സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം…

സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു." നബി -ﷺ- അതോടൊപ്പം പറഞ്ഞു: "അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലാണുള്ളത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സൃഷ്ടികളുടെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന സംഭവങ്ങളെല്ലാം വിശദമായ രൂപത്തിൽ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അവരുടെ ജീവിതവും മരണവും ഉപജീവനവും മറ്റുമെല്ലാം 'ലൗഹുൽ മഹ്ഫൂദ്വിൽ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ്‌ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹു വിധിച്ചതു പ്രകാരം മാത്രമാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. സംഭവിക്കുന്ന ഏതൊരു കാര്യവും അല്ലാഹുവിൻ്റെ വിധിനിർണ്ണയം അനുസരിച്ചാണ് നടക്കുന്നത്. ഒരു വ്യക്തിയെ ബാധിച്ച യാതൊരു കാര്യവും അവനെ ബാധിക്കാതെ പോകേണ്ടതായിരുന്നില്ല. അവന് ലഭിക്കാതെ പോയതൊന്നും അവന് കിട്ടേണ്ടതുമായിരുന്നില്ല.

فوائد الحديث

അല്ലാഹുവിൻ്റെ ഖദ്വാഇലും ഖദറിലും (വിധിനിർണ്ണയം) വിശ്വസിക്കുക എന്നത് നിർബന്ധമാണ്.

അല്ലാഹുവിൻ്റെ വിധിനിർണ്ണയം നാല് കാര്യങ്ങളാണ്: അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിഞ്ഞിരിക്കുന്നു, അവൻ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു, അവൻ ഉദ്ദേശിക്കുന്ന പ്രകാരം മാത്രമേ അവ സംഭവിക്കുകയുള്ളൂ, അവൻ സൃഷ്ടിച്ചതല്ലാതെ പ്രപഞ്ചത്തിൽ യാതൊന്നും ഉണ്ടാവുകയില്ല.

ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ജീവിതത്തിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തിലും തൃപ്തിയും സമാധാനവും പകരുന്നു.

അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലായിരുന്നു; ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ അതപ്രകാരമായിരുന്നു.

التصنيفات

വിധിവിശ്വാസത്തിൻ്റെ പദവികൾ