നീ ഇഹലോക വിരക്തിയുള്ളവനാകുക. അല്ലാഹു നിന്നെ സ്നേഹിക്കും. നീ ജനങ്ങളുടെ പക്കലുള്ളതിനോട് വിരക്തി കാണിക്കുക;…

നീ ഇഹലോക വിരക്തിയുള്ളവനാകുക. അല്ലാഹു നിന്നെ സ്നേഹിക്കും. നീ ജനങ്ങളുടെ പക്കലുള്ളതിനോട് വിരക്തി കാണിക്കുക; ജനങ്ങളും നിന്നെ സ്നേഹിക്കും

അബുൽ അബ്ബാസ്, സഹ്ല് ബ്നു സഅ്ദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു എന്നെ സ്നേഹിക്കാനും, ജനങ്ങൾ എന്നെ സ്നേഹിക്കാനും കാരണമാകുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തരൂ!" നബി -ﷺ- പറഞ്ഞു: "നീ ഇഹലോക വിരക്തിയുള്ളവനാകുക. അല്ലാഹു നിന്നെ സ്നേഹിക്കും. നീ ജനങ്ങളുടെ പക്കലുള്ളതിനോട് വിരക്തി കാണിക്കുക; ജനങ്ങളും നിന്നെ സ്നേഹിക്കും."

[قال النووي: حديث حسن] [رواه ابن ماجه وغيره بأسانيد حسنة]

الشرح

അല്ലാഹുവും ജനങ്ങളും തന്നെ സ്നേഹിക്കാൻ കാരണമാകുന്ന ഒരു പ്രവൃത്തി അറിയിച്ചു തരാൻ ഒരാൾ നബിയോട് (ﷺ) ആവശ്യപ്പെട്ടു. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: "ഇഹലോകത്തിലെ അനാവശ്യ കാര്യങ്ങളും, പരലോകത്ത് ഉപകാരമില്ലാത്തതും, നിൻ്റെ ദീനിന് ദോഷകരമായേക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങൾ നീ ഉപേക്ഷിച്ചാൽ അല്ലാഹു നിന്നെ സ്നേഹിക്കുന്നതാണ്. ജനങ്ങളുടെ കൈവശമുള്ള ഭൗതിക വിഭവങ്ങളോട് നീ വിരക്തി കാണിച്ചാൽ, ജനങ്ങളും നിന്നെ സ്നേഹിക്കും." കാരണം, ജനങ്ങൾക്ക് അവരുടെ പ്രകൃതിയാൽ തന്നെ ഭൗതിക കാര്യങ്ങളോട് ഇഷ്ടമുണ്ട്. ആരെങ്കിലും അവരുമായി അതിൽ മത്സരിച്ചാൽ അവർ അവനെ വെറുക്കും. എന്നാൽ ആരെങ്കിലും അതവർക്ക് വിട്ടുനൽകിയാൽ അവർ അവനെ സ്നേഹിക്കും.

فوائد الحديث

ഭൗതിക വിരക്തിയുടെ

ശ്രേഷ്ഠത. 'പരലോകത്തേക്ക് ഉപകാരപ്രദമല്ലാത്തതെല്ലാം ഉപേക്ഷിക്കുക' എന്നതാണ് അതിൻ്റെ വിവക്ഷ.

ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുക (വറഅ്) എന്നതിനേക്കാൾ ഉയർന്ന പദവിയാണ് ഐഹികവിരക്തി പുലർത്തുക (സുഹ്ദ്) എന്നത്. കാരണം പരലോകത്തേക്ക് ഉപദ്രവകരമായത് ഉപേക്ഷിക്കുക എന്നതാണ് ആദ്യം പറഞ്ഞതിൻ്റെ പരിധിയിൽ പെടുക. എന്നാൽ പരലോകത്തേക്ക് ഉപകാരം ചെയ്യാത്ത കാര്യങ്ങൾ വരെ ഉപേക്ഷിക്കുന്നതാണ് സുഹ്ദിൻ്റെ ഉദ്ദേശ്യം.

സിന്ദി (رحمه الله) പറയുന്നു: "ദുനിയാവ് ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ അവരുമായി മത്സരിക്കുന്നവൻ, ആ മത്സരത്തിനനുസരിച്ച് അവർക്ക് വെറുക്കപ്പെട്ടവനായി മാറും. എന്നാൽ, ആരെങ്കിലും ജനങ്ങൾക്ക് അവരുടെ ഇഷ്ടപ്പെട്ട വസ്തുവിനെ വിട്ടുകൊടുത്താൽ, അവൻ അവരുടെ മനസ്സുകളിൽ പ്രിയങ്കരനായിത്തീരും."

التصنيفات

ഐഹികവിരക്തിയും സൂക്ഷ്മതയും