ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം…

ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം മൊത്തത്തിൽ ബാധിക്കും

അബൂ ബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ജനങ്ങളേ! നിങ്ങൾ ഖുർആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നു: "ഈമാനുള്ളവരെ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല." എന്നാൽ നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം മൊത്തത്തിൽ ബാധിക്കും."

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത് - നസാഈ ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

الشرح

ഖുർആനിലെ ഒരു ആയത്ത് ജനങ്ങളിൽ ചിലർ പാരായണം ചെയ്തു തെറ്റായി മനസ്സിലാക്കുന്നതിനെ കുറിച്ച് ഉണർത്തുകയാണ് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിലൂടെ. "ഈമാനുള്ളവരെ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല." (മാഇദ: 105) ഒരാൾ തൻ്റെ സ്വന്തം കാര്യങ്ങൾ മാത്രം ശരിയാക്കിയാൽ മതിയാകും; അതുണ്ടെങ്കിൽ മറ്റുള്ളവർ വഴിപിഴക്കുന്നതോ മറ്റോ അവന് യാതൊരു ഉപദ്രവവും ചെയ്യില്ല; നന്മ കൽപ്പിക്കുക എന്നതോ തിന്മ വിരോധിക്കുക എന്നതോ അവരുടെ ആവശ്യമല്ല എന്നാണ് അവർ ഈ വചനത്തിൽ നിന്ന് മനസ്സിലാക്കുന്നത്. അവരെ തിരുത്തിക്കൊണ്ടും ഈ വചനത്തിൻ്റെ ഉദ്ദേശ്യം അതല്ല എന്ന് ബോധ്യപ്പെടുത്തി കൊണ്ടും നബി -ﷺ- യിൽ നിന്ന് കേട്ട ഒരു ഹദീഥ് അദ്ദേഹം വിവരിക്കുന്നു. ജനങ്ങൾ തിന്മയും അതിക്രമവും കാണുകയും, അതിക്രമിക്കുന്നവനെ തടയാനുള്ള ശക്തിയുണ്ടായിട്ടും അവർ അത് തടയാതെ വിടുകയും ചെയ്യുന്നുണ്ടെങ്കിൽ അവർക്കെല്ലാം -തിന്മ പ്രവർത്തിക്കുന്നവനെയും അതിനെ കുറിച്ച് നിശബ്ദത പാലിക്കുന്നവനെയും- ഒരു പോലെ ബാധിക്കുന്ന വിധത്തിലുള്ള ശിക്ഷ അല്ലാഹുവിൽ നിന്ന് വന്നെത്തുന്നതാണെന്ന് അവിടുന്ന് അറിയിക്കുന്നു.

فوائد الحديث

പരസ്പരം ഗുണദോഷിക്കുക എന്നതും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതും മുസ്‌ലിംകളുടെ പൊതുബാധ്യതയാണ്.

അതിക്രമം പ്രവർത്തിക്കുന്ന വ്യക്തിയെയും, അത് തടയാൻ കഴിവുണ്ടായിട്ടും തിന്മയെ എതിർക്കാതെ നിശബ്ദത പാലിക്കുന്നവനെയും ഒരു പോലെ ബാധിക്കുന്നതായിരിക്കും അല്ലാഹുവിൽ നിന്നുള്ള പൊതുവായ ശിക്ഷ.

സാധാരണക്കാർക്ക് പ്രമാണങ്ങൾ മനസ്സിലാക്കി നൽകലും, വിശുദ്ധ ഖുർആനിൻ്റെ ശരിയായ വിശദീകരണം അറിയിച്ചു നൽകലും ആവശ്യമായ കാര്യമാണ്.

അല്ലാഹുവിൻ്റെ ഗ്രന്ഥം അവൻ ഉദ്ദേശിച്ച അതേ അർത്ഥത്തിൽ മനസ്സിലാക്കാനുള്ള ബദ്ധശ്രദ്ധ

നിർബന്ധമായും ഉണ്ടാകേണ്ടതുണ്ട്.

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഉപേക്ഷിച്ചാൽ ഒരാൾ യഥാർത്ഥത്തിൽ സന്മാർഗ ജീവിതം സാക്ഷാത്കരിച്ചിട്ടില്ല.

അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- പരാമർശിച്ച ആയത്തിൻ്റെ ശരിയായ വിശദീകരണം ഇപ്രകാരമാണ്: തിന്മകളിൽ നിന്ന് സ്വശരീരങ്ങളെ

സംരക്ഷിക്കുകയെന്നത് നിങ്ങൾ മുറുകെ പിടിക്കുക; അപ്രകാരം നിങ്ങൾ സ്വന്തത്തെ സംരക്ഷിക്കുകയും, പിന്നീട് നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും സാധ്യമല്ലാത്ത ഒരു അവസ്ഥയിൽ നിങ്ങൾ എത്തിപ്പെടുകയുമാണെങ്കിൽ വഴികേടിൽ അകപ്പെട്ടവർ തിന്മകളിൽ മുഴുകുന്നത് നിങ്ങളെ ഉപദ്രവിക്കുന്നതല്ല; അവരുടെ തിന്മകൾ നിങ്ങൾ ഉപേക്ഷിക്കുന്നുണ്ട് എങ്കിൽ.

التصنيفات

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൻ്റെ വിധി