തീർച്ചയായും ദുർമന്ത്രങ്ങളും ഉറുക്കുകളും തിവലത്തും ശിർകാണ്

തീർച്ചയായും ദുർമന്ത്രങ്ങളും ഉറുക്കുകളും തിവലത്തും ശിർകാണ്

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും ദുർമന്ത്രങ്ങളും ഉറുക്കുകളും തിവലത്തും ശിർകാണ്."

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

ശിർകിൽ (ബഹുദൈവാരാധനയിൽ) ഉൾപ്പെടുന്ന ചില പ്രവർത്തികളാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. അവ ഇനി പറയുന്നവയാണ്: ഒന്ന്: ദുർമന്ത്രം : ജാഹിലിയ്യഃ കാലഘട്ടത്തിൽ രോഗശമനത്തിനായി ചൊല്ലിയിരുന്ന ശിർക്ക് ഉൾപ്പെട്ട വാചകങ്ങൾ. രണ്ട്: മുത്തുകൾ കൊണ്ടോ മറ്റോ ഉണ്ടാക്കപ്പെടുന്ന ഉറുക്കുകൾ; കുട്ടികളുടെയും മൃഗങ്ങളുടെയും മേൽ കണ്ണേറ് തട്ടാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടാറുണ്ടായിരുന്ന വസ്തുക്കൾ. മൂന്ന്: തിവലത്ത്. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്ക് മറ്റൊരാളോട് സ്നേഹം ജനിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കപ്പെടുന്നത്. ഇതെല്ലാം ബഹുദൈവാരാധനയിൽ പെടുന്ന കാര്യങ്ങളാണ്. കാരണം അല്ലാഹു മതപരമായ തെളിവുകൾ അവതരിപ്പിച്ചതായി സ്ഥിരപ്പെട്ടതോ, അവൻ പ്രപഞ്ചത്തിൽ നിശ്ചയിച്ച മാർഗങ്ങളിലൊന്നാണെന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതോ ആയ കാരണങ്ങളിൽ പെട്ടതല്ല ഇതൊന്നും. അങ്ങനെയല്ലാതെ സ്വയം നിർമ്മിച്ചുണ്ടാക്കുന്ന കാരണങ്ങൾ ബഹുദൈവാരാധനയുടെ പരിധിയിൽ പെടുന്നതാണ്. എന്നാൽ ഇസ്‌ലാമികമായി പഠിപ്പിക്കപ്പെട്ട മാർഗങ്ങളായ ഖുർആൻ പാരായണം പോലുള്ളവയും, അനുഭവങ്ങളിലൂടെ സ്ഥിരപ്പെട്ട ചികിത്സകളും ഔഷധങ്ങളും പോലുള്ളവയും സ്വീകരിക്കുന്നത് അനുവദനീയമാണ്; പക്ഷേ ഇതെല്ലാം കാരണങ്ങൾ മാത്രമാണെന്ന് വിശ്വസിച്ചു കൊണ്ടും, ഉപകാരോപദ്രവങ്ങൾ ഉടമപ്പെടുത്തുന്നവൻ അല്ലാഹു മാത്രമാണെന്ന ഉറച്ച ബോധ്യത്തോടെയും മാത്രമേ അവ സ്വീകരിക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്.

فوائد الحديث

തൗഹീദിൻ്റെയും (ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കൽ) വിശ്വാസത്തിൻ്റെയും മേന്മയിൽ കുറവുവരുത്തുന്ന കാര്യങ്ങളിൽ നിന്ന് ഇസ്‌ലാം നൽകിയ സംരക്ഷണത്തിൻ്റെ വേലിക്കെട്ടുകൾ നോക്കൂ!

ബഹുദൈവാരാധനപരമായ മന്ത്രങ്ങളും, എല്ലാ തരത്തിലുള്ള ഉറുക്കുകളും, സ്നേഹം ജനിപ്പിക്കുന്ന കൈ വിഷങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു.

ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് കാര്യങ്ങൾ കാരണങ്ങളാണെന്ന് വിശ്വസിക്കൽ ബഹുദൈവാരാധനയുടെ ചെറിയ രൂപങ്ങളിൽ പെടുന്നതാണ്. കാരണം അല്ലാഹു നിശ്ചയിക്കാത്ത മാർഗം ഫലങ്ങൾ നൽകുമെന്ന വിശ്വാസം അതിലുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ സ്വയം ഉപകാരോപദ്രവങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്കിലാണ് ഉൾപ്പെടുക.

ബഹുദൈവാരാധനപരമോ, നിഷിദ്ധമോ ആയ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ നിന്നുള്ള താക്കീത്.

മന്ത്രം നിഷിദ്ധമാണ്, അത് ശിർക്കിൽ പെട്ടതാണ്; ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട മന്ത്രങ്ങളൊഴികെ.

അല്ലാഹുവിൽ മാത്രമാണ് ഓരോ മുസ്‌ലിമും തൻ്റെ ഹൃദയം ബന്ധിപ്പിക്കേണ്ടത്. അവനിൽ നിന്ന് മാത്രമാണ് ഉപകാരോപദ്രവങ്ങൾ ഉണ്ടാകുന്നത്. അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവല്ലാതെ നന്മകൾ നൽകുന്നവനോ, തിന്മകൾ തടുക്കുന്നവനോ ഇല്ല.

ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട മന്ത്രങ്ങൾ മൂന്ന് നിബന്ധനകൾ പാലിക്കപ്പെട്ടവ മാത്രമാണ്:

1- ഈ മന്ത്രങ്ങൾ അല്ലാഹു നിശ്ചയിച്ച കാരണം മാത്രമാണെന്നും, അവ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ ഒരു ഉപകാരവും ചെയ്യില്ലെന്ന വിശ്വാസം മന്ത്രിക്കുന്നവന് ഉണ്ടായിരിക്കണം.

2- വിശുദ്ധ ഖുർആനിലെ ആയത്തുകൾ കൊണ്ടോ, അല്ലാഹുവിൻ്റെ നാമവിശേഷണങ്ങൾ കൊണ്ടോ, നബി ﷺ പഠിപ്പിച്ചതോ ഇസ്‌ലാം അനുവദിച്ചതോ ആയ ദിക്റുകൾ കൊണ്ടോ ഉള്ള മന്ത്രങ്ങൾ ആയിരിക്കണം.

3- മനസ്സിലാക്കാൻ സാധിക്കുന്ന ഭാഷയിലായിരിക്കണം; അവ്യക്തമായ ജപോഛാരണങ്ങളോ മന്ത്രവാദമോ കലർന്നവ പാടില്ല.

التصنيفات

മതപരമായ മന്ത്രം, മതപരമായ മന്ത്രം