നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്

നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്: "തീർച്ചയായും സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അവനോട് നാം സഹായം തേടുകയും, പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും നാം അവനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു നേർവഴിയിലാക്കിയാൽ അവനെ വഴികേടിലാക്കാൻ ആരുമില്ല. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു." (നിസാഅ്: 1) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌." (ആലു ഇംറാൻ: 102) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു." (അഹ്സാബ്: 70-71)

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു നൽകിയിട്ടുണ്ട് എന്ന കാര്യം അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. പ്രസംഗങ്ങളുടെയും (ഖുത്ബകളുടെയും) തങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൻ്റെയും തുടക്കത്തിൽ പറയേണ്ട വാക്കുകളാണിത്. ഉദാഹരണത്തിന് വിവാഹത്തിന് മുൻപുള്ള ഖുതുബയിലും, ജുമുഅഃ ഖുതുബയിലും മറ്റുമെല്ലാം. ഈ വാക്കുകളിൽ അതിമഹത്തരമായ ചില പാഠങ്ങളും ആശയങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. എല്ലാ വിധത്തിലുള്ള സ്തുതികൾക്കും അല്ലാഹു അർഹനാണെന്ന പ്രഖ്യാപനവും, അവനിൽ ഒരാളെയും പങ്കുചേർക്കാതെ അവനിൽ നിന്നു മാത്രമായുള്ള സഹായതേട്ടവും, തൻ്റെ തിന്മകളെ മറച്ചു വെക്കുകയും പൊറുത്തു തരികയും ചെയ്യണമെന്ന പ്രാർത്ഥനയും, എല്ലാ തിന്മകളിൽ നിന്നും സ്വന്തത്തിൻ്റെ ഉപദ്രവങ്ങളിൽ നിന്നുമുള്ള രക്ഷാതേട്ടവും അതിലുണ്ട്. ശേഷം സന്മാർഗം നൽകുന്നത് അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാണെന്നും, ആരെയെങ്കിലും അല്ലാഹു നേർമാർഗത്തിലേക്ക് നയിച്ചാൽ അവനെ വഴികേടിലാക്കാൻ ആരുമില്ലെന്നും, ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കാൻ ആരുമില്ലെന്നും ഈ വാക്കുകളിലൂടെ അറിയിക്കുന്നു. അതിന് ശേഷം അല്ലാഹുവിനെ ഏകനാക്കുന്ന, ആരാധനകൾ അവന് മാത്രം അർഹതപ്പെട്ടതാണെന്ന് അറിയിക്കുന്ന സാക്ഷ്യവചനവും (ശഹാദതുത്തൗഹീദ്), മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്ന് അറിയിക്കുന്ന സാക്ഷ്യവചനവും (ശഹാദത്തുർരിസാലഃ) പറയുന്നു. ഈ ഖുത്ബയുടെ അവസാനത്തിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് കൽപ്പിക്കുന്ന മൂന്ന് ഖുർആനിക വചനങ്ങൾ ഓർമ്മപ്പെടുത്തുന്നു. ആരെങ്കിലും അപ്രകാരം അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലമായി അവൻ്റെ പ്രവർത്തനങ്ങളും വാക്കുകളും അല്ലാഹു നല്ലതാക്കുമെന്നും, അവൻ്റെ തിന്മകൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നും, ഇഹലോകത്ത് സുന്ദരമായ ജീവിതവും പരലോകത്ത് സ്വർഗം നേടിക്കൊണ്ടുള്ള വിജയവും അവനുണ്ടായിരിക്കുമെന്നും ഈ വചനങ്ങൾ അറിയിക്കുന്നു.

فوائد الحديث

വിവാഹവേളയിലും ജുമുഅകളിലും മറ്റുമെല്ലാം 'ഖുത്ബതുൽ ഹാജഃ' കൊണ്ട് ആരംഭിക്കുന്നത് നല്ലതാണ്.

ഖുതുബകൾ അല്ലാഹുവിനുള്ള സ്തുതിയും, രണ്ട് ശഹാദത്തും, ഖുർആനിലെ ചില ആയത്തുകളും അടങ്ങുന്നതായിരിക്കണം.

സ്വഹാബികൾക്ക് ആവശ്യമുള്ള മതപരമായ അദ്ധ്യാപനങ്ങളെല്ലാം നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകാറുണ്ടായിരുന്നു.

التصنيفات

വിവാഹത്തിൻ്റെ വിധികളും നിബന്ധനകളും