേക്കാൾ പ്രധാനപ്പെട്ടതും ഗൗരവപ്പെട്ടതും നബി -ﷺ- യോടുള്ള ബാധ്യതയാണ്. നമുക്ക് വഴികേടിൽ നിന്ന് സന്മാർഗം ലഭിക്കാനും, നരകത്തിൽ നിന്ന് രക്ഷപ്പെടാനും സ്വർഗം ലഭിക്കാനുമുള്ള കാരണം അല്ലാഹുവിൻ്റെ റസൂൽ -ﷺ- യാണ്.

التصنيفات

ഹൃദയത്തിലെ പ്രവർത്തനങ്ങൾ