എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ…

എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നബി -ﷺ- അറിയിക്കുന്നു; അവിടുത്തെ കുറിച്ച് ഈ ഉമ്മത്തിൽ പെട്ട യഹൂദനോ നസ്വറാനിയോ മറ്റേതെങ്കിലും മതത്തിൽ പെട്ടവനോ കേൾക്കുകയും, നബി -ﷺ- യുടെ പ്രബോധനം അവന് എത്തിച്ചേരുകയും, ശേഷം അവിടുത്തെ വിശ്വസിക്കാതെ അവൻ മരണപ്പെടുകയും ചെയ്താൽ അയാൾ ശാശ്വതനായി നരകശിക്ഷ അനുഭവിക്കേണ്ടി വരുന്നവരിൽ ഉൾപ്പെടാതിരിക്കുകയില്ല.

فوائد الحديث

നബി -ﷺ- യുടെ പ്രബോധനവും, അവിടുത്തെ പിൻപറ്റുന്നത് നിർബന്ധമാണ് എന്നതും സർവ്വ ലോകർക്കും ബാധകമാണ്. അവിടുത്തേക്ക് മുൻപുള്ള എല്ലാ മതവിധികളും നബി -ﷺ- യുടെ ആഗമനത്തോടെ ദുർബലപ്പെട്ടിരിക്കുന്നു.

ആരെങ്കിലും മുഹമ്മദ് നബി -ﷺ- യെ നിഷേധിക്കുകയാണെങ്കിൽ, മറ്റെല്ലാ ദൂതന്മാരിലും അല്ലാഹുവിൻ്റെ പ്രവാചകന്മാരിലും താൻ വിശ്വസിച്ചിരിക്കുന്നു എന്ന് അവൻ അവകാശവാദം മുഴക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. അല്ലാഹു ആ നബിമാരുടെയെല്ലാം മേൽ അവൻ്റെ സ്വലാത്ത് വർഷിക്കുമാറാകട്ടെ!

ആരെങ്കിലും നബി -ﷺ- യെ കുറിച്ച് കേൾക്കാതിരിക്കുകയോ, ഇസ്‌ലാമിക പ്രബോധനം അവന് എത്തിച്ചേരാതിരിക്കുകയോ ആണെങ്കിൽ അത്തരക്കാർ ഒഴിവ്കഴിവ് നൽകപ്പെട്ടവരാണ്. പരലോകത്ത് അവൻ്റെ കാര്യം അല്ലാഹുവിൻ്റെ തീരുമാനം പോലെയായിരിക്കും.

ആത്മാവ് തൊണ്ടക്കുഴിയിൽ എത്തിയിട്ടില്ലെങ്കിൽ മരണത്തിന് തൊട്ടുമുൻപ് ഇസ്‌ലാം സ്വീകരിക്കുന്നത് പോലും അവന് ഉപകാരപ്പെടുന്നതാണ്; അതിനി കടുത്ത രോഗം ബാധിച്ച സ്ഥിതിയിലാണെങ്കിലും.

അവിശ്വാസികളുടെ മതം - യഹൂദ ക്രൈസ്തവ മതമായാലും - ശരിയാണെന്ന് വാദിക്കുന്നത് (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന) കുഫ്റാണ്.

യഹൂദരെയും നസ്വാറാക്കളെയും ഹദീഥിൽ പരാമർശിച്ചത് മറ്റുള്ളവരിലേക്ക് സൂചനയായി കൊണ്ടാണ്. കാരണം യഹൂദർക്കും നസ്വാറാക്കൾക്കും അല്ലാഹുവിൽ നിന്നുള്ള വേദഗ്രന്ഥം ലഭിച്ചിട്ടുണ്ട്. എന്നിട്ടും അവരുടെ കാര്യം ഇപ്രകാരമാണെങ്കിൽ അവർക്ക് പുറമെയുള്ള -വേദം നൽകപ്പെടാത്തവരുടെ കാര്യം- എന്തു കൊണ്ടും ഇപ്രകാരം തന്നെയായിരിക്കും. അതിനാൽ അവരെല്ലാം നബി -ﷺ- യുടെ മതമായ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതും, അവിടുത്തെ അനുസരിക്കുക എന്നതും നിർബന്ധമാണ്.

التصنيفات

നമ്മുടെ നബി മുഹമ്മദ് -ﷺ-