നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക്…

നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "വേദക്കാർ തൗറാത്ത് പാരായണം ചെയ്തിരുന്നത് ഹീബ്രു ഭാഷയിലായിരുന്നു. മുസ്‌ലിംകൾക്ക് അവരത് അറബിയിൽ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

വേദക്കാർ തങ്ങളുടെ പുസ്തകങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നതിൽ വഞ്ചിതരാകരുതെന്ന് നബി -ﷺ- തൻ്റെ ഉമ്മത്തിനെ താക്കീത് ചെയ്യുന്നു. നബി -ﷺ- യുടെ കാലഘട്ടത്തിലുള്ള യഹൂദർ ഹീബ്രു ഭാഷയിലായിരുന്നു തൗറാത്ത് പാരായണം ചെയ്യാറുണ്ടായിരുന്നത്. യഹൂദരുടെ ഭാഷ അതായിരുന്നു; ശേഷം അറബിയിൽ അവരത് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. അതിനെ കുറിച്ച് നബി -ﷺ- പറഞ്ഞു: "നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്." സത്യവും അസത്യവും വേർതിരിച്ചറിയാൻ സാധിക്കാത്ത വിഷയങ്ങളിലാണ് ഈ കൽപ്പന ബാധകമാവുക. കാരണം വിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്നതിനോടൊപ്പം വേദക്കാർക്ക് അല്ലാഹു അവതരിപ്പിച്ചു നൽകിയ ഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്നതാണ് അവൻ നമ്മോട് കൽപ്പിച്ചിട്ടുള്ളത്. എന്നാൽ അവർ ആ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചു പറയുന്നതിൽ സത്യവും അസത്യവും വേർതിരിച്ചറിയാൻ -നമ്മുടെ മതത്തിൽ അവയെ കുറിച്ചുള്ള വിശദീകരണം വന്നിട്ടുണ്ടെങ്കിലല്ലാതെ- നമുക്ക് മുൻപിൽ യാതൊരു വഴിയുമില്ല. അതിനാൽ ഇത്തരം വിഷയങ്ങളിൽ നാം നിശബ്ദത പാലിക്കുക; കാരണം അവരെ സത്യപ്പെടുത്തിയാൽ അവരുടെ വേദഗ്രന്ഥങ്ങളിൽ അവർ കൂട്ടിക്കടത്തിയതിനെ ചിലപ്പോൾ നാം സത്യപ്പെടുത്തിയെന്ന് വന്നേക്കാം. അവരെ നാം കളവാക്കിയാലാകട്ടെ; അതിൽ ചിലത് സത്യവുമായിരിക്കാം. അല്ലാഹു നമ്മോട് വിശ്വസിക്കാൻ കൽപ്പിച്ച കാര്യങ്ങൾ നിഷേധിച്ചവരിൽ അതോടെ നമ്മൾ ഉൾപ്പെടുകയും ചെയ്തേക്കാം. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ഇപ്രകാരം പറയാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു: "അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്‌ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു." (ബഖറ: 136)

فوائد الحديث

വേദക്കാർ പറയുന്ന കാര്യങ്ങളെ മൂന്നായി തിരിക്കാം; (1) ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്നവ; അവ സത്യപ്പെടുത്തേണ്ടതാണ്. (2) ഖുർആനിനോടും സുന്നത്തിനോടും വിരുദ്ധമാകുന്നവ; അവ കളവാണ് എന്നതിനാൽ നിഷേധിക്കപ്പെടേണ്ടതാണ്. (3) ഖുർആനിലോ സുന്നത്തിലോ പരാമർശം വന്നിട്ടില്ലാത്ത, സത്യമെന്നോ അസത്യമെന്നോ വേർതിരിച്ചറിയാൻ കഴിയാത്ത കാര്യങ്ങൾ; ഇത്തരം കാര്യങ്ങൾ സംസാരങ്ങളിൽ പറഞ്ഞു പോകാമെങ്കിലും സത്യമാണെന്ന് വിശ്വസിക്കുകയോ കളവാണെന്ന് നിഷേധിക്കുകയോ ചെയ്തുകൂടാ.