إعدادات العرض
അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ…
അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാളുടെ ക്ഷണം സ്വീകരിച്ചു വന്നെത്തിയ (സദസ്സിൽ) ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെ അവിടുത്തേക്ക് (ആടിൻ്റെ) തുടയുടെ മാംസഭാഗം നൽകപ്പെട്ടു; നബി -ﷺ- ക്ക് അത് ഇഷ്ടമായിരുന്നു. അവിടുന്ന് തൻ്റെ മുൻപല്ലുകൾ കൊണ്ട് അത് ഒരു കടി കടിച്ചു; ശേഷം പറഞ്ഞു: "ഖിയാമത് നാളിൽ മനുഷ്യരുടെ നേതാവ് ഞാനായിരിക്കും. എന്തു കൊണ്ടാണത് എന്ന് നിങ്ങൾക്കറിയുമോ?! അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും. അതോടെ ജനങ്ങൾ പറയും: "നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ഈ കടുത്ത പ്രയാസം നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ റബ്ബിനോട് നിങ്ങൾക്ക് വേണ്ടി ശുപാർശ പറയാൻ ഒരാളെ നോക്കുകയല്ലേ?!" അങ്ങനെ ജനങ്ങളിൽ ചിലർ മറ്റു ചിലരോട് പറയും: "നിങ്ങളുടെ പിതാവ് ആദമുണ്ട്." അവർ ആദമിൻ്റെ അരികിൽ ചെന്ന് അദ്ദേഹത്തോട് പറയും: "ഹേ ആദം! താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരം കൊണ്ട് താങ്കളെ സൃഷ്ടിക്കുകയും, (അവൻ സൃഷ്ടിച്ച) അവൻ്റെ ആത്മാവ് താങ്കളിൽ ഊതുകയും, മലക്കുകളോട് താങ്കൾക്ക് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കുകയും, അങ്ങനെ അവർ താങ്കൾക്ക് (ആദരവിന്റെ) സുജൂദ് ചെയ്യുകയും ഉണ്ടായി. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് താങ്കൾ ശുപാർശ ചെയ്താലും. ഞങ്ങളുടെ അവസ്ഥയും ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയും താങ്കൾ കാണുന്നില്ലേ?!" ആദം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ആ വൃക്ഷത്തിൽ നിന്ന് അവൻ എന്നെ വിലക്കിയിരുന്നു; പക്ഷേ ഞാൻ അവനോട് അനുസരണക്കേട് കാണിച്ചു; എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹിൻ്റെ അരികിൽ പോവുക." അങ്ങനെ അവർ നൂഹിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ നൂഹ്! ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട റസൂലുകളിൽ ആദ്യത്തെയാൾ താങ്കളാണ്. നന്ദിയുള്ള അടിമ എന്ന് അല്ലാഹു താങ്കൾക്ക് പേര് നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് താങ്കൾ ശുപാർശ പറഞ്ഞാലും. ഞങ്ങളുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ?! " നൂഹ് -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥന എനിക്കുണ്ടായിരുന്നു; എൻ്റെ ജനതക്കെതിരെയാണ് ഞാൻ ആ പ്രാർത്ഥന നടത്തിയത്. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ പോവുക." ജനങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഇബ്റാഹീം! താങ്കൾ അല്ലാഹുവിൻ്റെ നബിയും ഭൂമിയിൽ വസിച്ചവരിൽ നിന്ന് അവൻ ഖലീലായി സ്വീകരിച്ചവനുമാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഇബ്റാഹീം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ മൂന്നു കളവുകൾ പറഞ്ഞു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മൂസായുടെ അരികിൽ പോവുക." ജനങ്ങൾ മൂസാ -عَلَيْهِ السَّلَامُ- യുടെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ മൂസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു നുബുവ്വത് നൽകിക്കൊണ്ടും, അവൻ താങ്കളോട് സംസാരിച്ചു കൊണ്ടും ജനങ്ങൾക്ക് മേൽ താങ്കൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" മൂസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. എന്നോട് കൽപ്പിക്കപ്പെടാത്ത ഒരാളെ ഞാൻ വധിച്ചു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മർയമിന്റെ മകൻ ഈസായുടെ അരികിൽ പോവുക." ജനങ്ങൾ ഈസാ -عَلَيْهِ السَّلَامُ- ൻ്റെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, മർയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത അവൻ്റെ വചനവും, അവൻ സൃഷ്ടിച്ച ആത്മാവുമാകുന്നു. തൊട്ടിലിൽ ആയിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഈസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; അതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല." അദ്ദേഹം ഏതെങ്കിലും തെറ്റു ചെയ്തതായി പറയുകയില്ല. "എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ പോവുക." അങ്ങനെ ജനങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് പറയും: "ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, നബിമാരിൽ അന്തിമനുമാകുന്നു. താങ്കളുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം അല്ലാഹു താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയൂ! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ പുറപ്പെടുകയും, അല്ലാഹുവിൻ്റെ അർശിനു താഴെ എത്തുകയും ചെയ്യും. എന്നിട്ട് എൻ്റെ റബ്ബിന് മുൻപിൽ ഞാൻ സുജൂദിൽ വീഴും; ശേഷം എനിക്ക് മുൻപ് മറ്റൊരാൾക്കും അല്ലാഹു തുറന്നു കൊടുത്തിട്ടില്ലാത്ത സ്തുതികളും റബ്ബിനെ പുകഴ്ത്താനുള്ള മനോഹരമായ വചനങ്ങളും അല്ലാഹു എനിക്ക് തുറന്നു തരും. ശേഷം എന്നോട് പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തുക; താങ്കൾ ചോദിക്കുക; താങ്കൾ ചോദിക്കുന്നത് നൽകപ്പെടും. താങ്കൾ ശുപാർശ പറയുക; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടും." അപ്പോൾ ഞാൻ എൻ്റെ തലയുയർത്തും; എന്നിട്ട് പറയും: "എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത!" അപ്പോൾ പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിൽ നിന്ന് വിചാരണയില്ലാത്തവരെ സ്വർഗത്തിൻ്റെ വലതു ഭാഗത്തുള്ള വാതിലിൽ കൂടെ പ്രവേശിപ്പിക്കുക. അതിനു പുറമെയുള്ള സ്വർഗത്തിൻ്റെ വാതിലുകളിൽ അവർ ജനങ്ങളോട് പങ്കുചേരുന്നവരാണ്." ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗകവാടങ്ങളുടെ രണ്ടു വശങ്ങൾക്കിടയിൽ മക്കയുടെയും ഹിംയറിൻ്റെയും ഇടയിലുള്ളതു പോലെ, അല്ലെങ്കിൽ മക്കയുടെയും ബുസ്റായുടെയും ഇടയിലുള്ളതു പോലെ വിസ്താരമുണ്ട്."
الترجمة
العربية Bosanski English فارسی Français Bahasa Indonesia Русский اردو 中文 हिन्दी Tiếng Việt Español Kurdî Português සිංහල Kiswahili অসমীয়া ગુજરાતી Nederlands አማርኛ Hausa Română ไทยالشرح
നബി -ﷺ- ഒരിക്കൽ തൻ്റെ അനുചരന്മാരായ സ്വഹാബികളോടൊപ്പം ഒരു വിരുന്നിൽ സംബന്ധിക്കുകയായിരുന്നു. അങ്ങനെയിരിക്കെ അവിടുത്തേക്ക് ആടിൻ്റെ തുടയുടെ മാംസഭാഗം കഴിക്കാനായി നൽകപ്പെട്ടു. ആടിൻ്റെ മാംസത്തിൽ അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഭാഗമായിരുന്നു അത്. തൻ്റെ പല്ലുകളുടെ അറ്റം കൊണ്ട് അതിൽ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു കൊണ്ട് അവിടുന്ന് അവരോട് സംസാരിക്കാൻ ആരംഭിച്ചു. നബി -ﷺ- പറഞ്ഞു: ഖിയാമത്ത് നാളിൽ ഞാൻ ആദം സന്തതികളുടെ നേതാവായിരിക്കും. അല്ലാഹു നബി -ﷺ- ക്ക് നൽകിയ അനുഗ്രഹം എടുത്തു പറയുക എന്ന ഉദ്ദേശ്യത്തിലായിരുന്നു അവിടുന്ന് അത് പറഞ്ഞത്. ശേഷം നബി -ﷺ- പറഞ്ഞു: "എന്തു കൊണ്ടാണ് അപ്രകാരം എന്ന് നിങ്ങൾക്കറിയുമോ? ജനങ്ങൾ അന്ത്യനാളിൽ ഒരേ വിധത്തിൽ നീണ്ടുപരന്നു കിടക്കുന്ന ഒരു വിശാലമായ ഭൂപ്രദേശത്താണ് ഒരുമിച്ചു കൂട്ടപ്പെടുക. അവിടെ വിളംബരം നടത്തുന്നവൻ്റെ ശബ്ദം എല്ലാവർക്കും കേൾക്കാൻ കഴിയും; നിരീക്ഷകന്മാർക്ക് അവരിൽ ഒരാളെയും മറഞ്ഞു പോകാത്ത വിധം അവരെ കാണാനും കഴിയും. അവർ നിൽക്കുന്നത് പരന്ന ഒരു ഭൂപ്രദേശത്താണെന്നതിനാൽ ഒരാൾക്കും നിരീക്ഷകന്മാരിൽ നിന്ന് മറഞ്ഞു നിൽക്കാൻ കഴിയില്ല. അവരിൽ ഒരാൾ സംസാരിച്ചാൽ എല്ലാവർക്കും അവരെ കേൾക്കാനും, കാണാനും സാധിക്കും. സൂര്യൻ മറ്റു സൃഷ്ടികളോട് ഒരു മൈൽ ദൂരത്തിൽ അടുക്കുന്ന സന്ദർഭമാണത്. പ്രയാസവും കഠിനതയും അവർക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ അവരെ മൂടിക്കളയും. അങ്ങനെ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താൻ ശുപാർശകരായി ആരെയെങ്കിലും ലഭിക്കുമോ എന്നവർ അന്വേഷിക്കും. അങ്ങനെ അവരിൽ ഈമാനുള്ളവരായ ദാസന്മാർക്ക് മനുഷ്യപിതാവായ ആദമിൻ്റെ (عليه السلام) അരികിൽ പോകാൻ അല്ലാഹു മനസ്സിൽ തോന്നിപ്പിക്കും. അവർ ആദം നബിയുടെ അരികിൽ (عليه السلام) ചെല്ലുകയും, അദ്ദേഹത്തിൻ്റെ ശ്രേഷ്ഠതകൾ എടുത്തു പറഞ്ഞു കൊണ്ട് തങ്ങൾക്കായി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. അവർ പറയും: താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരങ്ങൾ കൊണ്ട് താങ്കളെ സൃഷ്ടിച്ചിരിക്കുന്നു. മലക്കുകളെ താങ്കൾക്ക് മുൻപിൽ സുജൂദ് ചെയ്യിപ്പിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും നാമങ്ങളും അവൻ താങ്കൾക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു. അവൻ്റെ പക്കൽ നിന്നുള്ള ആത്മാവ് അവൻ താങ്കളിൽ ഊതുകയും ചെയ്തിരിക്കുന്നു. അപ്പോൾ ആദം (عليه السلام) അവരോട് ഒഴിവുകഴിവ് ബോധിപ്പിച്ചു കൊണ്ട് പറയും: എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ശേഷം തനിക്ക് സംഭവിച്ച അബദ്ധം അദ്ദേഹം എടുത്തു പറയും. അല്ലാഹു ആദമിനോട് ഭക്ഷിക്കരുതെന്ന് വിലക്കിയ വൃക്ഷത്തിൽ നിന്ന് അദ്ദേഹം ഭക്ഷിച്ചു എന്നതാണത്. എന്നിട്ട് അദ്ദേഹം പറയും: എൻ്റെ രക്ഷക്ക് തന്നെ ശുപാർശ വേണ്ട സ്ഥിതിയായിരിക്കുന്നു. നിങ്ങൾ ഞാനല്ലാത്ത ഒരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹ് (عليه السلام) നബിയുടെ അരികിൽ പോവുക. അങ്ങനെ ജനങ്ങൾ നൂഹ് നബിയുടെ (عليه السلام) അരികിൽ ചെല്ലുകയും അദ്ദേഹത്തോട് ഇപ്രകാരം പറയുകയും ചെയ്യും: താങ്കൾ അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആദ്യത്തെ റസൂലാണ്. അല്ലാഹു ഭൂമിയിലുള്ളവരിലേക്ക് താങ്കളെ നിയോഗിച്ചു. താങ്കളെ നന്ദിപാലിക്കുന്ന ദാസൻ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. എന്നാൽ നൂഹ് (عليه السلام) നബിയും ഒഴിവുകഴിവ് പറയും. അല്ലാഹു ഇന്ന് കോപിച്ചിരിക്കുന്നു എന്നും, ഇതു പോലെ മുൻപൊരിക്കലും അവൻ കോപിച്ചിട്ടില്ല എന്നും, ഇനിയൊരിക്കലും അവൻ ഇതുപോലെ കോപിക്കുകയില്ല എന്നും അദ്ദേഹം പറയും. തനിക്ക് സ്വീകരിക്കാമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന നൽകപ്പെട്ടിട്ട് തൻ്റെ ജനതക്ക് എതിരെയാണ് താൻ പ്രാർത്ഥിക്കുകയുണ്ടായതെന്ന് അദ്ദേഹം പറയും. തൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് താനുള്ളതെന്നും, നിങ്ങൾ ഞാനല്ലാത്ത ഒരാളിലേക്ക് ചെല്ലൂ എന്നും, ഇബ്രാഹീം നബിയെ (عليه السلام) സന്ദർശിക്കൂ എന്നും അദ്ദേഹം പറയും. അങ്ങനെ ജനങ്ങൾ ഇബ്റാഹീം നബിയുടെ (عليه السلام) അരികിൽ ചെല്ലും. അവർ പറയും: താങ്കൾ അല്ലാഹുവിൻ്റെ ഉറ്റമിത്രമായ ഖലീലുല്ലാഹ് ആണ്. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നുണ്ടല്ലോ?! അദ്ദേഹം പറയും: എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ശേഷം തനിക്ക് സംഭവിച്ച അബദ്ധം അദ്ദേഹം എടുത്തു പറയും. താൻ മൂന്ന് തവണ കളവ് പറഞ്ഞിട്ടുണ്ട് എന്നതാണത്. മുശ്‌രിക്കുകളുടെ ആഘോഷത്തിന് വിളിച്ചപ്പോൾ 'ഞാൻ രോഗിയാണ്' എന്ന് പറഞ്ഞതും, വിഗ്രഹങ്ങളെ തകർത്ത ശേഷം അവയെ തകർത്തത് അവരിലെ ഏറ്റവും വലിയ വിഗ്രഹമാണെന്ന് പറഞ്ഞതും, അതിക്രമിയായ ഒരു രാജാവിൻ്റെ മുൻപിൽ രക്ഷപ്പെടാൻ തൻ്റെ ഭാര്യയായ സാറയോട് തന്നെക്കുറിച്ച് 'എൻ്റെ സഹോദരനാണെന്ന് പറഞ്ഞോളൂ' എന്ന് പറഞ്ഞതുമാണ് അദ്ദേഹം കളവുകൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഈ മൂന്ന് വാക്കുകളും യഥാർത്ഥത്തിൽ കളവുകളിൽ ഉൾപ്പെടുകയില്ല എന്നതാണ് സത്യം. മറിച്ച്, സത്യവും അസത്യവും ഉദ്ദേശിക്കപ്പെടാൻ ഒരേ പോലെ സാധ്യതയുള്ള ദ്വയാർത്ഥം അടങ്ങുന്ന പ്രയോഗങ്ങളായിരുന്നു അവ. പക്ഷേ, അവ ഒരർത്ഥത്തിൽ കളവിനോട് സാദൃശ്യമുള്ളതായതിനാൽ അദ്ദേഹം അവയുടെ കാര്യം ഭയപ്പെടുകയും, അല്ലാഹുവിൻ്റെ മുൻപിൽ ശുപാർശ പറയാൻ മാത്രം തനിക്ക് സ്ഥാനമില്ലെന്ന് വിനയം പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതൽ അറിവും സ്ഥാനവുമുള്ളവർക്ക് അവനെ കുറിച്ചുള്ള ഭയം കഠിനമായിരിക്കും.അദ്ദേഹം പറയും: എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മൂസായുടെ (عليه السلام) അരികിൽ പോവുക. അങ്ങനെ അവർ മൂസാ നബിയുടെ (عليه السلام) അരികിൽ ചെല്ലും. അവർ പറയും: മൂസാ! അല്ലാഹുവിൻ്റെ റസൂലാണ് താങ്കൾ. അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള സന്ദേശം കൊണ്ടും താങ്കളോട് സംസാരിച്ചു കൊണ്ടും താങ്കളെ ആദരിച്ചിരിക്കുന്നു. അതിനാൽ താങ്കളുടെ രക്ഷിതാവിങ്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നുണ്ടല്ലോ?! അപ്പോൾ മൂസാ (عليه السلام) പറയും: "എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ എന്നോട് കൽപ്പിക്കപ്പെടാതെ ഒരു മനുഷ്യനെ വധിച്ചു പോയിരിക്കുന്നു. എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മർയമിൻ്റെ മകൻ ഈസായുടെ (عليه السلام) അരികിൽ പോവുക." അങ്ങനെ അവർ ഈസായുടെ (عليه السلام) അടുത്തെത്തും. അവർ പറയും: ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു മർയമിലേക്ക് ഇട്ടുനൽകിയ അവൻ്റെ വചനവും അല്ലാഹുവിൽ നിന്നുള്ള (അവൻ സൃഷ്ടിച്ച) ആത്മാവുമാകുന്നു. തൊട്ടിലിൽ കിടക്കുന്ന കുട്ടിയായിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയുണ്ടായി. അതിനാൽ താങ്കളുടെ രക്ഷിതാവിനോട് ഞങ്ങൾക്കായി ശുപാർശ പറഞ്ഞാലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?! ഈസാ (عليه السلام) പറയും: "എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. -അദ്ദേഹം തൻ്റെ തെറ്റായി യാതൊന്നും പറയുകയില്ല-. എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മുഹമ്മദിൻ്റെ ﷺ അരികിൽ പോവുക." അങ്ങനെ അവർ മുഹമ്മദ് നബി -ﷺ- യുടെ അരികിലെത്തും. അവർ പറയും: ഹേ മുഹമ്മദ്! അങ്ങ് അല്ലാഹുവിൻ്റെ റസൂലും നബിമാരിൽ അന്തിമനുമാണ്. അല്ലാഹു മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ തെറ്റുകളും താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് ശുപാർശ പറഞ്ഞാലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ (മുഹമ്മദ് നബി -ﷺ-) ശുപാർശ പറയാനായി പുറപ്പെടുകയും, അർശിൻ്റെ (അല്ലാഹുവിൻ്റെ സിംഹാസനം) താഴെ എത്തുകയും ചെയ്യും. ശേഷം എൻ്റെ റബ്ബിൻ്റെ മുൻപിൽ ഞാൻ സുജൂദിൽ വീഴും. ശേഷം അല്ലാഹു അവനെ സ്തുതിക്കുന്നതും മനോഹരമായി പ്രകീർത്തിക്കുന്നതുമായ സ്തുതിവാചകങ്ങൾ എനിക്ക് തുറന്നുനൽകും. എനിക്ക് മുൻപ് മറ്റൊരാൾക്കും നൽകപ്പെട്ടിട്ടില്ലാത്തവയായിരിക്കും അവ. ശേഷം എന്നോട് പറയപ്പെടും: ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തിക്കൊള്ളുക. താങ്കൾ ചോദിച്ചു കൊള്ളൂ; താങ്കൾക്ക് നൽകപ്പെടുന്നതാണ്. താങ്കൾ ശുപാർശ ചെയ്തോളൂ; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടുന്നതാണ്. അങ്ങനെ ഞാൻ തലയുയർത്തുകയും 'എൻ്റെ റബ്ബേ! എൻ്റെ ഉമ്മത്ത്! എൻ്റെ റബ്ബേ! എൻ്റെ ജനത!" എന്നിങ്ങനെ പറയുകയും ചെയ്യും. അങ്ങനെ നബി -ﷺ- യുടെ ശുപാർശ സ്വീകരിക്കപ്പെടും. അവിടുത്തോട് പറയപ്പെടും: ഹേ മുഹമ്മദ്! താങ്കളുടെ ജനതയിൽ നിന്ന് വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സ്വർഗത്തിൻ്റെ വലതുവശത്തുള്ള വാതിലിലൂടെ പ്രവേശിപ്പിക്കുക. അതല്ലാത്ത മറ്റു വാതിലുകൾ അവർക്കും മറ്റു ജനതകൾക്കും ഒരു പോലെയുള്ളതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗത്തിൻ്റെ വാതിലുകളിൽ ഒന്നിൻ്റെ രണ്ട് അറ്റങ്ങൾക്കിടയിൽ മക്കക്കും യമനിലെ സ്വൻആഇനും ഇടയിലുള്ള ദൂരമുണ്ട്. അല്ലെങ്കിൽ, മക്കക്കും ശാമിലെ ബുസ്റാക്കും (ഹൗറാൻ പട്ടണം) ഇടയിലുള്ള അകലമുണ്ട്.فوائد الحديث
നബി -ﷺ- യുടെ വിനയം. അവിടുന്ന് തൻ്റെ അനുചരന്മാരുടെ ക്ഷണം സ്വീകരിക്കുകയും, സ്വഹാബികളോടൊപ്പം ഭക്ഷണത്തിനായി ഇരിക്കുകയും ചെയ്യുമായിരുന്നു.
നമ്മുടെ നബി മുഹമ്മദ് -ﷺ- സർവ്വ ജനങ്ങളിലും ഉത്തമരായവരാണ്.
ഖാദ്വീ ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "ഞാൻ മനുഷ്യരുടെ 'സയ്യിദ്' ആണെന്നാണ് നബി -ﷺ- പറഞ്ഞത്. തൻ്റെ ജനങ്ങളെ നയിക്കുകയും, പ്രയാസവേളകളിൽ അവർ ഓടിയണയുകയും ചെയ്യുന്നവരാണ് സയ്യിദ്.
നബി -ﷺ- ഇഹലോകത്തും പരലോകത്തും ജനങ്ങളുടെ സയ്യിദാണ്. എന്നാൽ ഖിയാമത്ത് നാളിൻ്റെ കാര്യം ഈ ഹദീഥിൽ പ്രത്യേകം എടുത്തു പറഞ്ഞത് ഈ നേതൃത്വത്തിൻ്റെ ഉന്നതി കാരണത്താലും, എല്ലാവരാലും അംഗീകരിക്കപ്പെടുന്ന സമയമാണത് എന്നതിനാലുമാണ്. ആദം
(عليه السلام) നബിയും അദ്ദേഹത്തിന് ശേഷമുള്ള മനുഷ്യവർഗത്തിലെ സകലരും അന്നേരം നബി -ﷺ- യുടെ പതാകക്ക് കീഴിലായിരിക്കും."
ആദം നബിയോടും ശേഷമുള്ള നബിമാരോടും ആദ്യം ശുപാർശ പറയുന്നതിന് വേണ്ടി ആവശ്യപ്പെടാൻ അല്ലാഹു ജനങ്ങളുടെ മനസ്സിൽ തോന്നിപ്പിച്ചതും, അവസാനം നബി -ﷺ- യുടെ അടുക്കലേക്ക് അവരെ എത്തിച്ചതും അവിടുത്തേക്കുള്ള ശ്രേഷ്ഠത കൂടുതൽ പ്രകടമാകുന്നതിന് വേണ്ടിയാണ്. പദവികളുടെ ഉന്നതിയിലും അല്ലാഹുവിനോടുള്ള സാമീപ്യത്തിൻ്റെ പൂർണ്ണതയിലും മുഹമ്മദ് നബിയാണ് -ﷺ- അവസാനവാക്ക്.
ഒരാളുടെ പക്കൽ നിന്ന് എന്തെങ്കിലും ആവശ്യം ചോദിക്കാൻ തുനിയുമ്പോൾ ചോദിക്കപ്പെടുന്ന വ്യക്തിയെ ഏറ്റവും നല്ല രൂപത്തിൽ വിശേഷിപ്പിക്കുക എന്നത് നല്ല രീതിയാണ്. തൻ്റെ ആവശ്യം അംഗീകരിക്കപ്പെടാൻ അത് ഏറെ സഹായകമാണ്.
തന്നോട് ചോദിക്കപ്പെട്ട ഒരു കാര്യം തനിക്ക് ചെയ്തു നൽകാൻ സാധിക്കുന്നതല്ലെങ്കിൽ ഒഴിവുകഴിവ് പറയുക എന്നതിൽ തെറ്റില്ല. തന്നേക്കാൾ അതിന് സാധിക്കുന്ന മറ്റൊരാളുണ്ട് എങ്കിൽ അയാളുടെ അടുത്തേക്ക് അവരെ പറഞ്ഞയക്കുകയുമാകാം.
പരലോകത്ത് മനുഷ്യർ ഒന്നിച്ചു കൂടുന്ന സ്ഥാനത്തിൻ്റെ ഭയാനകമായ അവസ്ഥയും, അന്ത്യനാളിലെ മഹ്ശറിൻ്റെ സ്ഥിതി എത്ര കഠിനമായിരിക്കുമെന്ന ഓർമ്മപ്പെടുത്തലും.
നബിമാരെല്ലാം വിനയമുള്ളവാണ്; തങ്ങൾക്ക് സംഭവിച്ച അബദ്ധങ്ങളും കുറവുകളും അവർ ഓർത്തു പറയുന്നു. തങ്ങളോട് തേടുന്ന കാര്യം ചെയ്യാൻ മാത്രമുള്ള പദവിയിലല്ല തങ്ങളുള്ളതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടാനാണ് അവരപ്രകാരം ചെയ്തത്.
ഏറ്റവും മഹത്തരമായ ശഫാഅത്ത് (എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ശുപാർശ) ഹദീഥുകളിൽ സ്ഥിരപ്പെട്ടതാണ്. മനുഷ്യർക്കിടയിൽ വിധി പ്രസ്താവിക്കാൻ വേണ്ടിയുള്ള ശുപാർശയാണത്.
മുഹമ്മദ് നബി -ﷺ- ക്ക് വസീലഃ, മഖാമുൻ മഹ്മൂദ് എന്നീ പദവികൾ നൽകപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ഹദീഥ്.
അല്ലാഹുവിനെ കുറിച്ചുള്ള സ്തുതി വാചകങ്ങൾക്ക് അവസാനമില്ല. നബി -ﷺ- ക്ക് മുൻപ് മറ്റാർക്കും നൽകപ്പെടാത്ത സ്തുതിയുടെയും പ്രകീർത്തനത്തിൻ്റെയും വാക്കുകൾ അല്ലാഹു അവിടുത്തേക്ക് തുറന്നു നൽകുന്നതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു.
മുഹമ്മദ് നബി -ﷺ- യുടെ ജനതയാണ് ഉമ്മത്തുകളിൽ ഏറ്റവും ശ്രേഷ്ഠരായവർ. സ്വർഗപ്രവേശത്തിൽ മറ്റൊരു ജനതക്കും ഇല്ലാത്ത പ്രത്യേകതകൾ അവർക്കുണ്ട്. അവരിൽ നിന്ന് വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവർ സ്വർഗത്തിൻ്റെ പ്രത്യേകമായ ഒരു വാതിലിലൂടെയാണ് അതിലേക്ക് പ്രവേശിക്കുക. അതല്ലാത്ത വാതിലുകളിൽ മറ്റുള്ള ജനതകളോടൊപ്പം
അവർ പങ്കുചേരുന്നതുമാണ്.
التصنيفات
മരണാനന്തര ജീവിതം