ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത്…

ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിലുള്ള അതിരു കവിയൽ മാത്രമാണ്

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അഖബഃ ദിവസത്തിൻ്റെ പ്രഭാതത്തിൽ നബി -ﷺ- തൻ്റെ ഒട്ടകപ്പുറത്തായിരിക്കെ പറഞ്ഞു: "എനിക്ക് വേണ്ടി ചരൽക്കല്ലുകൾ പെറുക്കിയെടുക്കൂ." അവിടുത്തേക്ക് വേണ്ടി ഞാൻ ഏഴു ചരൽക്കല്ലുകൾ പെറുക്കിയെടുത്തു. (തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് എറിയാൻ കഴിയുന്ന വിധത്തിലുള്ള ചെറിയ കല്ലുകളായിരുന്നു അവ). തൻ്റെ കൈയ്യിൽ അവ വിതറിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇതു പോലുള്ളത് കൊണ്ട് നിങ്ങൾ (ജംറയിൽ) എറിയുക." ശേഷം നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിലുള്ള അതിരു കവിയൽ മാത്രമാണ്."

[സ്വഹീഹ്] [رواه ابن ماجه والنسائي وأحمد]

الشرح

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഹജ്ജത്തുൽ വദാഇൽ (നബി -ﷺ- യുടെ വിടവാങ്ങൽ ഹജ്ജ്) യൗമുന്നഹ്റിൽ (ദുൽഹിജ്ജ പത്തിന്), ജംറത്തുൽ അഖബഃയിൽ കല്ലെറിയേണ്ട പകലിൽ നബി -ﷺ- യോടൊപ്പമായിരുന്നു അദ്ദേഹം. അപ്പോൾ നബി -ﷺ- ഇബ്നു അബ്ബാസിനോട് തനിക്ക് എറിയാൻ വേണ്ടി കുറച്ച് കല്ലുകൾ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹം ഏഴ് ചരൽക്കല്ലുകൾ നബി -ﷺ- ക്ക് എടുത്തു കൊടുത്തു. അതിൽ ഓരോന്നും കടലമണികളുടെയോ ചെമ്പക്കായകളുടെയോ (hazelnut) വലുപ്പമുള്ളവയായിരുന്നു. അങ്ങനെ നബി -ﷺ- അവ തൻ്റെ കൈകൾ വെച്ചു കൊണ്ട് ഇളക്കി നോക്കിയ ശേഷം പറഞ്ഞു: ഇതു പോലുള്ള കല്ലുകൾ കൊണ്ട് (നിങ്ങൾ ജംറയിൽ) എറിയുക. ശേഷം നബി -ﷺ- മതകാര്യങ്ങളിൽ അതിരു കവിയുകയും കഠിനത കൊണ്ടുവരികയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്ന് അവരെ താക്കീത് ചെയ്തു. മുൻകാല സമൂഹങ്ങളെ നശിപ്പിച്ചത് മതത്തിൽ നിശ്ചയിക്കപ്പെട്ട അതിരുകൾ ലംഘിക്കുക എന്നതും, അതിരുകവിയുക എന്നതും, ദീനിൻ്റെ കാര്യത്തിൽ കാഠിന്യം കാണിക്കുക എന്നതുമായിരുന്നു.

فوائد الحديث

മതവിഷയങ്ങളിൽ അതിരു കവിയുന്നതിൽ നിന്നുള്ള വിലക്കും, അതിൻ്റെ മോശം പര്യവസാനത്തെ കുറിച്ചും, അത് നാശത്തിനുള്ള കാരണമാണെന്ന ഓർമ്മപ്പെടുത്തലും.

മുൻകാല സമൂഹങ്ങളുടെ ചരിത്രത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളണം. അവർക്ക് സംഭവിച്ച അബദ്ധങ്ങൾ നമുക്കും വരാതെ സൂക്ഷിക്കണം.

നബി -ﷺ- യുടെ സുന്നത്ത് ജീവിതത്തിൽ മാതൃകയാക്കാനുള്ള പ്രോത്സാഹനവും പ്രേരണയും.

التصنيفات

ജാഹിലിയ്യതിലെ വിഷയങ്ങൾ