പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന

പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന

നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന." ശേഷം അവിടുന്ന് (സൂറ. ഗാഫിറിലെ 60 ആം വചനം) പാരായണം ചെയ്തു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്."

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

ദുആ (പ്രാർത്ഥന) തന്നെയാകുന്നു ഇബാദത്ത് (ആരാധന) എന്ന് നബി ﷺ ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ നിർബന്ധമായും അല്ലാഹുവിനോട് മാത്രമേ ആകാൻ പാടുള്ളൂ. അല്ലാഹുവിനോടുള്ള തേട്ടവും ചോദ്യങ്ങളും പ്രാർത്ഥനയാകുന്നത് പോലെ, അല്ലാഹുവിനുള്ള എല്ലാ ആരാധനാകർമ്മങ്ങളും പ്രാർത്ഥന അടങ്ങുന്നതാണ്. ഒന്നാമത്തേത് (തേട്ടമാകുന്ന പ്രാർത്ഥന) അല്ലാഹുവിനോട് നന്മക്ക് വേണ്ടി ചോദിക്കലും, ഇഹപരലോകങ്ങളിലെ ഉപദ്രവങ്ങളിൽ നിന്ന് തടുക്കാൻ തേടലുമാണെങ്കിൽ രണ്ടാമത്തേത് (ആരാധനയിലുള്ള പ്രാർത്ഥന) അല്ലാഹുവിന് തൃപ്തികരവും ഇഷ്ടമുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഹൃദയം കൊണ്ടും, ശരീരം കൊണ്ടും, സമ്പത്ത് കൊണ്ടുമെല്ലാം ചെയ്യുന്ന ആരാധനകൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. പ്രാർത്ഥന ആരാധനയാണെന്നതിന് നബി ﷺ ഖുർആനിൽ നിന്നുള്ള തെളിവ് അവരെ കേൾപ്പിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്." (ഗാഫിർ: 60)

فوائد الحديث

പ്രാർത്ഥന ആരാധനകളുടെ അടിത്തറയാണ്; അവ അല്ലാഹുവിന് പുറമെയുള്ളവർക്ക് നൽകുക എന്നത് അനുവദനീയമല്ല.

ആരാധനകളുടെ അന്തസത്ത പ്രാർത്ഥനയിലുണ്ട്. അല്ലാഹുവിൻ്റെ ധന്യതയെ അംഗീകരിച്ചു കൊണ്ടും, അവൻ്റെ കഴിവിനെ സത്യപ്പെടുത്തി കൊണ്ടും, മനുഷ്യൻ യാതൊരു കഴിവുമില്ലാത്ത, അല്ലാഹുവിലേക്ക് യാചന നടത്തുന്നവനാണ് എന്ന് ഏറ്റുപറഞ്ഞു കൊണ്ടുമാണല്ലോ ഒരാൾ പ്രാർത്ഥിക്കുന്നത്?

അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുന്നതിനും, അവനോട് പ്രാർത്ഥിക്കുന്നത് ഉപേക്ഷിക്കുന്നതിനും കഠിനമായ ശിക്ഷയാണ് താക്കീത് ചെയ്യപ്പെട്ടിട്ടുള്ളത്. അവർ നിന്ദ്യരും അപമാനിതരുമായി നരകാഗ്നിയിൽ കടന്നെരിയുന്നതാണെന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു.

التصنيفات

പ്രാർത്ഥനയുടെ മഹത്വം