അനന്തരസ്വത്തിലെ നിശ്ചിത ഓഹരികൾ അതിന് അർഹതപ്പെട്ടവരിലേക്ക് ചേർക്കുക; അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത…

അനന്തരസ്വത്തിലെ നിശ്ചിത ഓഹരികൾ അതിന് അർഹതപ്പെട്ടവരിലേക്ക് ചേർക്കുക; അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത പുരുഷന് അവകാശപ്പെട്ടതാണ്

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അനന്തരസ്വത്തിലെ നിശ്ചിത ഓഹരികൾ അതിന് അർഹതപ്പെട്ടവരിലേക്ക് ചേർക്കുക; അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത പുരുഷന് അവകാശപ്പെട്ടതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അനന്തരസ്വത്ത് ഭാഗിക്കുമ്പോൾ, അല്ലാഹു നിശ്ചയിച്ച നിയമങ്ങൾക്ക് യോജിച്ചു കൊണ്ട്, ശരീഅത്ത് അനുസരിച്ചുള്ള നീതിയുക്തമായ ഓഹരി വെപ്പ് പ്രകാരം, അതിൻ്റെ അവകാശികൾക്ക് സ്വത്ത് വീതിച്ചു നൽകാൻ നബി (ﷺ) കൽപ്പിച്ചിരിക്കുന്നു.അങ്ങനെ, ഖുർആനിൽ നിർണയിക്കപ്പെട്ട ഓഹരിയുള്ളവർക്ക് (അഥവാ, മൂന്നിൽ രണ്ട്, മൂന്നിൽ ഒന്ന്, ആറിൽ ഒന്ന്, പകുതി, നാലിൽ ഒന്ന്, എട്ടിൽ ഒന്ന് എന്നീ ഓഹരിയുള്ളവർക്ക്) അവരുടെ ഓഹരികൾ നൽകുക. അതിനുശേഷം ബാക്കിയുള്ളത്, മരിച്ച വ്യക്തിയോട് ഏറ്റവും അടുത്ത പുരുഷന് നൽകണം. ഇവരെയാണ് 'അസബ' (സ്വന്തം നിലയിൽ അനന്തരാവകാശമുള്ളവർ) എന്ന് വിളിക്കുന്നത്.

فوائد الحديث

അനന്തരാവകാശം ഭാഗിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാന നിയമമാണ് ഈ ഹദീഥിലുള്ളത്.

നിശ്ചിതമായ ഓഹരി പ്രത്യേകം പറയപ്പെട്ടവർക്ക് നൽകിക്കൊണ്ടാണ് അനന്തരസ്വത്തിൻ്റെ വീതംവെപ്പ് തുടങ്ങേണ്ടത്.

നിർബന്ധ ഓഹരികൾ നൽകിക്കഴിഞ്ഞ ശേഷം ബാക്കിയുള്ളത് 'അസബ'ക്ക് അവകാശപ്പെട്ടതാണ്.

അസ്വബത്തിൻ്റെ ഭാഗമായി സ്വത്ത് നൽകുമ്പോൾ ഏറ്റവും അടുത്ത കുടുംബബന്ധമുള്ളവർക്കാണ് മുൻഗണന നൽകേണ്ടത്. അതിനാൽ, പിതാവിനെപ്പോലെയുള്ള അടുത്ത ബന്ധുക്കൾ ഉണ്ടായിരിക്കെ, പിതൃസഹോദരനെപ്പോലെയുള്ള വിദൂരബന്ധുവിന് അനന്തരാവകാശം ലഭിക്കുകയില്ല.

നിർബന്ധ ഓഹരികൾ നൽകിക്കഴിയുമ്പോൾ സ്വത്തിൽ ഒന്നും ബാക്കിയില്ലെങ്കിൽ (അഥവാ, വീതംവെപ്പിൽ മൊത്തം സ്വത്തും ഉൾപ്പെട്ടാൽ) അസബക്ക് ഒന്നും ലഭിക്കുന്നതല്ല.

التصنيفات

അനന്തരാവകാശികൾ