മോനെ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവൻ നിന്നെ…

മോനെ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ (ആവശ്യങ്ങളിൽ) നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക!

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരു ദിവസം ഞാൻ നബി ﷺ യുടെ പിറകിലിരുന്ന് (യാത്ര) ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "മോനെ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ (ആവശ്യങ്ങളിൽ) നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക! അറിയുക! ജനങ്ങൾ മുഴുവൻ നിനക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാത്ത ഒരു ഉപകാരവും ചെയ്യാൻ അവർക്ക് സാധ്യമല്ല. അവരെല്ലാം നിനക്ക് ഒരു ഉപദ്രവം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാത്ത യാതൊരു ഉപദ്രവവും ചെയ്യാനും അവർക്ക് സാധ്യമല്ല. (വിധി രേഖപ്പെടുത്തിയ) പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു; ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ചെറിയ കുട്ടിയായിരുന്നപ്പോൾ നബി ﷺ യുടെ പിറകിലിരുന്ന് യാത്ര ചെയ്ത സന്ദർഭത്തെ കുറിച്ചാണ് ഈ ഹദീഥിൽ അദ്ദേഹം നമ്മെ അറിയിക്കുന്നത്. (ഈ യാത്രാവേളയിൽ) നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം! അല്ലാഹു അത് മുഖേന നിനക്ക് പ്രയോജനം ചെയ്യുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും. നന്മകളിലും സൽകർമ്മങ്ങളിലും അല്ലാഹു നിന്നെ കാണട്ടെ; തിന്മകളിലോ തെറ്റുകളിലോ അവൻ നിന്നെ കാണാതിരിക്കട്ടെ. ഇപ്രകാരം നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലം ഇഹലോകത്തും പരലോകത്തുമുള്ള പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുമെന്നതാണ്. നീ എവിടെയായിരുന്നാലും നിൻ്റെ ആവശ്യങ്ങളിലെല്ലാം അവൻ നിനക്ക് സഹായമേകുന്നതാണ്. നിനക്ക് എന്തെങ്കിലുമൊരു കാര്യം ചോദിക്കേണ്ടി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ ചോദിക്കരുത്. കാരണം അവൻ മാത്രമാകുന്നു ചോദ്യങ്ങൾക്കും തേട്ടങ്ങൾക്കും ഉത്തരം നൽകുന്നവൻ. നിനക്ക് സഹായം ആവശ്യമായി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ സഹായം തേടുകയുമരുത്. ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു പ്രയോജനം ചെയ്യാൻ വേണ്ടി ഒത്തുകൂടിയാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല എന്ന കാര്യം നിൻ്റെ മനസ്സിൽ ഉറച്ച വിശ്വാസമായുണ്ടാകട്ടെ! ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത യാതൊരു ഉപദ്രവവും നിന്നെ ഏൽപ്പിക്കാൻ അവർക്ക് സാധിക്കുകയില്ലെന്നും നീ ഉറച്ചു വിശ്വസിക്കുക. കാരണം അല്ലാഹു അക്കാര്യം അവൻ്റെ മഹത്തരമായ ലക്ഷ്യത്തിനും സർവ്വജ്ഞാനത്തിനും യോജിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടാകുന്നതല്ല.

فوائد الحديث

ചെറിയ കുട്ടികൾക്ക് ദീനുമായി ബന്ധപ്പെട്ട തൗഹീദിൻ്റെയും സ്വഭാവമര്യാദകളുടെയും പാഠങ്ങൾ പകർന്നു നൽകുന്നതിൻ്റെ പ്രാധാന്യം.

പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ ഇനവും തരവും അനുസരിച്ചായിരിക്കും നൽകപ്പെടുക.

അല്ലാഹുവിൽ അവലംബിക്കുവാനും, അവനിൽ മാത്രം ഭരമേൽപ്പിക്കാനുമുള്ള കൽപ്പന. അവൻ ഭരമേൽപിക്കുവാൻ എത്ര നല്ലവൻ!

അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും അവനാണ് എല്ലാ കാര്യവും വിധിച്ചിട്ടുള്ളത് എന്നതിലുമുള്ള വിശ്വാസവും, അതിൽ തൃപ്തിതയടയേണ്ടതിൻ്റെ ആവശ്യകതയും.

ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകളെ കാറ്റിൽ പറത്തിയാൽ അല്ലാഹു അവനെ അവഗണിക്കുന്നതാണ്. അത്തരക്കാരെ അല്ലാഹു സംരക്ഷിക്കുകയില്ല.

التصنيفات

വിധിവിശ്വാസത്തിൻ്റെ പദവികൾ, വിധിവിശ്വാസത്തിൻ്റെ പദവികൾ