എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും…

എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും

ത്വാഊസ് (റഹി) നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ അനേകം പേരെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം പറഞ്ഞിരുന്നത് 'എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണെന്നാണ്'. അദ്ദേഹം തന്നെ പറയുന്നു: "അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നബി -ﷺ- പറഞ്ഞിരിക്കുന്നു: "എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

എല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ് സംഭവിക്കുന്നത് എന്ന് നബി -ﷺ- വിവരിക്കുന്നു. ഭൗതികമോ മതപരമോ ആയ വിഷയങ്ങളിൽ നിർബന്ധമായും പ്രവർത്തിക്കേണ്ട കാര്യങ്ങൾ ഉപേക്ഷിക്കുക, അത് പിന്നീടൊരു സമയത്തേക്ക് നീട്ടിവെക്കുക, സമയം വൈകിപ്പിക്കുക പോലുള്ളതാണ് കഴിവുകേട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗതികമോ മതപരമോ ആയ കാര്യങ്ങളിലുള്ള താൽപ്പര്യവും നൈപുണ്യവുമാണ് സാമർഥ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാമർഥ്യവും കഴിവുകേടും മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്. അല്ലാഹു മുൻകൂട്ടി അറിയാത്തതോ, അവൻ ഉദ്ദേശിക്കാത്തതോ ആയ ഒരു കാര്യം പോലും ഈ പ്രപഞ്ചത്തിൽ സംഭവിക്കുകയില്ല.

فوائد الحديث

നബി -ﷺ- യുടെ സ്വഹാബികൾ അല്ലാഹുവിൻ്റെ വിധിയിൽ എപ്രകാരം വിശ്വസിച്ചിരുന്നു എന്ന വിവരണം.

എല്ലാ കാര്യങ്ങളും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; സാമർഥ്യവും കഴിവുകേടും വരെ.

നബി -ﷺ- യുടെ സ്വഹാബികൾ ഹദീഥുകൾ നിവേദനം ചെയ്യുന്നതിൽ പുലർത്തിയിരുന്ന സൂക്ഷ്‌മത. (സാമർഥ്യമാണോ കഴിവുകേടാണോ ആദ്യം പറഞ്ഞത് എന്ന സംശയം കൊണ്ടാണ് അവർ അക്കാര്യം ഹദീഥിൽ സൂചിപ്പിച്ചത്.)

അല്ലാഹുവിൻ്റെ വിധിയിൽ പൂർണ്ണമായി വിശ്വസിക്കണം; അതിൻ്റെ നന്മയിലും തിന്മയിലും.

التصنيفات

ഖളാഇലും ഖദ്റിലുമുള്ള വിശ്വാസം, വിധിവിശ്വാസത്തിൻ്റെ പദവികൾ