മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക

മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക

ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സംരക്ഷണയിൽ വളർന്ന കുട്ടിയായിരുന്നു ഞാൻ. (ഭക്ഷണം കഴിക്കുമ്പോൾ) എൻ്റെ കൈകൾ ഭക്ഷണത്തളികയിൽ പരന്നു നടക്കാറുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- എന്നോട് പറയുകയുണ്ടായി: "മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക." പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ പത്നിയായ ഉമ്മുസലമഃയുടെ മകനായിരുന്നു ഉമർ ബ്നു അബീ സലമഃ. നബി -ﷺ- യുടെ പരിചരണത്തിലും മേൽനോട്ടത്തിലുമായിരുന്നു അദ്ദേഹം ചെറുപ്പത്തിൽ വളർന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ തൻ്റെ കൈ തളികയുടെ വശങ്ങളിലെല്ലാം ചെന്നെത്തുമായിരുന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിന് ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മൂന്ന് മര്യാദകൾ പഠിപ്പിച്ചു കൊടുത്തു. ഒന്ന്: ഭക്ഷണം കഴിക്കുന്നതിൻ്റെ ആരംഭത്തിൽ 'ബിസ്മില്ലാഹ്' എന്നു പറയണം. രണ്ട്: വലതു കൈ കൊണ്ട് ഭക്ഷിക്കണം. മൂന്ന്: തന്നോട് അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കണം.

فوائد الحديث

ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോഴുള്ള മര്യാദകളിൽ പെട്ടതാണ് തുടക്കത്തിൽ ബിസ്മി ചൊല്ലുക എന്നത്.

കുട്ടികൾക്ക് അദബുകൾ പഠിപ്പിച്ചു കൊടുക്കണം. പ്രത്യേകിച്ചും തൻ്റെ കീഴിൽ വളരുന്ന കുട്ടികൾക്ക്.

നബി -ﷺ- യുടെ സൗമ്യതയും, വിശാലമനസ്സും നോക്കൂ; ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിലും അവർക്ക് മര്യാദകൾ പകർന്നു നൽകുന്നതിലും അവിടുന്ന് സ്വീകരിച്ച രീതിയിൽ നിന്ന് അത് വ്യക്തമാണ്.

ഭക്ഷണമര്യാദകളിൽ പെട്ടതാണ് ഒരാൾ തൻ്റെ അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത്. എന്നാൽ പാത്രത്തിൽ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ അവന് ഉദ്ദേശിക്കുന്നത് എടുക്കാവുന്നതാണ്.

നബി -ﷺ- പഠിപ്പിച്ചു നൽകിയ മര്യാദകൾ പിൻപറ്റുന്നതിൽ സ്വഹാബികളുടെ ശ്രദ്ധ നോക്കുക. ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- വിൻ്റെ വാക്ക് നോക്കൂ: "പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി."

التصنيفات

ഭക്ഷണം കഴിക്കുന്നതിൻ്റെയും പാനീയങ്ങൾ കുടിക്കുന്നതിൻ്റെയും മര്യാദകൾ