അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും…

അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്

മിഖ്ദാമു ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്, അതിൽ അനുവദനീയമായി കാണുന്നതെല്ലാം നമുക്ക് അനുവദനീയമാക്കാം, അതിൽ നിഷിദ്ധമായി കാണുന്നതെല്ലാം നമുക്ക് നിഷിദ്ധമാക്കാം' എന്ന് ഒരാൾ പറയുന്ന സ്ഥിതി വരാനിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതൻ നിഷിദ്ധമാക്കിയതെല്ലാം അല്ലാഹു നിഷിദ്ധമാക്കിയത് പോലെയാണ്."

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

ഭാവിയിൽ വരാനിരിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ആ കാലഘട്ടത്തിൽ ജനങ്ങളിൽ ചിലർ തങ്ങളുടെ സോഫകളിൽ ചാരിയിരുന്ന് സുഖിക്കുമ്പോൾ നബി -ﷺ- യുടെ ഹദീഥ് അവർക്ക് കേൾപ്പിക്കപ്പെടും. അപ്പോൾ അവൻ പറയും: നമുക്കും നിങ്ങൾക്കുമിടയിൽ കാര്യങ്ങളിൽ വിധിപറയാൻ കഴിയുന്നത് വിശുദ്ധ ഖുർആനിന് മാത്രമാണ്. നമുക്ക് അത് മതി. അതിൽ അനുവദനീയമാക്കപ്പെട്ട ഹലാലുകളെല്ലാം നമുക്ക് പ്രവർത്തിക്കാം. അതിൽ നിഷിദ്ധമായ ഹറാമായി കാണുന്നതെല്ലാം നമുക്ക് അകറ്റി നിർത്തുകയും ചെയ്യാം. നബി -ﷺ- തൻ്റെ സുന്നത്തിലൂടെ നിഷിദ്ധമാക്കുകയോ ഹറാമാണെന്ന് പഠിപ്പിക്കുകയോ ചെയ്ത എല്ലാ കാര്യങ്ങളുടെയും വിധി; അല്ലാഹു അവൻ്റെ വേദഗ്രന്ഥത്തിൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ പോലെത്തന്നെയാണ് എന്ന് നബി -ﷺ- വിശദീകരിച്ചു. കാരണം അല്ലാഹുവിൽ നിന്നുള്ള സന്ദേശം മനുഷ്യർക്ക് എത്തിച്ചു നൽകുന്ന ദൂതരാണ് അവിടുന്ന്.

فوائد الحديث

വിശുദ്ധ ഖുർആൻ ആദരിക്കപ്പെടുകയും അതിൽ നിന്ന് വിധിവിലക്കുകൾ സ്വീകരിക്കുകയും ചെയ്യുന്നത് പോലെ സുന്നത്തിനെയും ആദരിക്കേണ്ടതുണ്ട്. സുന്നത്തിലെ വിധി സ്വീകരിക്കേണ്ടതുണ്ട്.

നബി -ﷺ- യെ അനുസരിക്കുക എന്നത് അല്ലാഹുവിനുള്ള അനുസരണമാണ്. അവിടുത്തെ ധിക്കരിക്കുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവുമാണ്.

നബി -ﷺ- യുടെ ഹദീഥുകൾ (സുന്നത്ത്) പ്രമാണമാണ് എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. നബി -ﷺ- യുടെ ഹദീഥുകളെ തള്ളിപ്പറയുകയും അതിനെ നിഷേധിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീഥ്.

ആരെങ്കിലും നബി -ﷺ- യുടെ സുന്നത്തിനെ അവഗണിക്കുകയും, വിശുദ്ധ ഖുർആൻ മാത്രം മതിയാകുമെന്ന് വാദിക്കുകയും ചെയ്യുന്നെങ്കിൽ അവൻ ഖുർആനും സുന്നത്തും ഒരു പോലെ അവഗണിച്ചിരിക്കുന്നു. താൻ ഖുർആനിനെ പിൻപറ്റുന്നവനാണ് എന്ന അവൻ്റെ വാദം കേവല അവകാശവാദം മാത്രമാകുന്നു.

നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവുകളിൽ പെട്ടതാണ്; ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അവിടുന്ന് മുൻകൂട്ടി പ്രവചിച്ചു എന്നത്. അവ അതു പോലെത്തന്നെ പിന്നീട് സംഭവിക്കുകയും ചെയ്തിരിക്കുന്നു.

التصنيفات

നബിചര്യയുടെ പ്രാധാന്യവും സ്ഥാനവും, പ്രവാചകത്വം, ബർസഖീ ജീവിതം