അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും,…

അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം

മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ മുആദ്! അല്ലാഹുവിന് അവൻ്റെ ദാസന്മാർക്ക് മേലുള്ള അവകാശവും, ദാസന്മാർക്ക് അല്ലാഹുവിൻ്റെ മേലുള്ള അവകാശവും എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "നീ അവരോട് അറിയിക്കേണ്ടതില്ല. കാരണം അവരതിൽ പിടിച്ചു തൂങ്ങിയേക്കാം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത പരിപൂർണ്ണ മുവഹ്ഹിദുകളെ (ഏകദൈവാരാധകരെ) ശിക്ഷിക്കാതിരിക്കുക എന്നതാണ് അവൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളോട് ഞാൻ ഈ മഹത്തരമായ ശ്രേഷ്ഠതയെ കുറിച്ച് അറിയിച്ചു കൊടുക്കട്ടെയോ?! അവർക്ക് അത് സന്തോഷം പകരുമല്ലോ?!" എന്നാൽ നബി -ﷺ- അദ്ദേഹത്തെ വിലക്കി. ജനങ്ങൾ ഇത് കേട്ടാൽ ഈ ശ്രേഷ്ഠതയിൽ മാത്രം പ്രതീക്ഷവെക്കും (പ്രവർത്തനങ്ങൾ ചെയ്യാത്തവരായി മാറും) എന്ന ഭയമാണതിന് കാരണം.

فوائد الحديث

അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള, അവൻ അവരുടെ മേൽ നിർബന്ധമാക്കിയ അവകാശം അവർ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതും, അവനിൽ യാതൊന്നിനെയും പങ്കുചേർത്തുകൂടാ എന്നതുമാണ്.

അല്ലാഹു സ്വയം തനിക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ് അടിമകളുടെ അവകാശം എന്ന് പറഞ്ഞത്; അവൻ തൻ്റെ ദാസന്മാർക്ക് ഔദാര്യമായും അനുഗ്രഹമായും നൽകിയതാണത്. അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാം എന്നതും, അവരെ ശിക്ഷിക്കുകയില്ല എന്നതുമാണത്.

അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത ശുദ്ധമായ ഏകദൈവാരാധന (തൗഹീദ്) കാത്തുസൂക്ഷിക്കുന്നവർക്കുള്ള മഹത്തരമായ സന്തോഷവാർത്ത ഈ ഹദീഥിലുണ്ട്. അവരുടെ സങ്കേതവും പര്യവസാനവും സ്വർഗമായിരിക്കും.

മുആദ് -رَضِيَ اللَّهُ عَنْهُ- മരണത്തിന് തൊട്ടുമുൻപാണ് ഈ ഹദീഥ് മറ്റുള്ളവരോട് പറഞ്ഞത്; ഈ ഹദീഥ് പൂർണ്ണമായി മറച്ചു വെക്കുന്നത് വിജ്ഞാനം മറച്ചു വെക്കുക എന്ന തിന്മയിൽ ഉൾപ്പെടുമോ എന്ന ഭയം കാരണത്താലാണ് അദ്ദേഹം അത് പറഞ്ഞത്.

ചില ഹദീഥുകൾ അവയുടെ അർത്ഥം മനസ്സിലാക്കാൻ സാധിക്കാത്തവരോട് പറയാതിരിക്കുകയാണ് വേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ. പ്രത്യേകിച്ചെന്തെങ്കിലുമൊരു പ്രവർത്തനമോ ഏതെങ്കിലും മതപരമായ വിധിവിലക്കുകളോ പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഹദീഥുകളുടെ കാര്യമാണിത്.

അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, ഏകദൈവാരാധനയുടെ ശ്രേഷ്ഠത