ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ…

ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും

അബൂ മുസ്ലിം അൽ-ഖൗലാനീ -رَحِمَهُ اللَّهُ- നിവേദനം: എനിക്ക് പ്രിയങ്കരനായ, എൻ്റെ പക്കൽ വിശ്വസ്തനായ, ഔഫ് ബ്നു മാലിക് അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു: ഞങ്ങൾ നബി -ﷺ- യുടെ അടുക്കൽ ആയിരുന്ന ഒരു സന്ദർഭം; ഒൻപതോ എട്ടോ ഏഴോ പേരുണ്ടായിരുന്നു (ഞങ്ങൾ). അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" ഞങ്ങൾ അടുത്ത സമയം നബി -ﷺ- ക്ക് ബയ്അത്ത് ചെയ്തവരായിരുന്നു എന്നതിനാൽ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തവരാണ്." നബി -ﷺ- വീണ്ടും പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" അപ്പോഴും ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തവരാണ്." വീണ്ടും നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" അപ്പോൾ ഞങ്ങൾ അവിടുത്തേക്ക് കൈകൾ നീട്ടിക്കൊണ്ട് പറഞ്ഞു: "ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തിരിക്കുന്നു. ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും." അബൂ മുസ്ലിം പറയുന്നു: "അന്ന് നബി -ﷺ- ക്ക് ബയ്അത്ത് നൽകിയ അക്കൂട്ടരിൽ ചിലരെ ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ചിലരുടെ ചാട്ടവാർ താഴെ വീണാൽ അതൊന്ന് എടുത്തു നൽകാൻ പോലും അവർ മറ്റൊരാളോട് ആവശ്യപ്പെടില്ലായിരുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പമായിരുന്നു. അവിടുന്ന് അവരോട് ചില കാര്യങ്ങൾ തങ്ങൾ മുറുകെ പിടിച്ചു കൊള്ളാമെന്ന് തനിക്ക് കരാർ നൽകാനും ബയ്അത്ത് ചെയ്യാനും മൂന്ന് തവണ ആവശ്യപ്പെട്ടു. ഒന്നാമത്തെ കാര്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്. രണ്ട്: രാവിലെയും രാത്രിയുമുള്ള നിസ്കാരങ്ങൾ നിലനിർത്തുകയും നേരാവണ്ണം നിർവ്വഹിക്കുകയും ചെയ്യുക. മൂന്ന്: മുസ്‌ലിം സമൂഹത്തിൻ്റെ കൈകാര്യകർതൃത്വം നൽകപ്പെട്ട ഭരണാധികാരികളെ നന്മകളിൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം. നാല്: തങ്ങളുടെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിൻ്റെ മുന്നിൽ മാത്രം ഇറക്കി വെക്കാനും, ജനങ്ങളോട് യാതൊരു കാര്യവും ചോദിക്കാതിരിക്കാനും. ഇക്കാര്യം നബി -ﷺ- തൻ്റെ ശബ്ദം താഴ്ത്തി കൊണ്ടാണ് അവരോട് പറഞ്ഞത്. നബി -ﷺ- യോട് ഇക്കാര്യം കരാർ ചെയ്ത സ്വഹാബികൾ ഈ കൽപ്പനകൾ ജീവിതത്തിൽ മുറുകെ പിടിച്ചു. ഈ ഹദീഥ് നിവേദനം ചെയ്തവരിൽ ഒരാൾ ഇത്രവരെ പറഞ്ഞു: ആ സ്വഹാബിമാരിൽ ചിലരുടെ ചാട്ടവാർ കയ്യിൽ നിന്ന് താഴെ വീണാൽ അതൊന്ന് തനിക്ക് എടുത്തു തരാൻ പോലും അവർ മറ്റുള്ളവരോട് ആവശ്യപ്പെടാറുണ്ടായിരുന്നില്ല. മറിച്ച്, അദ്ദേഹം തന്നെ വാഹനപ്പുറത്ത് നിന്നിറങ്ങി സ്വയം അതെടുക്കുകയായിരുന്നു ചെയ്തിരുന്നത്.

فوائد الحديث

ജനങ്ങളോട് ആവശ്യങ്ങൾ പറയുന്നത് ഉപേക്ഷിക്കാനുള്ള പ്രോത്സാഹനം. ചോദ്യമെന്ന് പറയാവുന്ന എന്തൊരു കാര്യവും ജനങ്ങളോട് ആവശ്യപ്പെടുന്നതിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക. നിസ്സാരമായ വിഷയങ്ങളാണെങ്കിൽ പോലും ജനങ്ങളിൽ നിന്ന് ധന്യത പുലർത്തുകയാണ് വേണ്ടത്.

ഹദീഥിൽ ജനങ്ങളോട് ചോദിക്കരുത് എന്ന് പറഞ്ഞിരിക്കുന്നത് ഭൗതിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. വിജ്ഞാനം ചോദിച്ചു പഠിക്കുന്നതോ മതവിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതോ അതിൽ ഉൾപ്പെടുകയില്ല.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം