(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ-…

(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: "(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ഒരു സംഘമാളുകൾ അവിടുത്തെ അരികിൽ വന്നു കൊണ്ട് ഒരു ചോദ്യം ചോദിച്ചു. തങ്ങളുടെ നാവ് കൊണ്ട് പുറത്തു പറയാൻ സാധിക്കാത്തത്ര ഗുരുതരമായ മനസ്സിന് ഏറെ പ്രയാസകരവുമായ ചില ചിന്തകൾ മനസ്സിൽ അനുഭവപ്പെടുന്നു എന്നതായിരുന്നു അവരുടെ പ്രയാസം. അപ്പോൾ നബി -ﷺ- പറഞ്ഞു: നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ഈ അനുഭവിക്കുന്ന കാര്യം ഈമാനിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും വ്യക്തമായ അടയാളമാണ്. പിശാച് മനസ്സിൽ തോന്നിപ്പിക്കുന്ന ഇത്തരം ചിന്തകളെ പ്രതിരോധിക്കാനും അതിനെ കുറിച്ച് സംസാരിക്കുന്നത് വെറുപ്പുള്ളതായി തോന്നാനും നിങ്ങളുടെ മനസ്സിൽ അത് വലിയ (തിന്മയായി) കാണാനും നിങ്ങളെ പ്രേരിപ്പിക്കുന്നത് ഈ ഈമാനാണ്. പിശാചിന് നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായി കീഴടക്കാൻ സാധിച്ചിട്ടില്ല. കാരണം അവൻ ഹൃദയത്തെ കീഴടക്കിയിരുന്നെങ്കിൽ ഈ ചിന്തകളെ പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല.

فوائد الحديث

ഈമാനുള്ളവരുടെ മുൻപിൽ പിശാചിൻ്റെ തന്ത്രം തീർത്തും ദുർബലമാണ്. അവരെ ദുർമന്ത്രണം ചെയ്യാനല്ലാതെ അവന് സാധിക്കുന്നില്ല.

പിശാച് മനസ്സിൽ കൊണ്ടുവന്നിടുന്ന ദുർമന്ത്രണങ്ങളെ സത്യപ്പെടുത്തുകയോ മനസ്സിൽ അംഗീകരിക്കുകയോ ചെയ്യരുത്; കാരണം അവ പിശാചിൽ നിന്നുള്ളതാണ്.

പിശാചിൻ്റെ ദുർമന്ത്രണങ്ങൾ യഥാർത്ഥ വിശ്വാസമുള്ള ഒരു മുഅ്മിനിന് ഉപദ്രവമുണ്ടാക്കുകയില്ല. എന്നാൽ പിശാചിൻ്റെ ദുർമന്ത്രണത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് രക്ഷ തേടുകയും, അത്തരം ചിന്തകളിൽ മുഴുകാതിരിക്കുകയും വേണം.

തൻ്റെ ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയങ്ങൾ ഉണ്ടായാൽ അവയെ കുറിച്ച് മിണ്ടാതിരിക്കുക എന്നത് ശരിയല്ല. മറിച്ച്, അറിവുള്ളവരോട് അക്കാര്യം ചോദിച്ച് പഠിക്കണം.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, ഈമാനിൻ്റെ വർദ്ധനവും കുറവും