(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്."…

(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകളുടെ സമ്പത്തിലും ഐഹികമായ കാര്യങ്ങളിലും തങ്ങളുടെ സ്വേഛകളും ഇഷ്ടങ്ങളും നടപ്പിൽ വരുത്തുന്ന ഭരണാധികാരികൾ ഉണ്ടാകുന്നതാണെന്നും, അവർ പൊതുസമ്പത്തിൽ തങ്ങളുടെ ഇഷ്ടമനുസരിച്ച് കൈകടത്തുകയും, മുസ്‌ലിം പൊതുജനങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം മതപരമായ വിഷയങ്ങളിൽ അനിഷ്ടകരമായ പലതും അവരിൽ നിന്നും ഉണ്ടാകുന്നതാണ്. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "ഈ അവസ്ഥയിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" ഭരണാധികാരികൾ പൊതുസമ്പത്ത് സ്വന്തത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നത് കൊണ്ട് അവരോട് നിങ്ങൾക്കുള്ള ബാധ്യത -അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്- നിങ്ങൾ തടയരുത്. മറിച്ച്, അവരുടെ പ്രയാസങ്ങളിൽ ക്ഷമിക്കുകയും അവരെ കേൾക്കുകയും അനുസരിക്കുകയും ഭരണവിഷയങ്ങളിൽ അവർക്കെതിരെ നിലകൊള്ളാതിരിക്കുകയും ചെയ്യുക. നിങ്ങൾക്ക് അർഹതപ്പെട്ടത് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുക. ഭരണാധികാരികളെ നേർവഴിയിലാക്കാനും അവരെ കൊണ്ടുള്ള ഉപദ്രവങ്ങളും അവരുടെ അതിക്രമങ്ങളും തടുയാനും അല്ലാഹുവിനോട് തേടുക.

فوائد الحديث

നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ തെളിവാണ് ഈ ഹദീഥ്. തൻ്റെ ഉമ്മത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യം അവിടുന്ന് മുൻപേ പ്രവചിച്ചിരിക്കുന്നു. അവിടുന്ന് -ﷺ- പറഞ്ഞത് പോലെ അത് സംഭവിക്കുകയും ചെയ്തു.

പ്രയാസം ബാധിക്കാനിരിക്കുന്നവരെ അതിനെ കുറിച്ച് മുൻപ് തന്നെ അറിയിക്കുന്നത് അനുവദനീയമാണ്; അവർക്ക് തയ്യാറെടുപ്പുകൾ നടത്താനും, താൻ കാത്തിരുന്നത് വന്നെത്തുമ്പോൾ ക്ഷമിക്കാനും അല്ലാഹുവിൻ്റെ പ്രതിഫലത്തിനായി പ്രതീക്ഷ വെക്കാനും അതവന് സഹായകമായിരിക്കും.

അല്ലാഹുവിൻ്റെ ഖുർആനും നബി -ﷺ- യുടെ സുന്നത്തും മുറുകെ പിടിക്കുക എന്നതാണ് ഫിത്നകളിൽ നിന്നും അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം.

നന്മകളിൽ ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം. അവരിൽ നിന്ന് അതിക്രമങ്ങളും അനീതിയും സംഭവിച്ചാൽ പോലും അവർക്കെതിരെ വിപ്ലവം നയിച്ചു കൂടാ.

ഫിത്നകളുടെയും കുഴപ്പങ്ങളുടെയും സമയങ്ങളിൽ യുക്തിഭദ്രമായി നീങ്ങുകയും, നബി -ﷺ- യുടെ സുന്നത്ത് പ്രാവർത്തികമാക്കുകയുമാണ് വേണ്ടത്.

നിന്നോട് ഒരാൾ അതിക്രമം പ്രവർത്തിച്ചാലും നിൻ്റെ മേലുള്ള ബാധ്യതകൾ നിറവേറ്റുക എന്നതാണ് നിനക്ക് മേൽ നിർബന്ധമായിട്ടുള്ളത്.

രണ്ട് ഉപദ്രവങ്ങൾ നിശ്ചയമായും സംഭവിക്കുമെങ്കിൽ അവയിൽ താരതമ്യേന ചെറുതോ ഉപദ്രവം കുറഞ്ഞതോ തിരഞ്ഞെടുക്കണം എന്ന പൊതുനിയമത്തിനുള്ള തെളിവാണ് ഈ ഹദീഥ്.

التصنيفات

ഇസ്ലാമിക ഭരണാധികാരിയുടെ മേലുള്ള ബാധ്യതകൾ