നീ കോപിക്കരുത്

നീ കോപിക്കരുത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ നബി ﷺ യോട് പറഞ്ഞു: "എന്നെ ഉപദേശിച്ചാലും." അവിടുന്ന് പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

സ്വഹാബികളിൽ പെട്ട ഒരാൾ നബി ﷺ യോട് ഉപകാരപ്രദമായ ഒരു ഉപദേശം തനിക്ക് നൽകാൻ ആവശ്യപ്പെട്ടു. അവിടുന്ന് അദ്ദേഹത്തോട് നീ കോപിക്കരുത് എന്ന് കൽപ്പിക്കുകയാണ് ചെയ്തത്. കോപത്തിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളും ഉപേക്ഷിക്കണമെന്നും, എപ്പോഴെങ്കിലും കോപം വന്നാൽ തന്നെയും സ്വന്തത്തെ നിയന്ത്രിക്കാൻ സാധിക്കണമെന്നും, തൻ്റെ ദേഷ്യത്തിൻ്റെ പുറത്ത് ആരെയെങ്കിലും വധിക്കുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചീത്ത പറയുകയോ മറ്റോ ചെയ്യരുതെന്നും ഈ വാക്കിൽ നിന്ന് മനസ്സിലാക്കാം. തന്നെ ഉപദേശിക്കണമെന്ന് ആ വ്യക്തി പല തവണ ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും 'നീ കോപിക്കരുത്' എന്ന വാക്കിനപ്പുറം നബി ﷺ അയാളോട് കൂടുതൽ ഒന്നും പറഞ്ഞില്ല.

فوائد الحديث

കോപത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന വഴികളിൽ നിന്നുമുള്ള താക്കീത്. എല്ലാ തിന്മകളുടെയും മൂർത്തരൂപമാണത്. അതിൽ നിന്ന് അകലം പാലിക്കാൻ കഴിയുക എന്നത് എല്ലാ നന്മകളുടെയും സമന്വയവുമാണ്.

അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കപ്പെടുമ്പോൾ അല്ലാഹുവിന് വേണ്ടി കോപിക്കുക എന്നത് നല്ല സ്വഭാവത്തിൽ പെട്ടതാണ്.

കേൾവിക്കാരന് വിഷയത്തിൻ്റെ ഗൗരവം തിരിച്ചറിയുന്നതിനും കാര്യങ്ങൾ പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കുന്നതിനും വേണ്ടി ആ വിഷയം ആവർത്തിച്ച് പറയാവുന്നതാണ്.

വിജ്ഞാനമുള്ള പണ്ഡിതന്മാരിൽ നിന്ന് ഉപദേശനിർദേശങ്ങൾ ചോദിക്കുന്നതിൻ്റെ ശ്രേഷ്ഠത.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ