നിങ്ങളിലൊരാൾ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും ധരിക്കുകയും ചെയ്താൽ -അവൻ ഉദ്ദേശിക്കുന്നെങ്കിൽ-…

നിങ്ങളിലൊരാൾ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും ധരിക്കുകയും ചെയ്താൽ -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- അവ രണ്ടിനും മേൽ തടവുകയും, ശേഷം നിസ്കരിക്കുകയും ചെയ്യട്ടെ; ഖുഫ്ഫ രണ്ടും അവൻ ഊരേണ്ടതില്ല; ജനാബത്താണെങ്കിലൊഴികെ

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളിലൊരാൾ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും ധരിക്കുകയും ചെയ്താൽ -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- അവ രണ്ടിനും മേൽ തടവുകയും, ശേഷം നിസ്കരിക്കുകയും ചെയ്യട്ടെ; ഖുഫ്ഫ രണ്ടും അവൻ ഊരേണ്ടതില്ല; ജനാബത്താണെങ്കിലൊഴികെ."

[സ്വഹീഹ്] [ദാറഖുത്നി ഉദ്ധരിച്ചത്]

الشرح

മുസ്‌ലിമായ ഒരു വ്യക്തി വുദൂഅ് ചെയ്തതിന് ശേഷം തൻ്റെ ഖുഫ്ഫ ധരിക്കുകയും, പിന്നീട് അദ്ദേഹത്തിൻ്റെ വുദൂഅ് മുറിയുകയും, വീണ്ടും വുദൂഅ് ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്താൽ -വേണമെങ്കിൽ- അദ്ദേഹത്തിന് തൻ്റെ രണ്ട് ഖുഫ്ഫകളുടെ മേൽ തടവിയാൽ മതിയാകും. ഈ ഖുഫ്ഫകൾ ധരിച്ചു കൊണ്ട് തന്നെ അദ്ദേഹത്തിന് നിസ്കാരം നിർവ്വഹിക്കാം. നിശ്ചിത സമയത്തേക്ക് ഈ വിധി അദ്ദേഹത്തിന് ബാധകമായിരിക്കും. എന്നാൽ വലിയ അശുദ്ധി ഉണ്ടാവുകയും ജനാബത്തിൽ നിന്ന് കുളിക്കേണ്ടി വരികയും ചെയ്താൽ അദ്ദേഹം നിർബന്ധമായും തൻ്റെ ഖുഫ്ഫ ഊരേണ്ടതുണ്ട്.

فوائد الحديث

പൂർണ്ണമായ ശുദ്ധീകരണത്തിന് ശേഷം രണ്ട് ഖുഫ്ഫകളും ധരിച്ചവർക്ക് മാത്രമേ പിന്നീട് വുദൂഅ് ചെയ്യുമ്പോൾ അതിൻ്റെ മേൽ തടവാൻ അനുവാദമുള്ളൂ.

നാട്ടിൽ തന്നെ കഴിയുന്നയാൾക്ക് ഒരു പകലും രാത്രിയും ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദമുണ്ട്. യാത്രക്കാരന് മൂന്ന് പകലും രാത്രിയും തടവാം.

ചെറിയ അശുദ്ധി സംഭവിച്ചാൽ മാത്രമേ ഖുഫ്ഫകളുടെ മേൽ തടവാൻ പാടുള്ളൂ. വലിയ അശുദ്ധിക്ക് ഈ ഇളവില്ല; വലിയ അശുദ്ധിയിൽ നിന്ന് കുളിക്കുമ്പോൾ ഖുഫ്ഫകൾ രണ്ടും ഊരുകയും, കാലുകൾ കഴുകുകയും ചെയ്യുക എന്നത് നിർബന്ധമാണ്.

ഖുഫ്ഫകളും ചെരുപ്പുകളും ധരിച്ചു കൊണ്ട് നിസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്; യഹൂദരോട് എതിരാവുക എന്ന ഉദ്ദേശ്യം അതിൻ്റെ പിന്നിലുണ്ട്. എന്നാൽ ഇങ്ങനെ നിസ്കരിക്കുമ്പോൾ ഖുഫ്ഫകൾ ശുദ്ധിയുള്ളതായിരിക്കണം, ഒപ്പം നിസ്കരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നതാകരുത്, കാർപെറ്റോ മറ്റോ വിരിച്ച മസ്ജിദുകൾ പോലുള്ള സ്ഥലങ്ങളിലാകരുത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽ വെക്കേണ്ടതുണ്ട്.

രണ്ട് ഖുഫ്ഫകൾക്ക് മേൽ തടവുക എന്ന നിയമം നിശ്ചയിക്കപ്പെട്ടത് ഈ ഉമ്മത്തിനുള്ള എളുപ്പവും ലഘൂകരണവുമായിട്ടാണ്.

التصنيفات

ഖുഫ്ഫകളുടെയും മറ്റും മേൽ തടവൽ