മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ…

മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ

മിഖ്ദാദ് ബ്നു മഅ്ദീ കരിബ് (رضي الله عنه) നിവേദനം ചെയ്യുന്നു: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."

[സ്വഹീഹ്] [رواه الإمام أحمد والترمذي والنسائي وابن ماجه]

الشرح

വൈദ്യശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ് നബി (ﷺ) ഈ ഹദീഥിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നത്. മനുഷ്യന് അവന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിധത്തിൽ രോഗപ്രതിരോധം കാത്തുസൂക്ഷിക്കണമെന്ന പാഠമാണത്. ഭക്ഷണം കുറയ്ക്കുന്നതിലൂടെയാണ് അവന് അത് നേടിയെടുക്കാൻ സാധിക്കുക. തൻ്റെ വിശപ്പ് മാറ്റാനും അനിവാര്യമായും ചെയ്യേണ്ട ജോലികൾ ചെയ്യാനുള്ള ശക്തി സംഭരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. മനുഷ്യർ നിറക്കുന്ന പാത്രങ്ങളിൽ വെച്ച് ഏറ്റവും മോശമായത് വയറാണ് എന്ന് നബി (ﷺ) അറിയിക്കുന്നു; കാരണം, വയറുനിറയെ ഭക്ഷണം കഴിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത അനേകം രോഗങ്ങൾ ഉടൻ തന്നെയോ കാലക്രമേണയോ ഉണ്ടാകുന്നതിനും, പ്രത്യക്ഷമോ പരോക്ഷമോ ആയ അസുഖങ്ങൾ ബാധിക്കുന്നതിനും കാരണമാകും. ശേഷം നബി (ﷺ) പറഞ്ഞു: "അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ." ഇത് ഞെരുക്കവും ദോഷവും ഉണ്ടാകാതിരിക്കാനും അതോടൊപ്പം, ഐഹികവും പാരത്രികവുമായ തനിക്ക് ഒഴിച്ചു കൂടാനാകാത്ത പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിൽ മടി പിടികൂടാതിരിക്കാനും സഹായമാകും.

فوائد الحديث

ഭക്ഷണത്തിലും പാനീയത്തിലും മിതത്വം പാലിക്കുക. ഇത് വൈദ്യശാസ്ത്രത്തിലെ എല്ലാ തത്വങ്ങളും ഉൾക്കൊള്ളുന്ന ഒരു പൊതു അടിത്തറയാണ്. കാരണം അമിതമായി ഭക്ഷണം കഴിക്കുന്നത് അനാരോഗ്യത്തിനും അസുഖങ്ങൾക്കും കാരണമാകും.

ആഹാരത്തിന്റെ ലക്ഷ്യം ആരോഗ്യവും ശക്തിയും നിലനിർത്തുക എന്നതാണ്; ഇവ രണ്ടും സുഖകരമായ ജീവിതത്തിന് അനിവാര്യമാണ്.

വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് ശാരീരികവും മതപരവുമായ ദോഷങ്ങളുണ്ട്. ഉമർ (ضي الله عنه) പറഞ്ഞു: "വയറു നിറയെ ഭക്ഷണം കഴിക്കുന്നത് സൂക്ഷിക്കുക, കാരണം അത് ശരീരത്തെ നശിപ്പിക്കുകയും നിസ്കാരത്തിൽ മടി ഉണ്ടാക്കുകയും ചെയ്യും."

ഭക്ഷണം കഴിക്കുന്നതിൻ്റെ ഇസ്‌ലാമിക വിധി സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും;

1- ഭക്ഷണം കഴിക്കുന്നത് വാജിബാകുന്ന സന്ദർഭം; ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഭക്ഷണം. ഭക്ഷണം കഴിക്കാതിരിക്കുന്നത് കൊണ്ട് ഉപദ്രവം സംഭവിക്കുമെങ്കിൽ ഭക്ഷണം കഴിക്കുക എന്നത് നിർബന്ധമാകും.

2- ജാഇസ് (അനുവദനീയം); നിർബന്ധമായ സാഹചര്യത്തിന് മുകളിൽ ഭക്ഷണം കഴിക്കുന്നത് -അത് കൊണ്ട് എന്തെങ്കിലും പ്രയാസം ഭയക്കുന്നില്ലെങ്കിൽ- അനുവദനീയം എന്ന പരിധിയിൽ ഉൾപ്പെടും.

3- മക്റൂഹ് (വെറുക്കപ്പെട്ടത്); ഇനിയും ഭക്ഷണം കഴിക്കുന്നത് കൊണ്ട് പ്രയാസമുണ്ടായേക്കാം എന്ന് ഭയപ്പെട്ടാൽ ഭക്ഷണം കഴിക്കുന്നത് വെറുക്കപ്പെട്ടതാകും.

4- ഹറാം (നിഷിദ്ധം); ഉറപ്പായും ഭക്ഷണം പ്രയാസമുണ്ടാക്കുമെന്നാണെങ്കിൽ ഇനി ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാകും.

5- മുസ്തഹബ്ബ് (അഭികാമ്യം); അല്ലാഹുവിനെ ആരാധിക്കുന്നതിനും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ ഭക്ഷണം കഴിക്കുന്നത് പുണ്യകരമാണ്.

ഇക്കാര്യങ്ങൾ മൂന്ന് പടികളിലൂടെ ഹദീസിൽ വിവരിക്കപ്പെട്ടിരിക്കുന്നു : ഒന്ന്: വയറു നിറയെ കഴിക്കുക. രണ്ട്: നട്ടെല്ല് നിവർത്താൻ പോന്ന ഏതാനും ഉരുളകൾ. മൂന്ന്: മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് ശ്വാസം കഴിക്കാനും. ഇതെല്ലാം ബാധകമാവുക കഴിക്കുന്ന ഭക്ഷണം ഹലാലാണെങ്കിൽ മാത്രമാണ്.

ഈ ഹദീസ് വൈദ്യശാസ്ത്രത്തിന്റെ അടിത്തറകളിൽ പെട്ടതാണ്. വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനം മൂന്ന് തത്വങ്ങളിലാണ്: ശാരീരിക ശക്തി നിലനിർത്തുക, അസുഖങ്ങളെ പ്രതിരോധിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക. ഇതിൽ ആദ്യത്തെ രണ്ട് തത്വങ്ങൾ ഈ ഹദീഥ് ഉൾക്കൊള്ളുന്നുണ്ട്. അല്ലാഹു പറയുന്നു: "നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, എന്നാൽ നിങ്ങൾ അമിതമാക്കരുത്. തീർച്ചയായും അവൻ അമിതവ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ല." (അഅ്റാഫ്: 31)

ഈ ശരീഅത്തിന്റെ (ഇസ്‌ലാമിക വിധിവിലക്കുകളുടെ) പൂർണ്ണത ഹദീഥിൽ നിന്ന് വ്യക്തമാകുന്നു. കാരണം മനുഷ്യന്റെ മതപരവും ഭൗതികവുമായ എല്ലാ നന്മകളെയും ഉൾക്കൊള്ളുന്നതാണ് ഇസ്‌ലാമിക വിധിവിലക്കുകൾ.

ശരീഅത്തിന്റെ വിജ്ഞാനങ്ങളിൽ പെട്ടതാണ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളും അതിന്റെ ചില ഭാഗങ്ങളും. തേനിനെയും കരിഞ്ചീരകത്തിനെയും സംബന്ധിച്ചു വന്ന അധ്യാപനങ്ങൾ

അതിന് ഉദാഹരണമാണ്.

ശരീഅത്തിന്റെ നിയമങ്ങൾ കൃത്യമായ യുക്തിയോടെയുള്ളതാണ്. ദോഷങ്ങൾ തടയുകയും നന്മകൾ കരസ്ഥമാക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം.

التصنيفات

ദേഹേഛക്കും തന്നിഷ്ടത്തിനുമുള്ള ആക്ഷേപങ്ങൾ